
ന്യൂഡല്‍ഹി: കടമെടുപ്പ് പരിധിയില്‍ സുപ്രീംകോടതി നിര്‍ദേശം പരിഗണിച്ച് 5000 കോടി അനുവദിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍. എന്നാല്‍ നിബന്ധനകളോടെയാകും പണം അനുവദിക്കുക. അടുത്ത സാമ്പത്തിക വര്‍ഷത്തെ ആദ്യത്തെ ഒമ്പതു മാസത്തെ വായ്പാപരിധിയില്‍ നിന്നും ഈ തുക കുറവു വരുത്തുമെന്ന് കേന്ദ്രസര്‍ക്കാരിനു വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ വെങ്കിട്ടരാമന് കോടതിയെ അറിയിച്ചു.
സുപ്രീംകോടതി പറഞ്ഞതു കൊണ്ടാണ് ഈ തുക അനുവദിക്കുന്നത്. ആദ്യ ഒമ്പത് മാസത്തേക്ക് 21,664 കോടി മാത്രമേ അനുവദിക്കാനാകൂ. ഈ തുകയില്‍ 15,000 കോടി മുന്‍കൂറായി നല്കിയാല് 6,664 കോടിയേ ബാക്കിയുള്ളൂ. ഈ തുക കൊണ്ട് ശേഷിക്കുന്ന കാലയളവ് കൈകാര്യം ചെയ്യുക സംസ്ഥാന സര്‍ക്കാരിന് വളരെ ബുദ്ധിമുട്ടായിരിക്കും. ഇത് കേരളത്തിലെ ജനങ്ങള്‍ക്ക് പ്രയാസം ഉണ്ടാക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ വാദിച്ചു.
എന്നാല്‍ 5000 കോടി പോരെന്നും, പതിനായിരം കോടിയെങ്കിലും അനുവദിക്കണമെന്ന് കേരളത്തിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് കപില്‍ സിബല്‍ ആവശ്യപ്പെട്ടു. വായ്പയെടുക്കാനുള്ള കേരളത്തിൻ്റെ അവകാശത്തെ ഹനിക്കുന്നതാണ് കേന്ദ്രത്തിൻ്റെ നിലപാടെന്നും സംസ്ഥാന സര്‍ക്കാര്‍ വാദിച്ചു. കേന്ദ്രം സംസ്ഥാനത്തിൻ്റെ ചെലവ് നിയന്ത്രിക്കാന്‍ ഇടപെടുന്നു. ഇത് ഫെഡറല്‍ തത്വങ്ങള്‍ക്ക് എതിരാണെന്നും കേരളം ചൂണ്ടിക്കാട്ടി.
ഇടക്കാല ആശ്വാസം എന്ന നിലയില്‍ കേന്ദ്രം നല്‍കാമെന്ന് പറഞ്ഞ 5000 കോടി വാങ്ങിക്കൂടേയെന്ന് ജസ്റ്റിസ് സൂര്യകാന്ത് ചോദിച്ചു. തുടര്‍ന്ന് കേസില്‍ വിശദമായ വാദം കേള്‍ക്കുന്നതിനായി ഈ മാസം 21 ലേക്ക് കേസ് മാറ്റി.
Be the first to comment