ബാക്കി വന്ന മന്തി ചൂടാക്കി കഴിക്കാറുണ്ടോ? ഈ അബദ്ധം ഒഴിവാക്കണം

മിഡിൽ ഈസ്റ്റിൽ നിന്ന് കടലു കടന്ന് കേരളത്തിലെത്തിയ മന്തിക്ക് ആരാധകർ ഏറെയാണ്. ഒറ്റയിരിപ്പിൽ കഴിച്ചു തീർക്കാൻ കഴിയാത്തതു കൊണ്ട് തന്നെ, പലപ്പോഴും നല്ലൊരു ഭാ​ഗം ബാക്കിയുണ്ടാവും. ബാക്കി വരുന്ന മന്തി കുറച്ചു കഴിഞ്ഞു കഴിക്കാമെന്ന് പറഞ്ഞു നീക്കി വെയ്ക്കുന്ന ശീലം മിക്കവാറും ആളുകളിൽ ഉണ്ടാകും. എന്നാൽ ഈ ശീലം ആരോ​ഗ്യകരമാണോ?

അരിയും ചിക്കനുമാണ് മന്തിയുടെ പ്രധാന ചേരുവകൾ. മന്തി റൈസ് സാധാരണ താപനിലയിൽ അധിക നേരം സൂക്ഷിക്കുന്നത് ബാക്ടീരിയ വളർച്ചയ്ക്ക് കാരണമാകും. പ്രത്യേകിച്ച്, ബാസില്ലസ് സെരിയസ് (Bacillus cereus) പോലുള്ള ബാക്ടീരിയകൾ. ഇത് ഭക്ഷ്യവിഷബാധ പോലുള്ള ആരോ​ഗ്യ സങ്കീർണതകളിലേക്ക് നയിക്കാം. ഇത് പിന്നീട് ചൂടാക്കിയാലും നശിക്കില്ല.

ബാക്കി വന്ന മന്തി എങ്ങനെ സൂക്ഷിക്കണം

അധികസമയം പുറത്തു വയ്ക്കാതെ, പാകം ചെയ്ത് രണ്ട് മണിക്കൂറിനുള്ളിൽ മന്തി ഫ്രിഡ്ജിൽ കയറ്റണം. ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് ബാക്ടീരിയയുടെ വളർച്ച കുറയ്ക്കാൻ സഹായിക്കും. പിന്നീട് കഴിക്കുന്നതിന് മുൻപ് നല്ലതു പോലെ ചൂടാക്കുകയും വേണം. ചൂടാക്കുമ്പോൾ റൈസും ചിക്കനും ഒരുപോലെ ചൂടാകുന്നുണ്ടെന്ന് ഉറപ്പാക്കണം.

ഭക്ഷണം വീണ്ടും ചൂടാക്കി കഴിക്കുന്നത് പരിമിതപ്പെടുത്തുന്നതാണ് ഏറ്റവും നല്ലത്. എന്നാൽ മന്തി ബാക്കി വരുന്നത് ഇത്തരത്തിൽ ഫ്രിഡ്ജിൽ സൂക്ഷിക്കുകയും കഴിക്കുന്നതിന് മുൻപ് നന്നായി ചൂടാക്കുകയും ചെയ്താൽ വലിയ പ്രശ്നമുണ്ടാകില്ല. എന്നാൽ ഏറെ നേരം പുറത്തുവെച്ച മന്തി വീണ്ടും ചൂടാക്കി കഴിക്കുന്നത് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാമെന്നത് മറക്കരുത്. മന്തിക്കൊപ്പം കിട്ടുന്ന മയോണൈസ് ഒരിക്കലും പിന്നീട് ഉപയോഗിക്കരുത്. ഇത് പെട്ടെന്ന് കേടാകുന്ന ഒന്നായതിനാൽ ഫ്രഷ് ആയി മാത്രം ഉപയോഗിക്കുക.

Be the first to comment

Leave a Reply

Your email address will not be published.


*