
പാലക്കാട് അട്ടപ്പാടിയിലെ ആശുപത്രിയിൽ നിന്ന് കാണാതായ കുഞ്ഞിനെ കണ്ടെത്തി. കോട്ടത്തറ ആശുപത്രിയിൽ നിന്നും കാണാതായ നാലുമാസം പ്രായമായ പെൺകുഞ്ഞിനെയാണ് കണ്ടെത്തിയത്. മറ്റൊരു രോഗിയുടെ കൂട്ടിരിപ്പുകാരി കുഞ്ഞിനെ കൊണ്ടുപോവുകയായിരുന്നു. ഇന്ന് ഉച്ച മുതലാണ് കുഞ്ഞിനെ കാണാതായത്.
കുഞ്ഞിനെ കണ്ടെത്താനായി ആശുപത്രിയിലും പരിസര പ്രദേശത്തുമായി പൊലീസിന്റെ നേതൃത്വത്തിൽ നീണ്ട പരിശോധനകൾ നടത്തിയിരുന്നുവെങ്കിലും കണ്ടെത്താനായിരുന്നില്ല. ആശുപത്രിയിലുള്ള ആളുകളുടെയും മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. അപ്പോഴാണ് കൂട്ടിരിപ്പുകാരി കുഞ്ഞിനെ കൊണ്ടുപോയതായി പൊലീസിന് വിവരം ലഭിക്കുന്നത്. പിന്നീട് അട്ടപ്പാടി ആനക്കൽ ഭാഗത്ത് നിന്ന് കുഞ്ഞിനെയും കൂട്ടിരിപ്പുകാരിയെയും കണ്ടെത്തുകയായിരുന്നു. കുഞ്ഞിനെ തട്ടിക്കൊണ്ടു പോയതാണോ എന്നകാര്യത്തിലടക്കം വിശദമായ പരിശോധന നടത്തുകയാണ് അഗളി പൊലീസ്.
Be the first to comment