പി വി അന്‍വറിനെതിരെ ചന്തക്കുന്നില്‍ സിപിഐഎം പൊതുയോഗം ; എ വിജയരാഘവന്‍ ഉദ്ഘാടനം ചെയ്യും

മലപ്പുറം: നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാനൊരുങ്ങി സിപിഐഎം. അന്‍വര്‍ വിശദീകരണ യോഗം നടത്തിയ നിലമ്പൂരിലെ ചന്തക്കുന്നില്‍ ഒക്ടോബര്‍ ഏഴിന് സിപിഐഎമ്മിന്റെ വിശദീകരണ യോഗം നടക്കും. പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍ യോഗം ഉദ്ഘാടനം ചെയ്യും.

അന്‍വര്‍ നടത്തിയ വിശദീകരണ യോഗത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും നിരവധിപ്പേരാണ് പങ്കെടുത്തത്. രണ്ട് മണിക്കൂറിനടുത്ത് നടന്ന പ്രസംഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷമായി വിമര്‍ശനം അന്‍വര്‍ ഉന്നയിച്ചിരുന്നു. മുഖ്യമന്ത്രി കള്ളനാക്കിയപ്പോഴാണ് താന്‍ രണ്ടും കല്‍പ്പിച്ചിറങ്ങിയതെന്നും കേരള രാഷ്ട്രീയത്തില്‍ വിശ്വസിച്ച മനുഷ്യനായിരുന്നു പിണറായിയെന്ന് അന്‍വര്‍ പറഞ്ഞിരുന്നു. ഒരിക്കലും പാര്‍ട്ടിയെയും പാര്‍ട്ടി പ്രവര്‍ത്തകരെയും താന്‍ തള്ളി പറയില്ലെന്നുമായിരുന്നു അന്‍വര്‍ പറഞ്ഞത്.

കേരളത്തിന്റെ പോലീസിലെ 25 ശതമാനം പൂര്‍ണമായി ക്രിമിനല്‍വത്കരിക്കപ്പെട്ടെന്നും പലരും അനുഭവസ്ഥരാണെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം തനിക്കെതിരെ അന്‍വര്‍ നിരന്തരം നടത്തുന്ന ആരോപണങ്ങളില്‍ നിയമനടപടി സ്വീകരിക്കാനൊരുങ്ങിയിരിക്കുകയാണ് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി. പി ശശിക്കെതിരെ പാര്‍ട്ടിക്ക് നല്‍കിയ പരാതിയില്‍ അന്‍വര്‍ ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടതിന് പിന്നാലെയാണ് നിയമനടപടിയുമായി മുന്നോട്ട് പോകാന്‍ ഒരുങ്ങുന്നത്. സ്ത്രീകളോട് മോശമായി പെരുമാറി, കച്ചവടക്കാര്‍ തമ്മിലുള്ള തര്‍ക്കം പരിഹരിച്ച് ലക്ഷങ്ങള്‍ തട്ടി എന്നതുള്‍പ്പെടെയുള്ള ആരോപണങ്ങളാണ് പി വി അന്‍വര്‍ ഉന്നയിച്ചത്.

സാമ്പത്തിക തര്‍ക്കത്തില്‍ ഇടനിലക്കാരനായി നിന്ന് പി ശശി ലക്ഷങ്ങള്‍ തട്ടുന്നതായാണ് പി വി അന്‍വറിന്റെ പ്രധാന ആരോപണം. ചില കേസുകള്‍ പി ശശി ഇടപെട്ട് ഒത്തുതീര്‍പ്പാക്കിയെന്നും പി വി അന്‍വര്‍ പറയുന്നു. ഷാജന്‍ സ്‌കറിയ വിഷയത്തില്‍ ഇടപെടുന്ന സമയത്ത് താനും പി ശശിയും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായെന്ന് അന്‍വര്‍ പറയുന്നു. പി ശശിക്ക് തന്നോട് വൈരാഗ്യമാണ്. തന്റെ ഉടമസ്ഥതയിലുള്ള പാര്‍ക്കില്‍ നിന്ന് പത്ത് ലക്ഷം രൂപ കളവ് പോയതുമായി ബന്ധപ്പെട്ട് അരീക്കോട് പോലീസില്‍ പരാതി നല്‍കുകയും കേസെടുക്കുകയും ചെയ്തു. എന്നാല്‍ വിഷയത്തില്‍ ഒരു അന്വേഷണവും നടന്നില്ലെന്നും പി വി അന്‍വര്‍ പരാതിയില്‍ ആരോപിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*