ന്യൂഡൽഹി: ഈ മാസ അവസാനം ഫ്രാൻസിൽ നടക്കുന്ന ജി7 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പങ്കെടുക്കും. ഫ്രാൻസിലെ അബ്ബായേ ഡെസ് വോക്സ്-ഡി-സെർനെയിലാകും യോഗം നടക്കുക. വിദേശകാര്യ മന്ത്രാലയത്തിൻ്റെ ഔദ്യോഗിക പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീൻ നോയൽ ബാരോട്ടാണ് എസ് ജയശങ്കറിനെ യോഗത്തിലേക്ക് ക്ഷണിച്ചത്. അമേരിക്ക, കാനഡ, ഫ്രാൻസ്, ജർമനി, ഇറ്റലി, ജപ്പാൻ, ബ്രിട്ടൻ എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്നതാണ് ജി7 കൂട്ടായ്മ.
വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ ജി7 വേദിയിലേക്ക് ഇന്ത്യയെ ക്ഷണിക്കുന്നത് ആഗോളതലത്തിൽ രാജ്യത്തിന് ലഭിക്കുന്ന സ്വീകാര്യതയുടെ തെളിവാണ്. യോഗത്തിൻ്റെ ഭാഗമായി എസ് ജയശങ്കർ മറ്റ് രാജ്യങ്ങളിലെ പ്രതിനിധികളുമായി സുപ്രധാന ഉഭയകക്ഷി ചർച്ചകൾ നടത്തും. രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുത്തുന്നതിൽ ഈ ചർച്ചകൾ നിർണായകമാകും.
യുക്രെയ്ൻ യുദ്ധവും ആഗോള വിഷയങ്ങളും
യുക്രെയ്നിലെ യുദ്ധം, വിവിധ രാജ്യങ്ങളിലെ പുനർനിർമാണ പ്രവർത്തനങ്ങൾ, സമുദ്ര സുരക്ഷ, ആഗോള ഭരണത്തിലെ പരിഷ്കാരങ്ങൾ തുടങ്ങിയ നിർണായക വിഷയങ്ങൾ ജി7 യോഗത്തിൽ ചർച്ച ചെയ്യുമെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. യുഎൻ ജനറൽ അസംബ്ലിയുടെ ഭാഗമായുള്ള മന്ത്രിമാരുടെ അനൗപചാരിക സമ്മേളനത്തിന് തൊട്ടുപിന്നാലെയാണ് ഈ യോഗം നടക്കുക.
ജൂൺ 13 മുതൽ 15 വരെ നടക്കാനിരിക്കുന്ന ഇവിയൻ ഉച്ചകോടിയുടെ മുന്നൊരുക്കമായാണ് യോഗം സംഘടിപ്പിക്കുന്നതെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രാലയ വക്താവ് പാസ്കൽ കോൺഫാവ്രൂക്സ് പറഞ്ഞു. ലോകം നേരിടുന്ന വലിയ പ്രതിസന്ധികൾക്ക് പരിഹാരം കാണാനുള്ള സുപ്രധാന തീരുമാനങ്ങൾ ഈ യോഗത്തിൽ നിന്ന് ഉണ്ടാകുമെന്നാണ് വിലയിരുത്തൽ.
യുക്രെയ്ൻ പുനർനിർമാണത്തിന് മുൻഗണന
യോഗത്തിൻ്റെ രണ്ടാമത്തെ സെഷൻ പൂർണമായും യുക്രെയ്ൻ്റെ പുനർനിർമാണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കും. ആണവ സുരക്ഷ ഉറപ്പാക്കൽ, കുഴിബോംബ് നിർവീര്യമാക്കൽ, പുനർനിർമാണത്തിനുള്ള സാമ്പത്തിക സഹായം എന്നിവ യോഗത്തിൽ ചർച്ചയാകും. യുക്രെയ്ൻ്റെ വീണ്ടെടുപ്പിനായി നിക്ഷേപങ്ങൾ സമാഹരിക്കുന്നതിൽ യൂറോപ്യൻ ബാങ്ക് ഫോർ റീകൺസ്ട്രക്ഷൻ ആൻഡ് ഡെവലപ്മെൻ്റ് (ഇബിആർഡി) പോലുള്ള അന്താരാഷ്ട്ര സാമ്പത്തിക സ്ഥാപനങ്ങളുടെ പങ്ക് യോഗം വിലയിരുത്തും.
വെറുമൊരു ഒത്തുചേരൽ എന്നതിലുപരി പ്രായോഗികമായ ഫലങ്ങൾ ലക്ഷ്യമിട്ടാണ് യോഗം നടക്കുന്നത്. കുറഞ്ഞത് മൂന്ന് സുപ്രധാന തീരുമാനങ്ങളെങ്കിലും ഇതിൽ നിന്ന് ഉണ്ടാകും. അടിയന്തര പ്രതിസന്ധികൾക്കൊപ്പം ദീർഘകാല ഘടനാപരമായ പ്രശ്നങ്ങളും യോഗം സജീവമായി പരിഗണിക്കും.
സമുദ്ര സുരക്ഷയും വ്യാപാരവും
ആഗോള വിതരണ ശൃംഖലകളും സമുദ്ര സുരക്ഷയും യോഗത്തിൻ്റെ സുപ്രധാന അജണ്ടകളിലുണ്ട്. മയക്കുമരുന്ന് കടത്തും സമുദ്ര സുരക്ഷയും നിർണായക ധാതുക്കളുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ ഇക്കാര്യത്തിൽ സംയുക്തമായ നയങ്ങൾ രൂപീകരിക്കും. സമുദ്ര പാതകളെക്കുറിച്ചും ലോകത്തെ ജലഗതാഗതത്തെക്കുറിച്ചും ചർച്ച ചെയ്യാൻ ഉച്ചകോടിയിൽ പ്രത്യേക സെഷനുണ്ട്.
രാജ്യങ്ങളുടെ പരമാധികാരത്തിന് ഭീഷണിയാകുന്ന നീക്കങ്ങളെ ചെറുക്കാൻ നൂതന മാർഗങ്ങൾ പ്രാബല്യത്തിൽ കൊണ്ടുവരും. ഇതിനായി കൂടുതൽ ഫലപ്രദമായ ബഹുമുഖ രീതികൾ സ്വീകരിക്കാനാണ് ഉച്ചകോടി ലക്ഷ്യമിടുന്നത്. ഇന്ത്യയെക്കൂടാതെ ദക്ഷിണ കൊറിയ, സൗദി അറേബ്യ, ബ്രസീൽ, യുക്രെയ്ൻ എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരും ക്ഷണിതാക്കളായി ഫ്രാൻസിൽ എത്തും. കൂടുതൽ രാജ്യങ്ങളുടെ പങ്കാളിത്തം വലിയ തോതിലുള്ള ആശയവിനിമയത്തിന് വഴിയൊരുക്കുമെന്നാണ് സംഘാടകർ കരുതുന്നത്.



Be the first to comment