
മദ്യം ഭക്ഷ്യവിഷബാധയ്‌ക്കെതിരെ ഒരു മികച്ച ഔഷധമാണെന്ന് തെറ്റിദ്ധരിച്ചു വെച്ചിരിക്കുന്ന നിരവധി ആളുകളുണ്ട്. മദ്യത്തിന് ആന്റി-ബാക്ടീരിയൽ ഗുണങ്ങൾ ഉള്ളതിനാൽ ഭക്ഷ്യവിഷബാധ മൂലമുള്ള ലക്ഷണങ്ങളെ ലഘൂകരിക്കാൻ സാധിക്കുമെന്നാണ് ഇത്തരക്കാരുടെ ധാരണ. എന്നാൽ മദ്യത്തിൻ്റെ ആൻറി ബാക്ടീരിയൽ ഗുണങ്ങൾ പരിമിതവും ദോഷകാരികളായ ബാക്ടീരിയകളെ നിർവീര്യമാക്കാൻ മാത്രം ശക്തവുമല്ലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
ഹാൻഡ് സാനിറ്റൈസേഷനിൽ ആൽക്കഹോൾ പ്രധാന ഘടകമാകുന്നത് മദ്യത്തിന്റെ ഈ ആന്റി-ബാക്ടീരിയൽ ഗുണങ്ങൾ ഉള്ളതിനാലാണ്. എന്നാല്‍ അഞ്ച് മുതൽ 15 വരെ സാന്ദ്രതയിലാണ് കുടിക്കാൻ ആവശ്യമായ മദ്യം നിർമിക്കുന്നത്. ഇത് ബാക്ടീരിയകളെ ഫലപ്രദമായി നശിപ്പിക്കാൻ ഉപയോഗിക്കുന്ന 60 മുതൽ 90 ശതമാനം സാന്ദ്രതയെക്കാൾ (ഹാൻഡ് സാനിറ്റൈസർ പോലുള്ളവയിൽ ഉപയോഗിക്കുന്നത്) കുറവാണ്. മദ്യത്തിൻ്റെ ആൻറി ബാക്ടീരിയൽ ഗുണങ്ങള്‍ വയറ്റിൽ ഫലപ്രദമാകില്ല. അതുകൊണ്ട് തന്നെ മദ്യം ഭക്ഷണത്തിലൂടെ പകരുന്ന ബാക്ടീരിയ, വൈറസ് പോലുള്ളവയെ നിര്‍വീര്യമാക്കില്ല.
അതേസമയം ഭക്ഷ്യവിഷബാധയുള്ളപ്പോൾ മദ്യം കുടിക്കുന്നത് ലക്ഷണങ്ങളെ ഗുരുതരമാക്കാനും കാരണമായേക്കാം. മദ്യം കുടലിന്റെ ആവരണത്തെ പ്രകോപിക്കുകയും രോഗാവസ്ഥ കൂടുതൽ ഗുരുതരമാകാൻ കാരണമാകുകയും ചെയ്യുന്നു. മദ്യം ദഹനനാളത്തെ ബാധിക്കുന്നതോടെ ഓക്കാനം, ഛർദ്ദി, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങൾ വഷളാകാൻ സാധ്യതയുണ്ട്. കൂടാതെ മദ്യം നിര്‍ജ്ജലീകരണത്തിന് കാരണമാകും. ഇത് ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങള്‍ ഗുരുതരമാക്കും.
ഭക്ഷ്യവിഷബാധ തടയാന്‍
- നന്നായി പാകം ചെയ്ത ഭക്ഷണം കഴിക്കാന്‍ ശ്രമിക്കുക.
- വൃത്തിഹീനമായതും പുറത്തുനിന്നുമുള്ള ഭക്ഷണം കഴിക്കുന്നത് പരമാവധി ഒഴിവാക്കുക.
- ഭക്ഷണം തുറന്ന് വെക്കുന്നത് ബാക്ടീരിയ ബാധിക്കാന്‍ കാരണമാകും. ബാക്കിയാകുന്ന ഭക്ഷണം നല്ലതുപോലെ അടച്ച് ഫ്രിഡ്ജില്‍ സൂക്ഷിക്കാം.
- ഭക്ഷണ സാധനങ്ങള്‍ വേര്‍ത്തിരിച്ച് സൂക്ഷിക്കുന്നത് ഭക്ഷണം പെട്ടെന്ന് മലിനമാകുന്നത് തടയാന്‍ സഹായിക്കും.
- കഴിക്കുന്നതിനും മുന്‍പും ശേഷവും കൈകള്‍ വൃത്തിയായി കഴുകുക. ഇത് ബാക്ടീരിയ കൈകളിലൂടെ ഉള്ളിലെത്തുന്നത് തടയും.
Be the first to comment