പശ്ചിമേഷ്യയിലെ സംഘര്‍ഷം; നരേന്ദ്ര മോദിയുമായി ഫോണില്‍ ചര്‍ച്ച നടത്തി ഡോണള്‍ഡ് ട്രംപ്

പശ്ചിമേഷ്യയിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമമോദിയുമായി ഫോണില്‍ ചര്‍ച്ച നടത്തി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഹോര്‍മോസ് കടലിടുക്ക് തുറക്കുന്നതിനെ കുറിച്ച് ഇരുനേതാക്കളും ചര്‍ച്ച ചെയ്തു. ഇന്ത്യയിലെ അമേരിക്കന്‍ അംബാസിഡര്‍ ആണ് ഇക്കാര്യം അറിയിച്ചത്.

അതേസമയം, പശ്ചിമേഷ്യയില്‍ എത്രയും വേഗം സമാധാനം പുനസ്ഥാപിക്കാനാണ് ഇന്ത്യയുടെ ശ്രമമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യസഭയില്‍ പറഞ്ഞു. രാജ്യത്ത് 53 ലക്ഷം മെട്രിക് ടണ്ണില്‍ അധികം കരുതല്‍ ഇന്ധനം ഉണ്ട്. കരിഞ്ചന്ത തടയാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ കര്‍ശന നടപടിയെടുക്കണം. സംഘര്‍ഷം ഒഴിവാക്കാന്‍ ഇന്ത്യ നയതന്ത്ര ഇടപെടല്‍ നടത്തുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

എന്നാല്‍, രാജ്യത്ത് നടപ്പാക്കുന്നത് പ്രധാനമന്ത്രിയുടെ വ്യക്തിഗത വിദേശനയമെന്നും അമേരിക്ക പറയുന്നതാണ് ചെയ്യുന്നതെന്നും ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.

ഇറാനിലെ ഉന്നത നേതാവുമായി സംസാരിച്ചുവെന്നും ചര്‍ച്ചകളില്‍ പുരോഗതിയുണ്ടെന്നും അടുത്ത അഞ്ചു ദിവസത്തേക്ക് വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്നുവെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഏകപക്ഷീയമായി പ്രഖ്യാപിച്ചത് ഇന്നലെയാണ്. എന്നാല്‍, ഇറാന്‍ ട്രംപിന്റെ പരാമര്‍ശങ്ങള്‍ തള്ളിക്കളഞ്ഞു. ഇറാനിലെ നേതാവുമായി ട്രംപ് ചര്‍ച്ച നടത്തിയെങ്കില്‍ ആ നേതാവിന്റെ പേര് ട്രംപ് വെളിപ്പെടുത്തണമെന്ന് ഇറാന്‍ ഡെപ്യൂട്ടി സ്പീക്കര്‍ അലി നിക്സാദ് ആവശ്യപ്പെട്ടു.

അതിനിടെ ട്രംപ് ചര്‍ച്ച നടത്തിയത് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഗാലിബഫുമായിട്ടാണെന്ന് അഭ്യൂഹം പരന്നു. എന്നാല്‍ അഭ്യൂഹം നിഷേധിച്ച ഗാലിബഫ് പരമോന്നത നേതാവ് മുജ്തബ ഖമനയിക്കു പിന്നില്‍ ഉറച്ചുനില്‍ക്കുമെന്നും ലക്ഷ്യം നേടുന്നതുവരെ പോരാട്ടം തുടരുമെന്നും സമൂഹമാധ്യമത്തില്‍ വ്യക്തമാക്കി.

അതിനിടെ, യുദ്ധത്തിന് സാവകാശം തേടാനാണ് ട്രംപിന്റെ വെടിനിര്‍ത്തല്‍ പ്രഖ്യാപനമെന്ന് ദ വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. കൂടുതല്‍ യു എസ് മറീനുകളും യു എസ് എസ് ട്രിപ്പോളിയെന്ന പടക്കപ്പലും വെള്ളിയാഴ്ചയോടെ പശ്ചിമേഷ്യന്‍ തീരത്ത് എത്തുമെന്നും അതുവരെയുള്ള സാവകാശമാണ് ട്രംപ് നേടിയെടുക്കുന്നതെന്നുമാണ് ജേണല്‍ പറയുന്നത്.

ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതു വരെ ഇറാന്‍- അമേരിക്ക ചര്‍ച്ച സംബന്ധിച്ച വാര്‍ത്തകള്‍ അന്തിമമായി കണക്കാക്കരുതെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. അതിനിടെ തെക്കന്‍ ലെബനോണ്‍ പിടിച്ചെടുക്കാന്‍ ഇസ്രയേല്‍ ധനമന്ത്രി ബെസലേല്‍ സ്മോട്രിച്ച് ആഹ്വാനം ചെയ്തു. ലിതാനി നദി ഇസ്രയേലിന്റെ പുതിയ അതിര്‍ത്തിയാക്കണമെന്നാണ് സ്മോട്രിച്ചിന്റെ ആവശ്യം. വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിനുശേഷവും ഇറാനിലെ ടെഹ്റാനിലും ടാബ്രിസിലും ഇസ്ഫഹാനിലും ഖര്‍ജിലും ആക്രമണം തുടരുകയാണ്.

Be the first to comment

Leave a Reply

Your email address will not be published.


*