‘പാർട്ടിക്ക് വേണ്ടെങ്കിൽ മുന്നിൽ മറ്റു വഴികൾ ഉണ്ട്; പരിശ്രമിച്ചില്ലെങ്കിൽ കോൺ​ഗ്രസ് വീണ്ടും പ്രതിപക്ഷത്ത് ഇരിക്കേണ്ടിവരും’; ശശി തരൂർ

കോൺഗ്രസ് നേതൃത്വവുമായി ഡോ. ശശി തരൂർ എം പി ഇടഞ്ഞുതന്നെ. പാർട്ടിക്ക് തന്നെ വേണ്ടെങ്കിൽ തനിക്ക് മുന്നിൽ മറ്റു വഴികൾ ഉണ്ടെന്ന് ശശി തരൂർ ഇംഗ്ലീഷ് മാധ്യമത്തോട് പറഞ്ഞു. പരിശ്രമിച്ചില്ലെങ്കിൽ കോൺഗ്രസിന് കേരളത്തിൽ മൂന്നാമത്തെ തവണയും പ്രതിപക്ഷത്ത് ഇരിക്കേണ്ടിവരും. കേരളത്തിൽ കോൺഗ്രസിന് മികച്ച നേതൃത്വം ഇല്ല എന്ന് പ്രവർത്തകർക്ക് ആശങ്കയുണ്ടെന്നും ശശി തരൂർ തുറന്നുപറയുന്നു. ഇംഗ്ലീഷ് മാധ്യമത്തിന്റെ മലയാളം പോഡ്കാസ്റ്റിലാണ് തരൂരിന്റെ പ്രതികരണം.

വോട്ട് ബാങ്കിന് അപ്പുറത്തേക്ക് ജനങ്ങളുടെ വോട്ടുകൾ നേടാൻ കഴിയണമെന്നും തനിക്ക് അതിന് കഴിയുമെന്നും ശശി തരൂർ പറയുന്നു. സ്വന്തം വോട്ടുകൾ കൊണ്ട് മാത്രം കോൺഗ്രസിന് തിരഞ്ഞെടുപ്പ് ജയിക്കാനാകില്ല. കോൺഗ്രസിനെ എതിർക്കുന്നവർ പോലും തനിക്ക് വോട്ട് ചെയ്യുന്നുണ്ട്. തന്റെ സംസാരവും പെരുമാറ്റവും ജനങ്ങൾക്കിഷ്ടമാണെന്നും ശശി തരൂർ പറയുന്നു.

സംസ്ഥാനത്തിൻ്റെയും രാജ്യത്തിൻ്റെയും വികസനത്തെക്കുറിച്ച് സ്വതന്ത്രമായി അഭിപ്രായം പ്രകടിപ്പിക്കാനുള്ള തൻ്റെ അവകാശത്തെ ജനങ്ങൾ പിന്തുണച്ചതുകൊണ്ടാണ് തിരുവനന്തപുരം എംപിയായി നാലുതവണ തിരഞ്ഞെടുക്കപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. സോണിയ ഗാന്ധി, മൻമോഹൻ സിംഗ്, രമേശ് ചെന്നിത്തല എന്നിവരുൾപ്പെടെയുള്ള മുതിർന്ന കോൺഗ്രസ് നേതാക്കളുടെ പ്രേരണയെ തുടർന്നാണ് താൻ യുഎസിലെ ജീവിതം ഉപേക്ഷിച്ച് രാഷ്ട്രീയത്തിൽ ചേരാൻ തീരുമാനിച്ചതെന്ന് തരൂർ ചൂണ്ടിക്കാട്ടി.

രാജ്യത്തിൻ്റെയും കേരളത്തിൻ്റെയും പുരോഗതിയുടെ കാര്യത്തിൽ താൻ എല്ലായ്‌പ്പോഴും അഭിപ്രായങ്ങൾ നിർഭയമായി പ്രകടിപ്പിച്ചിട്ടുണ്ടെന്നും ശശി തരൂർ പറഞ്ഞു. “ഞാൻ ഒരു രാഷ്ട്രീയക്കാരനെപ്പോലെയല്ല ചിന്തിക്കുന്നത്. സങ്കുചിതമായ രാഷ്ട്രീയ ചിന്തകൾ എനിക്കൊരിക്കലും ഉണ്ടായിരുന്നില്ല,” അദ്ദേഹം പറഞ്ഞു. “എനിക്ക് ബോധ്യപ്പെട്ട ഒരു കാര്യത്തെക്കുറിച്ച് അഭിപ്രായം പറയുന്നതിന് മുമ്പ് ഞാൻ രാഷ്ട്രീയ പ്രത്യാഘാതങ്ങളെക്കുറിച്ച് ചിന്തിച്ചിട്ടില്ല. കോൺഗ്രസിൻ്റെ എതിരാളികളായ സർക്കാരുകളുടെയോ പാർട്ടികളുടെയോ നല്ല കാര്യങ്ങളെ ഞാൻ ചിലപ്പോൾ അഭിനന്ദിക്കുന്നത് ഇതുകൊണ്ടാണ്” ശശി തരൂർ പറഞ്ഞു.

പാർട്ടി മാറുന്നതിനെ കുറിച്ച് താൻ ആലോചിക്കുന്നുവെന്ന അഭ്യൂഹങ്ങൾ തള്ളിയ തരൂർ, ചില കാര്യങ്ങളിൽ യോജിപ്പില്ലാത്തതുകൊണ്ട് പാർട്ടി മാറണമെന്ന് കരുതുന്നില്ലെന്നും പറഞ്ഞു. കോൺഗ്രസിൻ്റെ പ്രത്യയശാസ്ത്രവും ആശയങ്ങളും മുന്നോട്ട് കൊണ്ടുപോകാൻ ശക്തമായ സംഘടനാ സജ്ജീകരണം വേണമെന്നും തരൂർ പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*