
ഫ്രാൻസിസ് മാർപാപ്പയുടെ ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്നായിരുന്നു ഇന്ത്യ സന്ദർശനം. ഇന്ത്യ സന്ദര്‍ശിക്കാമെന്ന വാഗ്ദാനം പൂര്‍ത്തിയാക്കാനാകാതെയാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിത്യതയിലേക്കുള്ള മടക്കം. 2025 ൽ റോമിൽ നടക്കുന്ന “ജൂബിലി വർഷ” ആഘോഷങ്ങളുടെ സമാപനത്തിന് ശേഷമായിരിക്കും അദ്ദേഹത്തിന്റെ ഇന്ത്യാ സന്ദർശനമെന്നായിരുന്നു റിപ്പോർട്ടുകൾ.
പോപ്പ് തന്റെ ഭാവി സന്ദർശനങ്ങളുടെ പട്ടികയിൽ ഇന്ത്യയെ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് കർദ്ദിനാൾ ജോർജ് ജേക്കബ് കൂവക്കാട് വ്യക്തമാക്കിയിരുന്നു. എന്നാൽ ഒരു കൃത്യമായ സ്ഥിരീകരണം ഇതുമായി ബന്ധപ്പെട്ട് ലഭിച്ചിരുന്നില്ല. കഴിഞ്ഞ വർഷം, മാർപാപ്പ നടത്തിയ യാത്രകളിൽ ഒപ്പമുണ്ടായിരുന്നു കർദ്ദിനാൾ ജോർജ് ജേക്കബ് കൂവക്കാട്.
പോപ്പിന്റെ സന്ദർശനത്തിനായി ആകാംക്ഷയോടെ കാത്തിരുന്ന ഇന്ത്യൻ കത്തോലിക്കാ സമൂഹത്തിൽ ഈ പ്രഖ്യാപനം ഏറെ പ്രതീക്ഷകൾ ഉണർത്തിയിരുന്നു. എന്നാൽ അദ്ദേഹത്തെ സ്വാഗതം ചെയ്യാൻ വളരെക്കാലമായി കാത്തിരുന്ന കത്തോലിക്കർക്ക് ഈ വിയോഗവാർത്ത തീർത്തും വേദനാജനകം തന്നെയാണ്. 1964 ല്‍ പോള്‍ ആറാമനാണ് ആദ്യം ഇന്ത്യയിലെത്തിയ പോപ്പ്. മുംബൈയില്‍ നടന്ന അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസില്‍ പങ്കെടുക്കാനായിരുന്നു അദ്ദേഹത്തിന്റെ സന്ദര്‍ശനം. 1999-ൽ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയായിരുന്നു അവസാനമായി ഇന്ത്യ സന്ദർശിച്ചത്. ജോണ്‍ പോള്‍ 1986 ഫെബ്രുവരിയിലും 1999 നവംബറിലും ഇന്ത്യ സന്ദര്‍ശിച്ചിരുന്നു.
ഇന്ത്യയ്ക്ക് ഏറെ പ്രിയപ്പെട്ട ഫ്രാന്‍സിസ് മാര്‍പാപ്പ, ചാവറ കുര്യാക്കോസ് ഏലിയാസ്, ഏവുപ്രാസ്യാമ്മ, ദൈവസഹായം പിള്ള എന്നിവരെ വിശുദ്ധരായി പ്രഖ്യാപിച്ചു. റാണി മരിയ വട്ടാലിലിനെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചതും ഫ്രാന്‍സിസ് മാര്‍പാപ്പയാണ്. ഇന്ത്യയെ ഹൃദയത്തിൽ തൊട്ട ഫ്രാന്‍സിസ് മാര്‍പാപ്പ, ഗാന്ധിജിയുടെ ആശയങ്ങളും മനസ്സില്‍ സൂക്ഷിച്ചിരുന്നു.
ജി 7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും അദ്ദേഹത്തെ ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു. ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിക്കൊപ്പം വീൽചെയറിലാണ് ഫ്രാൻസിസ് മാർപാപ്പ ജി 7 ഉച്ചകോടിക്കെത്തിയത്. ഇറ്റാലിയൻ പ്രധാനമന്ത്രിയുടെ ക്ഷണിതാവായാണ് പോപ്പ് ഉച്ചകോടിക്കെത്തിയത്. അതിനിടെയായിരുന്നു മോദിയുടെ ക്ഷണം.
Be the first to comment