തെരഞ്ഞെടുപ്പ് പ്രചരണ പ്രസംഗത്തിനിടെ പ്രവര്‍ത്തകരെ ശാസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടുക്കി വണ്ടിപ്പെരിയാര്‍ മിനി സ്റ്റേഡിയത്തില്‍ പ്രസംഗിക്കുന്നതിനിടെ പ്രവര്‍ത്തകര്‍ ആര്‍പ്പ് വിളിച്ചതാണ് മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചത്. ശബ്ദം നിയന്ത്രണാതീതമായതോടെ, കൂടുതല്‍ ഒച്ചവെച്ചാല്‍ പ്രസംഗം നിര്‍ത്തുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്.
ജില്ലയിലെ ഭൂപ്രശ്നം ശാശ്വതമായി പരിഹരിച്ചു, ഭൂമി തരം മാറ്റുന്നതിന് പ്രത്യേക ഫീസ് ഈടാക്കേണ്ട എന്ന് സര്‍ക്കാര്‍ തീരുമാനിച്ചു, കേരളം അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി, ലോകം അത്ഭുതത്തോടെ കേട്ടു ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ മുഖ്യമന്ത്രി പ്രസംഗത്തില്‍ ഉന്നയിച്ചപ്പോഴാണ് അണികള്‍ ആവേശഭരിതരായത്.
ഉച്ചത്തില്‍ കൈയടിക്കുകയും ആര്‍പ്പുവിളിക്കുകയും ചെയ്തു. ഇതോടെയാണ് പ്രസംഗം നിര്‍ത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞത്, പിന്നാലെ സദസ്സ് നിശബ്ദമായി. കഴിഞ്ഞദിവസം പൊതുയോഗത്തില്‍ ചോദ്യം ചോദിക്കാന്‍ മുതിര്‍ന്ന സ്വന്തം പാര്‍ട്ടിക്കാരനോട് ‘വീട്ടില്‍ പോയി ചോദിച്ചാല്‍ മതി’ എന്ന് മുഖ്യമന്ത്രി മറുപടി നല്‍കിയത് വലിയ വിമര്‍ശനത്തിനിടയാക്കിയിരുന്നു.



Be the first to comment