
2013 മാര്‍ച്ച് 13നാണ് കര്‍ദിനാള്‍ ജോര്‍ജ് മാരിയോ ബര്‍ഗോളിയോ ആഗോള കത്തോലിക്കാ സഭയുടെ ഇടയനായി സ്ഥാനാരോഹണം ചെയ്യപ്പെട്ടത്. പുതിയ മാര്‍പാപ്പയെ എന്ത് പേരിലറിയപ്പെടുമെന്ന ചോദ്യത്തിന് വത്തിക്കാനില്‍ നിന്ന് ലഭിച്ച ഉത്തരം ഫ്രാന്‍സിസ് എന്നാണ്. എല്ലാവര്‍ക്കും അതൊരു അത്ഭുതമായി. കാരണം, അതുവരെ ഒരു മാര്‍പാപ്പയും ഫ്രാന്‍സിസ് എന്ന നാമം സ്വീകരിച്ചിരുന്നില്ല.
പിന്നീടുനടന്ന വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് അറിയേണ്ട പ്രധാന കാര്യം എന്തുകൊണ്ട് ഫ്രാന്‍സിസ് എന്നതായിരുന്നു. അതിന് മാര്‍പാപ്പ നല്‍കിയ മറുപടി, അസീസിയിലെ വിശുദ്ധ ഫ്രാന്‍സിസിന്റെ മാതൃകയാണ് താന്‍ പിന്തുടരുന്നതെന്നാണ്. ‘ദരിദ്രരുടെയാള്‍… സമാധാനത്തിന്റെയാള്‍… സൃഷ്ടിയെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നയാള്‍’. അരികുവത്കരിക്കപ്പെട്ടവര്‍ക്കുവേണ്ടിയാകും തന്റെ പ്രവര്‍ത്തനം എന്ന പ്രഖ്യാപനമായിരുന്നു അത്.
ഫ്രാന്‍സിസ് മാര്‍പാപ്പ മാതൃകയാക്കിയ വിശുദ്ധ ഫ്രാന്‍സിസ് അസീസിയിലെ ദരിദ്രന്‍ എന്നാണ് അറിയപ്പെടുന്നത്. 1182-ല്‍ ഇറ്റലിയിലെ അസീസി പട്ടണത്തിലാണ് അദ്ദേഹം ജനിച്ചത്. ധനിക വ്യാപാരിയായ ബെര്‍ണഡോണിന്റെ മകനായിരുന്നു ഫ്രാന്‍സിസ്. പ്രഭുക്കന്മാരുടെ മക്കളായിരുന്നു ഫ്രാന്‍സിസിന്റെ സൗഹൃദവലയം. കുടംബത്തിലെ സമ്പത്ത് ഫ്രാന്‍സിസിന് എല്ലാ ആനന്ദങ്ങളും പ്രദാനം ചെയ്തു.
ഒരു ദിവസം ഫ്രാന്‍സിസ് തന്റെ സുഹൃത്തുക്കളോടൊപ്പം തമാശ പറഞ്ഞിരിക്കുകയായിരുന്നു. അപ്പോഴാണ് ഒരു യാചകന്‍ ഭിക്ഷ യാചിച്ചുകൊണ്ട് അതുവഴി വന്നത്. ആ യാചകനെക്കുറിച്ചുള്ള ചിന്തകളാണ് ഫ്രാന്‍സിസിന്റെ ജീവിതം മാറ്റിമറിച്ചത്. പണം കൊടുത്ത് വാങ്ങുന്ന ആനന്ദത്തിന്റെ നിരര്‍ഥകത തിരിച്ചറിഞ്ഞ ഫ്രാന്‍സിസ് ആഡംബരങ്ങള്‍ ഉപേക്ഷിച്ചു. ഗുരുതരമായ ഒരു രോഗം ബാധിച്ച് മരണത്തിന്റെ തൊട്ടുമുന്നില്‍ നിന്ന് തിരിച്ചുവരാന്‍ ഇടയാവുകകൂടി ചെയ്തതോടെ ഫ്രാന്‍സിസ് തന്റെ ജീവിത നിയോഗം തിരിച്ചറിഞ്ഞു. ആഡംബരങ്ങളെല്ലാം ത്യജിച്ച് ദൈവസ്നേഹത്തിന്റെ പ്രചാരകനായി.
അസീസിയിലെ ഫ്രാന്‍സിസിനെപ്പോലെ തന്നെ പാവങ്ങളുടെയും പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെയും പരിസ്ഥിതിയുടേയും വക്താവായി ഫ്രാന്‍സിസ് മാര്‍പാപ്പയും മാറുകയായിരുന്നു.
Be the first to comment