മന്‍മോഹൻ സിങ്ങിന്റെ മരണത്തില്‍ ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും രാഷ്ട്രീയം കലര്‍ത്തുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് ജെ പി നദ്ദ

മുൻ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്‍റെ സംസ്കാര വിവാദത്തിൽ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ. മന്‍മോഹന്‍റെ മരണത്തില്‍ പോലും മല്ലികാർജുൻ ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും രാഷ്ട്രീയം കലര്‍ത്തുന്നു.ജീവിച്ചിരിക്കുമ്പോള്‍ മന്‍മോഹന്‍ സിങ്ങിനെ കോണ്‍ഗ്രസുകാര്‍ ബഹുമാനിച്ചിട്ടില്ല.മന്‍മോഹന്‍സിങ് പ്രധാനമന്ത്രിയായിരിക്കെ ഓര്‍ഡിനന്‍സ് കീറിയെറിഞ്ഞ ആളാണ് രാഹുല്‍.ഗാന്ധി കുടുംബം രാജ്യത്തെ ഒരു നേതാവിനെയും ബഹുമാനിച്ചിട്ടില്ലെന്നും വിലകുറഞ്ഞ രാഷ്ട്രീയത്തിൽ നിന്ന് കോൺഗ്രസ് വിട്ടുനിൽക്കണമെന്നും ജെ പി നദ്ദ വിമർശിച്ചു.

മൻമോഹൻ സിങിന്റെ മൃതദേഹം സംസ്കരിക്കുന്നതിനും സ്മാരകം നിർമ്മിക്കുന്നതിനും പ്രത്യേക സ്ഥലം അനുവദിക്കാത്തതിൽ കോൺഗ്രസിൽ അമർഷം പുകയുന്ന സാഹചര്യത്തിലാണ് ബിജെപി ദേശീയ അധ്യക്ഷന്റെ പ്രതികരണം. ആദ്യ സിഖ് പ്രധാനമന്ത്രിയായ മൻമോഹൻ സിങിനെ കേന്ദ്രസർക്കാർ ബോധപൂർവ്വം അപമാനിക്കുകയാണെന്ന് കോൺഗ്രസ് വിമർശിച്ചു. മുൻ പ്രധാനമന്ത്രിമാർക്കെല്ലാം അന്ത്യകർമ്മങ്ങൾക്കായി പ്രത്യേക സ്ഥലം അനുവദിച്ചിരുന്നതായി രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി.

ഇന്ദിരാഗാന്ധിയുടെ സമാധിസ്ഥലമായ ശക്തി സ്ഥലിലോ, രാജീവ് ഗാന്ധിയുടെ സ്മാരകം കുടികൊളളുന്ന വീർ ഭൂമിയിലോ മൻമോഹൻ സിങിന്റെ അന്ത്യകർമ്മങ്ങൾക്കും സംസ്കാര ചടങ്ങുകൾക്കും പ്രത്യേക സ്ഥലം അനുവദിക്കണമെന്നായിരുന്നു കോൺഗ്രസിന്റെ ആവശ്യം. ഈ ആവശ്യം പരിഗണിക്കാതെയാണ് അദ്ദേഹത്തെ നിഗം ബോധ് ഘട്ടില്‍ സംസ്കരിച്ചത്. വിവാദങ്ങൾ അനാവശ്യമാണെന്ന് വ്യക്തമാക്കിയ കേന്ദ്രസർക്കാർ സ്മാരകത്തിന് സ്ഥലംപിന്നീട് അനുവദിക്കാമെന്ന് കുടുംബത്തെ അറിയിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*