പ്രകൃതി ദുരന്തങ്ങള്‍ രണ്ട് പതിറ്റാണ്ടിനിടെ കവര്‍ന്നത് 5 ലക്ഷത്തിലധികം ജീവനുകള്‍; കാലാവസ്ഥാ വ്യതിയാനം ഭൂമിയെ രൂക്ഷമായി ബാധിക്കുന്നു

മനുഷ്യന്റെ ഇടപെടല്‍ മൂലമുള്ള കാലാവസ്ഥാ വ്യതിയാനം ആഗോള തലത്തില്‍ കാലാവസ്ഥാ ദുരന്തങ്ങളുടെ വ്യാപ്തി വര്‍ധിപ്പിക്കുന്നു. കഴിഞ്ഞ 20 വര്‍ഷത്തിത്തിനിടെ ലോകത്തുണ്ടായ ഏറ്റവും മാരകമായ പത്ത് പ്രകൃതി ദുരന്തങ്ങളുടെ വ്യാപ്തി മനുഷ്യന്‍ മൂലമുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനം തീവ്രമാക്കിയെന്നാണ് പുതിയ വിശകലനം. കൊടുങ്കാറ്റ്, ഉഷ്ണതരംഗം, വെള്ളപ്പൊക്കം എന്നിവ മൂലമുള്ള കെടുതികളാണ് യൂറോപ്പ്, ആഫ്രിക്ക, ഏഷ്യന്‍ വന്‍കരകളില്‍ വലിയ നാശം വിതച്ചത്. ഏകദേശം 570,000 പേര്‍ക്കാണ് ഇത്തരം ദുരന്തങ്ങളില്‍ ജീവന്‍ നഷ്ടപ്പെട്ടത്.

ലണ്ടനിലെ ഇംപീരിയല്‍ കോളേജിലെ വേള്‍ഡ് വെതര്‍ ആട്രിബ്യൂഷന്‍ (WWA) ഗ്രൂപ്പിലെ ശാസ്ത്രജ്ഞര്‍ തയ്യാറാക്കിയ തീവ്ര കാലാവസ്ഥാ ദുരന്തങ്ങളുടെ പുനര്‍വിശകലനത്തിലാണ് ആഗോള കാലാവസ്ഥയിലെ വ്യാപകമായ മാറ്റങ്ങളെ കുറിച്ച് സൂചനകളുള്ളത്. ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കാതലായ മാറ്റത്തിനുള്‍പ്പെടെ ലോക ജനത തയ്യാറായില്ലെങ്കില്‍ ദുരിതം വരും കാലത്തും ശക്തമായി തുടരും. ഭാവിയില്‍ പ്രകൃതി ദുരന്തങ്ങളുടെ വ്യാപ്തികുറയ്ക്കുന്ന തരത്തിലുള്ള ഇടപെടലുകള്‍ക്ക് ലോക നേതാക്കള്‍ തയ്യാറാകണം എന്നും പഠനം ആവശ്യപ്പെടുന്നു.

ഇന്റര്‍നാഷണല്‍ ഡിസാസ്റ്റര്‍ ഡാറ്റാബേസില്‍ 2004 മുതല്‍ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും മാരകമായ 10 കാലാവസ്ഥാ ദുരന്തങ്ങള്‍ കേന്ദ്രീകരിച്ചുകൊണ്ടായിരുന്നു ഗവേഷകര്‍രുടെ പഠനം. യൂറോപ്പിലെ ഉഷ്ണതരംഗം – മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥ എന്നിവയെ ബന്ധപ്പെടുത്തിക്കൊണ്ടാണ് നിലവില്‍ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. പഠനം ചൂണ്ടിക്കാട്ടുന്നതനുസരിച്ച് 2011 ല്‍ സൊമാലിയയിലുണ്ടായ വരള്‍ച്ചയാണ് കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളിലെ ഏറ്റവും മാരകമായ പ്രകൃതി ദുരന്തമായി രേഖപ്പെടുത്തിയിരിക്കുന്നത്. ഈ വരള്‍ച്ചയില്‍ ഏകദേശം 250,000-ത്തിലധികം ആളുകള്‍ കൊല്ലപ്പെട്ടെന്നാണ് കണക്കുകള്‍. കാലാവസ്ഥാ വ്യതിയാനം മൂലം മഴ കുറഞ്ഞതാണ് വരള്‍ച്ചയുടെ തീവ്രത വര്‍ധിപ്പിച്ചത് എന്നും ഗവേഷകര്‍ പറയുന്നു. ഫ്രാന്‍സില്‍ 3,000-ത്തിലധികം ആളുകളുടെ മരണത്തിനിടയാക്കിയ 2015 ലെ ഉഷ്ണതരംഗവും ഈ പട്ടികയില്‍ ഉള്‍പ്പെടുന്നു. അവിടെ കാലാവസ്ഥാ വ്യതിയാനം ഈ മേഖലയില്‍ ഉയര്‍ന്ന താപനില ഇരട്ടിയാകാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പും ഗവേഷകര്‍ നല്‍കുന്നു.

2007-ല്‍ ബംഗ്ലാദേശ്, 2008-ല്‍ മ്യാന്‍മര്‍, 2013-ല്‍ ഫിലിപ്പീന്‍സ് എന്നിവിടങ്ങളില്‍ വീശിയടിച്ച മാരകമായ ഉഷ്ണ തംരംഗം കാലാവസ്ഥാ വ്യതിയാനം മൂലമാണ് തീവ്രമായതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 2013-ല്‍ ഇന്ത്യയെ ബാധിച്ച വെള്ളപ്പൊക്കത്തിന്റെ കാണവും സമാനമാണ്. ഇപ്പോള്‍ പുറത്തുവന്നിട്ടുള്ള ഔദ്യോഗിക കണക്കുകളേക്കാള്‍ പതിന്മടങ്ങ് കൂടുതലായിരിക്കും യഥാര്‍ത്ഥ മരണ കണക്കുകള്‍ എന്നും റിപ്പോര്‍ട്ട് പറയുന്നു. മൂന്നാം ലോക രാജ്യങ്ങളിലും ദരിദ്ര രാജ്യങ്ങളിലും ഉഷ്ണതരംഗങ്ങളുമായി ബന്ധപ്പെട്ട മരണങ്ങള്‍ രേഖപ്പെടുത്തപ്പെടാറില്ലെന്നതാണ് ഇതിന് കാരണമായി പറയുന്നത്. നൂറോളം ജീവനുകള്‍ കവര്‍ന്നും വ്യാപകമായ നാശം വിതച്ചും സ്പെയിനില്‍ കൊടുങ്കാറ്റ് ദുരിതം വിതയ്ക്കുമ്പോഴാണ് ഈ കണക്കുകള്‍ പുറത്തുവരുന്നത് എന്നതും ശ്രദ്ധേയമാണ്.

ആഗോള തലത്തില്‍ കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കേണ്ടതിന്റെ മാര്‍ഗങ്ങള്‍ കാര്യക്ഷമായി പരിഗണിക്കേണ്ട കാലമാണ് കടന്നു പോകുന്നത് എന്ന് അടിവരയിടുന്നതാണ് ഈ പഠനം എന്നാണ് അന്താരാഷ്ട്ര ഏജന്‍സികള്‍ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*