ഐ ബി ഉദ്യോഗസ്ഥയുടെ മരണം; മുൻ‌കൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ച് സുകാന്ത്

തിരുവനന്തപുരം വിമാനത്താവളത്തിലെ ഐ ബി ഉദ്യോഗസ്ഥ ട്രെയിൻ തട്ടി മരിച്ച സംഭവത്തിൽ യുവതിയുടെ വീട്ടുകാരെ കുറ്റപ്പെടുത്തി ആൺസുഹൃത്തിൻ്റെ മുൻകൂർ ജാമ്യഹർജി. യുവതിയുടെ മരണത്തിന് ശേഷം ഒളിവിൽപ്പോയ മലപ്പുറം എടപ്പാൾ സ്വദേശി സുകാന്ത് സുരേഷാണ് മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്.

ഐ ബി ഉദ്യോഗസ്ഥയായ 23 കാരിയുടെ മരണത്തിൽ തനിക്ക് യാതൊരു പങ്കുമില്ലെന്ന് സുകാന്ത് ഹർജിയിൽ പറയുന്നു. വൈകാരികമായും മാനസികമായും ഏറെ അടുപ്പമുണ്ടായിരുന്ന തങ്ങൾ വിവാഹം കഴിച്ച് ഒരുമിച്ച് ജീവിക്കാൻ ആഗ്രഹിച്ചിരുന്നു. തങ്ങളുടെ വീട്ടുകാർ വിവാഹത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്തു. എന്നാൽ ജ്യോതിഷിയുടെ അഭിപ്രായം തേടിയ യുവതിയുടെ വീട്ടുകാർ താനുമായി ഏതെങ്കിലും വിധത്തിൽ ബന്ധം പുലർത്തുന്നതിനെ എതിർക്കുകയായിരുന്നു. യുവതി ഏതെങ്കിലും വിധത്തിൽ ആത്മഹത്യ ചെയ്തതാണെങ്കില്‍ അത് സ്വമേധയാ ചെയ്തതല്ല, മറിച്ച് തങ്ങളുടെ ബന്ധത്തെ എതിർത്ത മാതാപിതാക്കൾ ഏൽപ്പിച്ച സമ്മർദ്ദവും വിഷമവുമാണ് കാരണമെന്നും സുകാന്ത് ഹർജിയിൽ ആരോപിക്കുന്നു. യുവതിയുടെ മരണത്തിന് സുകാന്താണ് ഉത്തരവാദിയെന്ന് ചൂണ്ടിക്കാട്ടി കുടുംബം രംഗത്തെത്തിയിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*