മുണ്ടക്കൈ- ചൂരൽമല പുനരധിവാസം; എൽസ്റ്റൺ എസ്റ്റേറ്റിന്റെ ഹർജിയിൽ ഇടപെടാതെ സുപ്രീം കോടതി

മുണ്ടക്കൈ- ചൂരൽമല പുനരധിവാസത്തിന് ഭൂമി ഏറ്റെടുത്തതിനെതിരെ എൽസ്റ്റൺ എസ്റ്റേറ്റ് നൽകിയ ഹർജിയിൽ ഇടപെടാതെ സുപ്രീം കോടതി. ഭൂമി സംസ്ഥാന സർക്കാർ ഏറ്റെടുത്തില്ലേയെന്ന് സുപ്രിംകോടതി. ഭൂമി ഏറ്റെടുക്കാൻ സർക്കാരിന് അധികാരമില്ലെന്ന് എൽസ്റ്റൺ എസ്റ്റേറ്റ്. നടപടിക്രമങ്ങൾ പാലിച്ചാണ് ഭൂമി ഏറ്റെടുത്തതെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു.

എൽസ്റ്റൺ എസ്റ്റേറ്റ് ഏറ്റെടുക്കുന്നത് സ്റ്റേ ചെയ്യണം എന്ന ആവശ്യംതള്ളിയാണ് സുപ്രീം കോടതി ഇടപെടാനില്ലെന്ന് അറിയിച്ചത്. എസ്റ്റേറ്റ് ഉടമകളുടെ ആവശ്യം ആണ് തള്ളിയത്. ഹൈക്കോടതി ഡിവിഷൻ ബഞ്ചിന് മുന്നിൽ വാദങ്ങൾ ഉന്നയിക്കാൻ നിർദേശം നൽകി. ജസ്റ്റിസ് ദിപാങ്കർ ദത്ത, ജസ്റ്റിസ് മൻമോഹൻ എന്നിവരുടെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. എസ്റ്റേറ്റ് ഏറ്റെടുക്കാൻ അനുവദിച്ച് കൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് അടിയന്തിരമായി സ്റ്റേ ചെയ്യണമെന്നായിരുന്നു ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്. മതിയായ നഷ്ടപരിഹാരം നൽകാതെ ഭൂമി ഏറ്റെടുക്കരുതെന്നായിരുന്നു ഹർജിയിലെ പ്രധാന ആവശ്യം.

ഭൂമി ഏറ്റെടുക്കാനുള്ള സർക്കാർ ഉത്തരവ് ഏകപക്ഷീയവും നിയമവിരുദ്ധവും ആണെന്നാണ് എൽസ്റ്റൺ എസ്റ്റേറ്റിന്റ വാദം. ഏറ്റെടുക്കുക ആണെങ്കിൽ 2013ലെ നിയമത്തിന്റെ അടിസ്ഥാനത്തിൽ നഷ്ടപരിഹാരം ലഭിക്കണം എന്നും എൽസ്റ്റൺ എസ്റ്റേറ്റ് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ഭൂമി ഏറ്റെടുക്കുമ്പോൾ 549 കോടിയിലേറെ രൂപയുടെ വൻ സാമ്പത്തിക നഷ്ടമാണുണ്ടാകുന്നുത്, ഇത് നികത്താൻ മതിയായ തുകയല്ല സർക്കാർ കെട്ടിവെച്ചതെന്നും ഹർജിയിൽ വിശദീകരിച്ചിരുന്നു. എന്നാൽ എൽസ്റ്റൺ എസ്റ്റേറ്റിന്റെ ഹർജി എത്തും മുൻപേ തന്നെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ തടസഹർജി നൽകിയിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*