ഉത്തരക്കടലാസ് നഷ്ട്മായ സംഭവം; സര്‍വകലാശാലയുടെ വീഴ്ചയ്ക്ക് വിദ്യാർഥികൾ ബുദ്ധിമുട്ടുന്നത് നീതിയല്ല, വിമർശിച്ച് ലോകായുക്ത

കേരള സര്‍വകലാശാലയ്ക്ക് ലോകായുക്തയുടെ രൂക്ഷ വിമര്‍ശനം. എം ബി എ എ പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ സംരക്ഷിക്കേണ്ടത് സര്‍വകലാശാലയുടെ ചുമതലയാണെന്ന് ലോകായുക്ത ചൂണ്ടിക്കാട്ടി. സര്‍വകലാശാലയുടെ വീഴ്ചയ്ക്ക് വിദ്യാര്‍ഥികൾ ബുദ്ധിമുട്ടുന്നത് സ്വാഭാവിക നീതിയല്ല. പുനഃപരീക്ഷയെഴുതിക്കാനുള്ള സര്‍വകലാശാലയുടെ തീരുമാനം യുക്തിപരമല്ലെന്നും ലോകായുക്ത വ്യക്തമാക്കി. കേരള സർവകലാശാല എംബിഎ വിദ്യാര്‍ഥി അഞ്ജന പ്രദീപിന്റെ ഹര്‍ജിയിലായിരുന്നു ലോകായുക്തയുടെ വിമർശനം.

കാലതാമസത്തിന് ശേഷം പരീക്ഷ എഴുതാന്‍ നിര്‍ദേശിക്കുന്നത് ശരിയായ നടപടിയല്ല. കാലാന്തരത്തില്‍ അക്കാദമിക് കാര്യങ്ങള്‍ വിദ്യാർഥികളുടെ ഓര്‍മയില്‍ നിന്ന് മാഞ്ഞുപോകാം. പുനഃപരീക്ഷ എഴുതുന്നത് വിദ്യാർഥികളുടെ മാനസികാവസ്ഥയെ അത് സാരമായി ബാധിക്കുമെന്നും ലോകായുക്ത കൂട്ടിച്ചേർത്തു.

അതേസമയം, എംബിഎ ഉത്തരക്കടലാസ് നഷ്ട്മായ, പുനഃപരീക്ഷയെഴുതാത്ത വിദ്യാര്‍ഥിക്ക് ശരാശരി മാര്‍ക്ക് നല്‍കാന്‍ ലോകായുക്ത നിര്‍ദേശം നൽകി. മൂന്നാം സെമസ്റ്ററിലെ പ്രൊജക്ട് ഫിനാന്‍സ് പേപ്പറിന് ശരാശരി മാര്‍ക്ക് നല്‍കണം. അക്കാദമിക് റെക്കോഡ് പരിശോധിച്ചായിരിക്കണം ശരാശരി മാര്‍ക്ക് നൽകേണ്ടതെന്നും ലോകായുക്ത ഡിവിഷന്‍ ബെഞ്ച് നിർദേശിച്ചു. വിദ്യാർഥിക്കായി പ്രത്യേകം പരീക്ഷ നടത്താമെന്ന സര്‍വകലാശാല നിര്‍ദേശവും ലോകായുക്ത തള്ളി.

Be the first to comment

Leave a Reply

Your email address will not be published.


*