സംസ്ഥാനത്തെ കടുത്ത ചൂടിന് ശമനമായി രണ്ടു ദിവസത്തിനുള്ളിൽ മഴയെത്തും

കാസർകോട്: സംസ്ഥാനത്തെ കടുത്ത ചൂടിന് ശമനമായി രണ്ടു ദിവസത്തിനുള്ളിൽ മഴയെത്തും. ന്യൂനമർദ പാത്തി രൂപപ്പെടുന്നതിൻ്റെ ഫലമായി കേരളത്തിലെ എല്ലാ ജില്ലകളിലും 27, 28 തീയതികളിൽ വ്യാപക മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ഒറ്റപ്പെട്ട മഴ ലഭിച്ചെങ്കിലും വരും ദിവസങ്ങളിൽ സംസ്ഥാനമൊട്ടാകെ മഴ ലഭിക്കും.

മഴയ്ക്ക് മുമ്പ് രണ്ടു ദിവസം സംസ്ഥാനത്ത് താപനില ഉയരും. ഇന്നലെ പുനലൂരിലാണ് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത് (38 ഡിഗ്രി സെൽഷ്യസ്). പാലക്കാട് താപനില 37 ഡിഗ്രി സെൽഷ്യസായി ഉയർന്നു. ചൂട് വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

പാലക്കാട്, കൊല്ലം ജില്ലകളിൽ താപനില 38 ഡിഗ്രി സെൽഷ്യസ് വരെ ഉയരും. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂർ, എറണാകുളം എന്നിവിടങ്ങളിൽ 37 ഡിഗ്രി സെൽഷ്യസും തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസും താപനില രേഖപ്പെടുത്താനാണ് സാധ്യത.

സാധാരണയേക്കാൾ രണ്ടു മുതൽ മൂന്നു ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരും. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം മലയോര മേഖലകളിലൊഴികെ 2026 മാർച്ച് 26 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥ തുടരും. ഈ സാഹചര്യത്തിൽ സൂര്യാഘാതം, സൂര്യതാപം, നിർജലീകരണം എന്നിവ ഒഴിവാക്കാൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങൾക്കായി ജാഗ്രത നിർദേശങ്ങൾ പുറപ്പെടുവിച്ചു.

ജാഗ്രത നിർദേശങ്ങൾ

രാവിലെ 11 മുതൽ വൈകിട്ട് മൂന്നുവരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക. ദാഹമില്ലെങ്കിലും ധാരാളം ശുദ്ധജലം കുടിക്കുക. നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് പാനീയങ്ങൾ എന്നിവ പകൽ ഒഴിവാക്കണം. അയഞ്ഞതും ഇളം നിറത്തിലുള്ളതുമായ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക. പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുകയും കുടയോ തൊപ്പിയോ ഉപയോഗിക്കുകയും വേണം. പഴങ്ങൾ, പച്ചക്കറികൾ, ഒആർഎസ് ലായനി, സംഭാരം എന്നിവ കൂടുതലായി ഉപയോഗിക്കുക.

തീപിടിത്തം, കാട്ടുതീ മുന്നറിയിപ്പ്

മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ തീപിടിത്തത്തിന് സാധ്യതയുള്ളതിനാൽ ഫയർ ഓഡിറ്റ് നടത്തി സുരക്ഷാ മുൻകരുതൽ സ്വീകരിക്കണം. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും കാട്ടുതീ ഒഴിവാക്കാൻ വനം വകുപ്പിൻ്റെ നിർദേശങ്ങൾ കർശനമായി പാലിക്കുക.

കുട്ടികൾക്കും മുതിർന്നവർക്കും കരുതൽ

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കുടിവെള്ളവും വായുസഞ്ചാരവും ഉറപ്പാക്കണം. പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പുവരുത്തുക. 11 മുതൽ മൂന്നുവരെ കുട്ടികൾക്ക് വെയിലേൽക്കുന്ന അസംബ്ലികൾ, വിനോദയാത്രകൾ, മറ്റു പരിപാടികൾ എന്നിവ ഒഴിവാക്കുകയോ സമയം ക്രമീകരിക്കുകയോ വേണം. അങ്കണവാടി കുട്ടികൾക്കും വെയിലേൽക്കാത്ത സംവിധാനമൊരുക്കാൻ അധികൃതർ ശ്രദ്ധിക്കണം. കിടപ്പ് രോഗികൾ, പ്രായമായവർ, ഗർഭിണികൾ, ഭിന്നശേഷിക്കാർ എന്നിവർ 11 മുതൽ മൂന്നുവരെ നേരിട്ട് വെയിലേൽക്കുന്നത് ഒഴിവാക്കണം. കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ പാർക്ക് ചെയ്‌ത വാഹനങ്ങളിൽ ഇരുത്തി പോകരുത്.

ജോലിക്കാർ ശ്രദ്ധിക്കാൻ

നിർമാണത്തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ എന്നിവർ ജോലി സമയം ക്രമീകരിക്കുകയും ആവശ്യമായ വിശ്രമം ഉറപ്പാക്കുകയും വേണം. ഇരുചക്ര വാഹനങ്ങളിൽ ഭക്ഷണ വിതരണം നടത്തുന്നവർ 11 മുതൽ മൂന്നുവരെ സുരക്ഷിതരാണെന്ന് സ്ഥാപനങ്ങൾ ഉറപ്പുവരുത്തണം. ചൂട് ഏൽക്കാത്ത വസ്ത്രധാരണവും വിശ്രമവും ഇവർക്ക് നൽകണം. മാധ്യമ പ്രവർത്തകരും പൊലീസ് ഉദ്യോഗസ്ഥരും കുടകൾ ഉപയോഗിക്കുകയും നിർജലീകരണം തടയാൻ കുടിവെള്ളം കുടിക്കുകയും വേണം.

പൊതുപരിപാടികൾക്കും യാത്രകൾക്കും

പൊതുപരിപാടികൾ 11 മുതൽ മൂന്നുവരെ കഴിവതും ഒഴിവാക്കുക. പരിപാടികളിൽ പങ്കെടുക്കുന്നവർക്ക് കുടിവെള്ളവും തണലും ഉറപ്പാക്കണം. യാത്രക്കാർ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുകയും വെള്ളം കരുതുകയും വേണം. ഉച്ചവെയിലിൽ വളർത്തുമൃഗങ്ങളെ മേയാൻ വിടുന്നതും വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കി അവയ്ക്ക് ജല ലഭ്യത ഉറപ്പാക്കുക. ജലം പാഴാക്കാതെ ഉപയോഗിക്കാനും മഴ ലഭിക്കുമ്പോൾ സംഭരിക്കാനും ശ്രദ്ധിക്കണം. അസ്വസ്ഥതകളുണ്ടായാൽ ഉടൻ വൈദ്യസഹായം തേടുകയും കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പുകൾ പാലിക്കുകയും വേണം.

Be the first to comment

Leave a Reply

Your email address will not be published.


*