റഷ്യക്കെതിരെ ആഞ്ഞടിച്ച് ജർമനി. ആക്രമണ സാധ്യതയുള്ള ലക്ഷ്യങ്ങൾ കണ്ടെത്താൻ ഇറാനെ റഷ്യ സഹായിച്ചതായി ജർമ്മൻ വിദേശകാര്യ മന്ത്രി ജോഹാൻ വാഡെഫുൾ ആരോപിച്ചു. യുക്രെയ്ൻ യുദ്ധത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനായി പശ്ചിമേഷ്യൻ യുദ്ധം പുടിൻ ഉപയോഗിച്ചെന്നും ജർമനി പറഞ്ഞു. ഫ്രാൻസിൽ നടന്ന ജി7 യോഗത്തിൽ വച്ചായിരുന്നു ജർമനിയുടെ വിമർശനം. യുക്രെയ്ൻ സംഘർഷവും പശ്ചിമേഷ്യൻ സംഘർഷവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്നും ജർമനി.
ആക്രമണങ്ങൾ ആസൂത്രണം ചെയ്യാൻ ഉപയോഗിക്കാവുന്ന രഹസ്യാന്വേഷണ വിവരങ്ങൾ റഷ്യ ഇറാന് നൽകുന്നുണ്ടെന്ന് ജർമ്മൻ വിദേശകാര്യ മന്ത്രി ജോഹാൻ വാഡെഫുൾ പറഞ്ഞു. “പശ്ചിമേഷ്യയിലെ സംഘർഷം യുക്രെയ്നിലെ തന്റെ കുറ്റകൃത്യങ്ങളിൽ നിന്ന് നമ്മുടെ ശ്രദ്ധ തിരിക്കുമെന്ന് പുടിൻ പ്രതീക്ഷിക്കുന്നു,” വഡെഫുൾ പറഞ്ഞു.
പുടിന്റെ ശ്രമം വിജയിക്കില്ലെന്നും അദേഹം കൂട്ടിച്ചേർത്തു. “രണ്ട് സംഘർഷങ്ങളും എത്രത്തോളം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഞങ്ങൾക്ക് വളരെ വ്യക്തമായി കാണാൻ കഴിയും” വഡെഫുൾ പറഞ്ഞു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി സ്ഥിതിഗതികൾ ചർച്ച ചെയ്തതായി ജർമ്മൻ മന്ത്രി സ്ഥിരീകരിച്ചു.
അതിനിടെ ഹോർമുസ് വിഷയത്തിൽ യുഎസ്-ഇറാൻ ചർച്ചകൾ വേഗത്തിലാക്കാൻ ചൈന ആഹ്വാനം ചെയ്ത് രംഗത്തെത്തി. സമാധാന ചർച്ചകൾക്ക് തുടക്കം കുറിക്കുക എന്നത് എളുപ്പമുള്ള കാര്യമല്ലെന്ന് ചൈന പറഞ്ഞു. സമാധാന ചർച്ചകളെ കുറിച്ച് പാക്ക് – ചൈനീസ് വിദേശകാര്യമന്ത്രിമാർ തമ്മിൽ ഫോണിലൂടെ സംസാരിച്ചു. മധ്യസ്ഥത വഹിക്കുന്ന പാക് നീക്കത്തെ ചൈന പിന്തുണക്കുമെന്നും വിദേശകാര്യമന്ത്രി വാങ് യീ വ്യക്തമാക്കി.



Be the first to comment