ഇന്ത്യന്‍ ലൈസന്‍സ് ഉപയോഗിച്ച് 20 രാജ്യങ്ങളില്‍ വാഹനം ഓടിക്കാം; അറിയാം പട്ടിക

ടൂറിന്റെ ഭാഗമായി വിദേശത്ത് പോകാന്‍ ആഗ്രഹിക്കാത്തവര്‍ ചുരുക്കമായിരിക്കും. വിദേശത്ത് പോയി വാഹനം ഓടിക്കാന്‍ സാധിച്ചാലോ? വാഹനം ഓടിക്കുന്നവരെ സംബന്ധിച്ച് ഇതും ഏറെ സന്തോഷം പകരുന്നതാണ്. ഇങ്ങനെ ഇന്ത്യയില്‍ നിന്ന് യാത്ര പോകുന്നവര്‍ക്ക് ഏതൊക്കെ രാജ്യങ്ങളില്‍ ഇവിടത്തെ ഡ്രൈവിങ് ലൈസന്‍സ് ഉപയോഗിച്ച് വാഹനമോടിക്കാന്‍ സാധിക്കും എന്ന് അറിയാമോ? അത്തരത്തില്‍ ഇവിടത്തെ ഡ്രൈവിങ് ലൈസന്‍സ് അംഗീകരിച്ചിട്ടുള്ള രാജ്യങ്ങളുടെ പട്ടിക അറിയാം.

ഓസ്ട്രേലിയ

നോര്‍ത്തേണ്‍ ടെറിട്ടറി, ന്യൂ സൗത്ത് വെയില്‍സ്, വിക്ടോറിയ എന്നിവ ഒഴികെയുള്ള രാജ്യത്തുടനീളമുള്ള എല്ലാ പ്രദേശങ്ങളിലും ഇന്ത്യയില്‍ നിന്നുള്ള ഡ്രൈവിങ് ലൈസന്‍സ് ഉപയോഗിച്ച് വാഹനമോടിക്കാന്‍ സാധിക്കും

ഫിന്‍ലാന്‍ഡ്

ഇന്ത്യന്‍ ഡ്രൈവിംഗ് ലൈസന്‍സ് ഉപയോഗിച്ച് ഫിന്‍ലാന്‍ഡ് ഒരു വര്‍ഷം വരെ വാഹനമോടിക്കാന്‍ അനുവദിക്കുന്നു. അന്താരാഷ്ട്ര ഡ്രൈവിംഗ് പെര്‍മിറ്റും ആവശ്യമാണ്.

ഇറ്റലി

ഇറ്റലിയില്‍, ഇന്ത്യന്‍ ലൈസന്‍സില്‍ രണ്ട് വര്‍ഷം വരെ അന്താരാഷ്ട്ര ഡ്രൈവിംഗ് പെര്‍മിറ്റ് സഹിതം വാഹനമോടിക്കാന്‍ അനുവാദമുണ്ട്.

നേപ്പാള്‍

ഇന്ത്യന്‍ ലൈസന്‍സുള്ള ഡ്രൈവര്‍മാര്‍ക്ക് നേപ്പാളില്‍ വാഹനമോടിക്കാന്‍ അനുവാദമുണ്ട്. പരമാവധി ഒരു മാസത്തേക്ക് ലഭ്യമായ ഒരു പെര്‍മിറ്റ് മാത്രം നേടിയാല്‍ സ്വന്തമായി വാഹനം പോലും എടുക്കാം.

ഭൂട്ടാന്‍

ഇന്ത്യന്‍ ലൈസന്‍സുള്ള ഡ്രൈവര്‍മാര്‍ക്ക് സ്വന്തം വാഹനങ്ങളുമായി ഒരു വര്‍ഷം വരെ ഭൂട്ടാനില്‍ വാഹനമോടിക്കാന്‍ അനുവാദമുണ്ട്. വാഹന രേഖകള്‍, അവരുടെ ചെക്ക് പോസ്റ്റ് മാനേജ്മെന്റ് സിസ്റ്റത്തില്‍ രജിസ്‌ട്രേഷന്‍ എന്നിവയുള്‍പ്പെടെ എല്ലാ രേഖകളും ഉണ്ടാവണം. കൂടാതെ 4,500 രൂപ പേയ്മെന്റായി നല്‍കേണ്ടതുണ്ട്. അപകടകരമായ പര്‍വതനിരകള്‍ കാരണം ഭൂട്ടാനില്‍ ഒരു പ്രാദേശിക ഗൈഡോ ലൈസന്‍സുള്ള ഡ്രൈവറോ ഇല്ലാതെ ഭൂട്ടാനില്‍ ഒരു കാര്‍ വാടകയ്ക്കെടുക്കുന്നത് നിരോധിച്ചിരിക്കുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്.

കാനഡ

കാനഡയില്‍ ഏത് പ്രവിശ്യയിലാണെന്നതിനെ ആശ്രയിച്ചിരിക്കുന്നു ഡ്രൈവിങ്. ഉദാഹരണത്തിന്, ഒന്റാറിയോയില്‍, താമസം മൂന്ന് മാസത്തില്‍ കുറവാണെങ്കില്‍, സ്വന്തം ലൈസന്‍സല്ലാതെ മറ്റ് രേഖകളൊന്നും ആവശ്യമില്ല. എന്നാല്‍ അതില്‍ കൂടുതല്‍ മാസം അവിടെ നില്‍ക്കാന്‍ പ്ലാനുണ്ടെങ്കില്‍ ഒരു അന്താരാഷ്ട്ര ഡ്രൈവിംഗ് പെര്‍മിറ്റ് ആവശ്യമാണ്.

ഐസ്ലാന്‍ഡ്

ഒരു വര്‍ഷം വരെ ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സ് ഉപയോഗിച്ച് വാഹനമോടിക്കാന്‍ ഐസ്ലാന്‍ഡ് അവസരം നല്‍കുന്നു.

ഫ്രാന്‍സും മൊണാക്കോയും

ഫ്രാന്‍സിലും മൊണാക്കോയിലും ഇന്ത്യന്‍ ഡ്രൈവിംഗ് ലൈസന്‍സില്‍ ആറ് മാസം വരെ അന്താരാഷ്ട്ര ഡ്രൈവിംഗ് പെര്‍മിറ്റ് ഉപയോഗിച്ച് വാഹനമോടിക്കാന്‍ അനുവദിക്കുന്നു

ജര്‍മ്മനി

ജര്‍മ്മനിയില്‍ പ്രവേശിച്ചതിന് ശേഷം ആറ് മാസം വരെ വാഹനമോടിക്കാന്‍ അനുവാദമുണ്ട്.

ഹോങ്കോങ്ങ്

ഒരു വര്‍ഷം വരെ ഇന്ത്യന്‍ ലൈസന്‍സ് ഉപയോഗിച്ച് ഹോങ്കോങ്ങില്‍ വാഹനമോടിക്കാന്‍ അനുവദിക്കുന്നു.

മലേഷ്യ

മലേഷ്യയില്‍ ഇന്ത്യന്‍ ലൈസന്‍സില്‍ മൂന്ന് മാസം വരെ വാഹനമോടിക്കാന്‍ അനുവാദമുണ്ട്.

ന്യൂസിലന്‍ഡ്

ഇന്ത്യന്‍ ലൈസന്‍സ് ഉപയോഗിച്ച് 18 മാസം വാഹനമോടിക്കാം. ഇന്റര്‍നാഷണല്‍ ഡ്രൈവിംഗ് പെര്‍മിറ്റ് കൈവശം വേണം.

നോര്‍വേ

നോര്‍വേയില്‍, രാജ്യത്തുടനീളം വാഹനമോടിക്കാന്‍, സാധാരണയായി ഒരു ദേശീയ ഡ്രൈവിംഗ് ലൈസന്‍സ് മാത്രമേ ആവശ്യമുള്ളൂ. മൂന്ന് മാസത്തേക്ക് അങ്ങനെ ചെയ്യാന്‍ കഴിയും. ചില സന്ദര്‍ഭങ്ങളില്‍, ഒരു ഇന്റര്‍നാഷണല്‍ ഡ്രൈവിംഗ് പെര്‍മിറ്റ് ആവശ്യമായി വന്നേക്കാം.

സൗദി അറേബ്യ

വിദേശ ഡ്രൈവിംഗ് ലൈസന്‍സില്‍ ഒരു വര്‍ഷം വരെ വാഹനമോടിക്കാന്‍ സൗദി അറേബ്യ അനുവദിക്കുന്നു. എന്നിരുന്നാലും, ഒരു ഇന്റര്‍നാഷണല്‍ ഡ്രൈവിംഗ് പെര്‍മിറ്റും ഉണ്ടായിരിക്കുന്നതാണ് നല്ലത്.

സ്‌പെയിന്‍

നിയമപരമായ വിവര്‍ത്തന രേഖയോ ഇന്റര്‍നാഷണല്‍ ഡ്രൈവിംഗ് പെര്‍മിറ്റോ കാണിച്ചിട്ടുണ്ടെങ്കില്‍, ഒരു വിദേശ ലൈസന്‍സില്‍ ആറ് മാസം വരെ ഡ്രൈവിംഗ് നടത്താന്‍ സ്‌പെയിന്‍ അനുവദിക്കുന്നു.

സ്വീഡന്‍

സ്വീഡനില്‍ കാര്‍ വാടകയ്ക്കെടുക്കുന്നതിനും ഓടിക്കുന്നതിനും ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്ത ഡ്രൈവിംഗ് ലൈസന്‍സ് ഉണ്ടായിരിക്കണം. വിദേശ ലൈസന്‍സില്‍ വാഹനമോടിക്കാന്‍ പരമാവധി ഒരു വര്‍ഷം വരെ അനുവദനീയമാണ്.

സ്വിറ്റ്‌സര്‍ലന്‍ഡ്

ഇന്ത്യന്‍ ഡ്രൈവിംഗ് ലൈസന്‍സ് ഉപയോഗിച്ച് ഒരു വര്‍ഷം വരെ സ്വിറ്റ്‌സര്‍ലന്‍ഡിലൂടെ വാഹനമോടിക്കാം. ഇംഗ്ലീഷിലുള്ള ഡ്രൈവിംഗ് ലൈസന്‍സിന്റെ ഒരു പകര്‍പ്പ് കൈവശം വച്ചാല്‍ രാജ്യത്ത് ഒരു വാഹനം വാടകയ്‌ക്കെടുക്കാം.

യുണൈറ്റഡ് കിംഗ്ഡം

ഇംഗ്ലണ്ട്, സ്‌കോട്ട്‌ലന്‍ഡ്, വെയില്‍സ് എന്നിവയുള്‍പ്പെടെ യുണൈറ്റഡ് കിംഗ്ഡം 12 മാസം വരെ ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സ് ഉപയോഗിച്ച് വാഹനമോടിക്കാന്‍ അനുവദിക്കുന്നു. എന്നിരുന്നാലും, ഇന്ത്യന്‍ ഡ്രൈവിംഗ് ലൈസന്‍സില്‍ പറഞ്ഞിരിക്കുന്ന വാഹനങ്ങളുടെ ക്ലാസ് മാത്രമേ ഓടിക്കാന്‍ കഴിയൂ എന്നത് ശ്രദ്ധിക്കേണ്ടതാണ്.

യുഎഇ

യുഎഇയില്‍ വാഹനമോടിക്കാന്‍ തദ്ദേശീയ ലൈസന്‍സ് ഉപയോഗിക്കാന്‍ അനുവദിച്ചിട്ടുള്ള 50 രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ.

അമേരിക്ക

അമേരിക്കയില്‍ ഇന്ത്യന്‍ ലൈസന്‍സ് ഉപയോഗിച്ച് ഒരു വര്‍ഷം വരെ വാഹനമോടിക്കാന്‍ സാധിക്കും.

ഇന്റര്‍നാഷണല്‍ ഡ്രൈവിംഗ് പെര്‍മിറ്റ്

ഇന്ത്യന്‍ ഡ്രൈവിംഗ് ലൈസന്‍സ് ഉപയോഗിച്ച് വാഹനമോടിക്കാന്‍ അനുവദിക്കുന്ന എല്ലാ രാജ്യങ്ങളിലും ഒരു ഇന്റര്‍നാഷണല്‍ ഡ്രൈവിംഗ് പെര്‍മിറ്റ് കൈവശം വയ്ക്കുന്നത് എപ്പോഴും നല്ലതാണ്.

 

Be the first to comment

Leave a Reply

Your email address will not be published.


*