
എഡിഎം കെ നവീൻ ബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച ടിവി പ്രശാന്തനെ സസ്പെൻഡ് ചെയ്ത ആരോഗ്യവകുപ്പ്. പരിയാരം മെഡിക്കല്‍ കോളജിലെ ഇലക്ട്രിക്കല്‍ വിഭാഗം ജീവനക്കാരനാണ് പ്രശാന്ത്. അവധിയിലായിരുന്ന പ്രശാന്തൻ ഇന്ന് ഡ്യൂട്ടിയിൽ പ്രവേശിച്ചതോടെയാണ് വകുപ്പിന്റെ പെട്ടെന്നുള്ള നടപടി.
എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രശാന്തിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ സംബന്ധിച്ച് ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടറും അടങ്ങുന്ന അന്വേഷണ സംഘം നടത്തിയ അന്വേഷണത്തില്‍ ആരോപണ വിധേയനായ പ്രശാന്ത് ഈ മാസം പത്തുമുതല്‍ അനധികൃതമായി സേവനത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നതായി കണ്ടെത്തിയതായി ഉത്തരവില്‍ പറയുന്നു.
കൂടാതെ കണ്ണൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ ജീവനക്കാരന് എന്ന നിലയില്‍ സാമ്പത്തിക ലാഭത്തിനായി സ്വകാര്യ ബിസിനസ് സംരംഭത്തില്‍ ഏര്‍പ്പെട്ട നടപടി ഗുരുതര അച്ചടക്കലംഘനവും പെരുമാറ്റ ചട്ടലംഘനവുമാണെന്ന് അന്വേഷണസംഘം കണ്ടെത്തി. കാര്യസാധ്യത്തിനായി കൈക്കൂലി നല്‍കിയെന്ന് പറയുന്നത് ഉള്‍പ്പടെയുള്ള ഗുരുതരമായ ആരോപണങ്ങളിലും ശക്തമായ നടപടിക്ക് അന്വേഷണസംഘം ശുപാര്‍ശ ചെയ്തതിനാല്‍ പ്രശാന്തിനെതിരെ കടുത്ത അച്ചടക്ക നടപി ആരംഭിക്കാനും സേവനത്തില്‍ നിന്ന് അടിയന്തരമായി സസ്പെന്‍ഡ് ചെയ്യാനും തീരുമാനിച്ചതായി ഉത്തരവില്‍ പറയുന്നു.
Be the first to comment