പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ മലയാളിയും; ഇടപ്പള്ളി സ്വദേശി രാമചന്ദ്രന്‍ കൊല്ലപ്പെട്ടുവെന്ന് വിവരം

പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ മലയാളിയുമെന്ന് സൂചന. കൊച്ചി ഇടപ്പള്ളി സ്വദേശി രാമചന്ദ്രന്‍ (65) കൊല്ലപ്പെട്ടുവെന്നാണ് വിവരം. കുടുംബത്തോടൊപ്പം വിനോദസഞ്ചാരത്തിന് പോയതായിരുന്നു രാമചന്ദ്രന്‍. ഇത്തരത്തിലൊരു വിവരം കിട്ടിയതായി കൊച്ചി സിറ്റി പോലിസ് കമ്മീഷ്ണര്‍ 24 നോട് സ്ഥിരീകരിച്ചു. ഭാര്യയുടെയും കുടുംബത്തിന്റെയും മുന്നില്‍ വച്ചായിരുന്നു രാമചന്ദ്രന്‍ മരിച്ചത്. മകളും ഒപ്പമുണ്ടായിരുന്നു. ഷീല രാമചന്ദ്രന്‍ ആണ് ഭാര്യ. രണ്ടുവര്‍ഷം മുന്‍പാണ് രാമചന്ദ്രന്‍ അബുദാബിയില്‍ നിന്നും നാട്ടിലെത്തിയത്.

ഇടപ്പള്ളി മങ്ങാട്ട് റോഡിലാണ് ഇവര്‍ താമസിക്കുന്നത്. ഇന്നലെയാണ് ഇവര്‍ ഹൈദരാബാദില്‍ നിന്ന് കശ്മീരിലേക്ക് പോയത്. 15ഓളം പേര്‍ സംഘത്തിലുണ്ടായിരുന്നുവെന്നാണ് വിവരം. സംഘത്തിലെ മറ്റുള്ളവര്‍ സുരക്ഷിതരാണെന്ന് ഇടപ്പള്ളി കൗണ്‍സിലര്‍ വിജയകുമാര്‍ പറഞ്ഞു.

അതേസമയം, പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ 16 പേര്‍ മരിച്ചതായി സ്ഥിരീകരിച്ചു.കര്‍ണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നുള്ള രണ്ട് പേര്‍ വീതം മരിച്ചു.കൊല്ലപ്പെട്ടവരില്‍ 2 വിദേശ പൗരന്മാരും ഉള്‍പ്പെടുന്നു. യുഎഇ, നേപ്പാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വിനോദസഞ്ചാരികളാണ് മരിച്ചത്. ഹരിയാന, യുപി, ഗുജറാത്ത്, ജമ്മു കശ്മീര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോ വിനോദസഞ്ചാരി വീതം മരിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*