‘ചരിത്രം ഒരുകാലത്തും വഞ്ചകന്‍മാര്‍ക്ക് ജയം കൊടുത്തിട്ടില്ല’; പികെ ശശിയെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി

പാര്‍ട്ടി വിട്ട മു ന്‍ എംഎല്‍എയും ഒറ്റപ്പാലത്തെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയുമായ പികെ ശശിയെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വഞ്ചകന്‍മാര്‍ ഒരുകാലത്തും രക്ഷപ്പെട്ടിട്ടില്ല. ചരിത്രം വഞ്ചകന്‍മാരെ ഒറ്റപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. വഞ്ചകന്‍മാര്‍ അനുഭവിക്കാന്‍ പോകുന്നേയുള്ളുവെന്നും യുഡിഎഫ് ഗതികേടിലാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ഒറ്റപ്പാലത്തെ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് വേദിയിലായിരുന്നു പിണറായി വിജയന്റെ പരാമര്‍ശം.

യുഡിഎഫ് എത്രമാത്രം ഗതികേടിലാണ് എന്ന് നോക്കണം. യുഡിഎഫിന്റെ ആ ഗതികേടിന്റെ ചിത്രം ഇവിടെ ശരിയായ രീതിയില്‍ കാണാനുണ്ട്. ചരിത്രം ഒരുകാലത്തും വഞ്ചകന്‍മാര്‍ക്ക് ജയം കൊടുത്തിട്ടില്ല. എല്ലാ കാലത്തും ചരിത്രം വഞ്ചകന്‍മാരെ ഒറ്റപ്പെടുത്തിയിട്ടുണ്ട്. ആ ഒറ്റപ്പെടല്‍ അതിന്റേതായ രീതിയില്‍ വഞ്ചകന്‍മാരെല്ലാം അനുഭവിക്കാന്‍ പോവുകയാണ്.

നാടിനെ പരിഹസിക്കാനും നാട്ടുകാരം വിലകുറച്ച് കാണാനും ബഹുജനങ്ങളെ അവമതിക്കാനും തയാറാകുന്ന ഒരാളും ഒരുകാലത്തും രക്ഷപ്പെട്ടിട്ടില്ല. ഇത് ഒരു പാഠമായെടുക്കുക – മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, ജി സുധാകരനെ അവഗണിക്കാമെന്ന തീരുമാനത്തില്‍ നിന്ന് പിന്‍വലിയുകയാണ് സിപിഐഎം. പാര്‍ട്ടി കോട്ടകളില്‍ വിള്ളല്‍ വീഴ്ത്തി വോട്ട് നേടാനുള്ള തന്ത്രം തിരിച്ചറിയണമെന്ന് എംവി ഗോവിന്ദന്‍ ജില്ല സെക്രട്ടറിയേറ്റ് യോഗത്തില്‍ നിര്‍ദേശം നല്‍കി. കേഡര്‍ വോട്ടുകള്‍ ഒന്നു പോലും ചോരാതെ ശ്രദ്ധിക്കണം.

അമ്പലപ്പുഴയില്‍ ഭൂരിപക്ഷം കുറയുകയോ തോല്‍ക്കുകയോ ചെയ്താല്‍ പാര്‍ട്ടിക്കുണ്ടാക്കുന്ന ക്ഷീണം ചെറുതല്ലെന്നും എംവി ഗോവിന്ദന്‍ ഓര്‍മ്മപ്പെടുത്തി. ജമാ അത്ത ഇസ്ലാമിയുടെ കൂട്ടു കൂടിയാണ് ജി. സുധാകരന്റെ മത്സരാമെന്ന് എം വി ഗോവിന്ദന്‍ ആരോപിച്ചു.

ജി സുധാകരന്റെ മത്സരം വര്‍ഗീയ ശക്തികളുടെ പിന്തുണയോടെയാണെന്നും ആര്‍എസ്എസ്-എസ്ഡിപിഐ വോട്ടുകള്‍ സമാഹരിക്കാന്‍ യുഡിഎഫ് നേതാക്കള്‍ ചര്‍ച്ചനടത്തുന്നതായും ജില്ലാ സെക്രട്ടറിയേറ്റില്‍ നേതാക്കള്‍ പറഞ്ഞെന്നാണ് വിവരം. തദ്ദേശ തിരഞ്ഞെടുപ്പില്‍ അമ്പലപ്പുഴയില്‍ എണ്ണായിരത്തിലധികം വോട്ടുകള്‍ നേടിയ എസ്ഡിപിഐ ഇത്തവണ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിട്ടില്ല.

ഈ വോട്ടുകള്‍ ജയം നിര്‍ണയിക്കുന്ന പ്രധാന ഘടകമാകുമെന്നാണ് രാഷ്ട്രീയ വിലയിരുത്തല്‍. ജി സുധാകരനെ ചെറുക്കാന്‍ സര്‍വ്വ സന്നാഹങ്ങളും ഉപയോഗിക്കാനാണ് സിപിഐഎം തീരുമാനം. ഏപ്രില്‍ ഒന്നിന് മുഖ്യമന്ത്രി അമ്പലപ്പുഴയിലെത്തി പ്രസംഗിക്കും.

Be the first to comment

Leave a Reply

Your email address will not be published.


*