‘പിണറായി വിജയൻ സിപിഐഎമ്മിന്റെ ക്യാപ്റ്റൻ ആണെങ്കിലും ഇപ്പോൾ ബിജെപിയുടെ ക്യാപ്റ്റനാണ്’; കെ സി വേണുഗോപാൽ

മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണു​ഗോപാൽ.ഡീൽ മുഖ്യമന്ത്രിയുടെ വാക്കുകളിൽ വ്യക്തമാണ്. ബിജെപിയുടെ ക്വട്ടേഷൻ ഏറ്റെടുത്തിരിക്കുകയാണ് പിണറായി വിജയൻ. സിപിഐഎമ്മിന്റെ ക്യാപ്റ്റൻ ആണെങ്കിലും ഇപ്പോൾ ബിജെപിയുടെ ക്യാപ്റ്റനാണ്. പിണറായിയുടെ നാക്ക് ബിജെപിക്ക് വാടകയ്ക്ക് കൊടുത്തിരിക്കുന്നു.

രാഹുൽ ഗാന്ധിയെ ആക്രമിക്കുന്നത് ബിജെപിയാണ് അതേ ക്വട്ടേഷൻ ആണ് പിണറായിയും നടത്തുന്നത്. ഡീൽ ഇല്ലാതെ ഒരിഞ്ചുപോലും മുഖ്യമന്ത്രിക്ക് മുന്നോട്ടു പോകാൻ കഴിയില്ല. ബന്ധുക്കളെയും മക്കളെയും രക്ഷിക്കാൻ വേണ്ടി മോദിയുടെ മുന്നിൽ സ്രാഷ്ടാംഗം വീണ ആളാണ് മുഖ്യമന്ത്രി.പാർട്ടി താൽപര്യങ്ങളല്ല, മുഖ്യമന്ത്രിക്ക് പ്രശ്നം സ്വന്തം താൽപര്യങ്ങളാണ്. അതുകൊണ്ടാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ നിന്നും ഇത്രയേറെ ഉരുൾപൊട്ടലുകൾ ഉണ്ടാക്കുന്നതെന്നും അദേഹം കൂട്ടിച്ചേർത്തു.

ജി സുധാകരനെതിരായ മുഖ്യമന്ത്രി പിണറായി വിജയൻ്റെ പരാമർശത്തിലും കെ സി വേണു​ഗോപാൽ പ്രതികരിച്ചു. മുഖ്യമന്ത്രി ജി സുധാകരനെ കുറിച്ച് പറഞ്ഞതുപോലെ തനിക്ക് പറയാൻ പറ്റില്ലെന്നും മുഖ്യമന്ത്രിക്കാണ് ആ ഭാഷ പരിചയം ഉള്ളതെന്നും കെ സി വേണുഗോപാൽ പറഞ്ഞു. അതേസമയം യുഡിഎഫ് തരംഗം കേരളത്തിൽ ആഞ്ഞടിക്കുകയാണെന്നും പത്തനംതിട്ടയിൽ 5 സീറ്റിലും യുഡിഎഫ് വിജയം നേടുമെന്നും കെ സി വേണു​ഗോപാൽ കൂട്ടിച്ചേർത്തു.

Be the first to comment

Leave a Reply

Your email address will not be published.


*