ബാലന്‍സ് ഷീറ്റ് തിരുത്തി നികുതി വെട്ടിപ്പ് : ഐഎംഎയ്ക്ക് കേന്ദ്ര ജിഎസ്ടി വകുപ്പിന്റെ നോട്ടീസ്

നികുതി വെട്ടിപ്പ് ആരോപണത്തില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് കേന്ദ്ര ജിഎസ്ടി വകുപ്പിന്റെ നോട്ടീസ്. കഴിഞ്ഞ അഞ്ച് സാമ്പത്തിക വര്‍ഷങ്ങളില്‍ 45 കോടിയോളം രൂപ ജിഎസ്ടി കുടിശ്ശിക വരുത്തിയെന്ന കണ്ടെത്തലിലാണ് നടപടി. ബാലന്‍സ് ഷീറ്റില്‍ കൃത്രിമം കാണിക്കല്‍, സംഘടന നടത്തുന്ന മാലിന്യ സംസ്‌കരണ കമ്പനിയുടെ മറവില്‍ കോടികളുടെ ജിഎസ്ടി വെട്ടിപ്പ് എന്നിവ കണ്ടെത്തിയ സാഹചര്യത്തിലാണ് ഐഎംഎ ഭാരവാഹികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്.

ഷെല്‍ കമ്പനികളെ ഉപയോഗിച്ച് സംഘടനയുടെ വാണിജ്യ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള ലാഭം മറച്ചുവെയ്ക്കാനും അതുവഴി ഒരു ചാരിറ്റബിള്‍ ഓര്‍ഗനൈസേഷന്‍ എന്ന പദവി നിലനിര്‍ത്താനും ശ്രമിച്ചതായും ജിഎസ്ടി വകുപ്പ് നോട്ടീസില്‍ പറയുന്നു. 1961 ലെ ആദായനികുതി നിയമത്തിലെ സെക്ഷന്‍ 12 എഎ പ്രകാരം ചാരിറ്റബിള്‍ ഓര്‍ഗനൈസേഷനായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഐഎംഎ 2017 ജൂലൈ മുതല്‍ 2023 മാര്‍ച്ച് വരെ വിവിധ പദ്ധതികളില്‍ നിന്ന് ലഭിച്ച 251.79 കോടി രൂപ ബാലന്‍സ് ഷീറ്റില്‍ രേഖപ്പെടുത്തിയില്ലെന്നും ജിഎസ്ടി വകുപ്പ് ചൂണ്ടിക്കാട്ടുന്നു.

ഐഎംഎയില്‍ അംഗങ്ങളായ ഡോക്ടര്‍മാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും വിവിധ സേവനങ്ങള്‍ ലഭ്യമാക്കുക എന്നതാണ് സംഘനടയുടെ ലക്ഷ്യം. ഇതിനുപുറമെ, ഇന്‍ഷുറന്‍സ്, പാര്‍പ്പിട സമുച്ചയങ്ങള്‍, ബയോമെഡിക്കല്‍ മാലിന്യങ്ങളുടെ പരിപാലനം എന്നിവയുള്‍പ്പെടെ ബിസിനസ് സംരഭങ്ങളിലും ഐഎംഎ ഭാഗമായിട്ടുണ്ട്. ഇത്തരത്തില്‍ മാലിന്യ സംസ്‌കരണ കമ്പനിയായ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഗോസ് ഇക്കോ ഫ്രണ്ട്ലി (ഇമേജ്) ഇത്തരം ഒരു സംരഭമാണ്. എന്നാല്‍ ഇതിന്റെ ലാഭകണക്കുകള്‍ സംഘടനയുടെ ബാലന്‍സ് ഷീറ്റില്‍ രേഖപ്പെടുത്തിയിട്ടില്ലെന്നും നോട്ടിസ് ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ കേരള ഘടകത്തിന്റെ സേവനങ്ങളും സ്വത്ത് വിവരങ്ങളും വരുമാന മാര്‍ഗങ്ങളും സംബന്ധിച്ച് 2022 നവംബറിലാണ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ജിഎസ്‌ടി ഇന്റലിജന്‍സിന്റെ അന്വേഷണം തുടങ്ങിയത്. കഴിഞ്ഞ അഞ്ച് സാമ്പത്തിക വര്‍ഷങ്ങളിലായി 50 കോടിരൂപ ഐഎംഎ ജിഎസ്ടി കുടിശിക വരുത്തിയതായാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തല്‍. ഡിജിജിഐയുടെ തുടര്‍ച്ചയായ നോട്ടീസുകള്‍ക്കൊടുവിലാണ് ഐഎംഎ ജിഎസ്ടി രജിസ്‌ട്രേഷന്‍ പോലും എടുത്തത്.

Be the first to comment

Leave a Reply

Your email address will not be published.


*