നേമം എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനെതിരെ കോടതിയെ സമീപിക്കാൻ ഒരുങ്ങി കോൺഗ്രസും സിപിഐഎമ്മും. നാമനിർദ്ദേശപത്രിയിൽ സ്വത്ത് വിവരം നൽകിയില്ല എന്ന് കോൺഗ്രസ് ആരോപണം ഉയർത്തിയെങ്കിലും പത്രിക വരണാധികാരി സ്വീകരിച്ചു. തുടർന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷനേയും കോടതിയെയും സമീപിക്കാൻ ഇരുമുന്നണികളും തയ്യാറെടുക്കുന്നത്. സൂക്ഷ്മ പരിശോധനയിൽ സിപിഐഎം മൗനം പാലിച്ചെന്ന് യുഡിഎഫ് സ്ഥാനാർഥി കെ എസ് ശബരീനാഥൻ ആരോപിച്ചു
നാമനിർദേശ പത്രികയുടെ സൂക്ഷ്മ പരിശോധനാ വേളയിലാണ് ശബരീനാഥ് ആരോപണം ഉയർത്തിയത്. രാജീവ് ചന്ദ്രശേഖറിന്റെ സത്യവാങ്മൂലത്തിൽ കർണാടകയിലെ 200 കോടിയോളം രൂപ വിലമതിക്കുന്ന സ്വത്ത് സംബന്ധിച്ച വിവരം ഉൾപ്പെടുത്തിയില്ലെന്നായിരുന്നു ആക്ഷേപം. പത്രിക പരിശോധിച്ച് മാറ്റിവെച്ചെങ്കിലും പിന്നീട് വരണാധികാരി പത്രിക സ്വീകരിച്ചു. രാജീവ് ചന്ദ്രശേഖറിനെതിരെ പരാതി നൽകാൻ എൽഡിഎഫ് തയ്യാറായില്ലെന്നാണ് ശബരിനാഥന്റെ ആരോപണം.
സൂക്ഷ്മ പരിശോധന നടത്തുന്ന തൊഴിൽ ഭവനിൽ എത്തിയ എൽഡിഎഫ് സ്ഥാനാർഥി വി ശിവൻകുട്ടിയും രാജീവ് ചന്ദ്രശേഖരനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് അറിയിച്ചു. എന്നാൽ ആരോപണം രാഷ്ട്രീയപ്രേരിതം മാത്രമാണ്ന്നായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ മറുപടി.ശക്തമായ രാഷ്ട്രീയ പോരാട്ടം നടക്കുന്ന നേമത്ത് നാമനിർദ്ദേശപത്രികയുടെ പേരിൽ പുതിയൊരു വിവാദത്തിന് കൂടി തിരികൊളുത്തിയിരിക്കുകയാണ്.



Be the first to comment