കരള്‍ രോഗത്തിന് കാരണം എപ്പോഴും മദ്യപാനമാകണമെന്നില്ല, ഇക്കാര്യങ്ങളും ശ്രദ്ധിക്കണം

നമ്മുടെ ശരീരത്തില്‍ നിന്ന് വിഷാംശങ്ങള്‍ നീക്കം ചെയ്യുന്നത് ഉള്‍പ്പെടെ 500ഓളം ജോലികള്‍ ചെയ്യുന്ന ഒരു അത്ഭുത അവയവമാണ് നമ്മുടെയെല്ലാം കരള്‍. അതിനാല്‍ തന്നെ കരളിനെ കണ്ണിന്റെ കൃഷ്ണമണി പോലെ കാക്കേണ്ടതുണ്ട്. കരളിന്റെ ശരിയായ പ്രവര്‍ത്തനത്തെ തടസപ്പെടുത്തുന്ന ഒരു പ്രധാന വിഷവസ്തുവാണ് മദ്യമെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ കരള്‍രോഗത്തിന് എപ്പോഴും കാരണം മദ്യപാനം മാത്രമായിക്കൊള്ളണമെന്നില്ല. കരളിന്റെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്ന മറ്റ് ചില ഘടകങ്ങള്‍ അറിയാം.

മധുരത്തിന്റെ അമിതമായ ഉപയോഗം

മധുരം പ്രത്യേകിച്ച് പ്രൊസസ്ഡ് ഫുഡിലും പഞ്ചസാരയടങ്ങിയ ബിവറേജസിലുമുള്ള ഫ്രക്ടോസ് അമിതമായി ഉള്ളില്‍ ചെല്ലുന്നത് കരളിനെ ദോഷകരമായി ബാധിക്കും. ഇത് നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസിന്റെ പ്രധാന കാരണമാണ്.

വ്യായാമം ഇല്ലായ്മ

വ്യായാമക്കുറവും അടിവയറ്റില്‍ അടിഞ്ഞുകൂടുന്ന കൊഴുപ്പും കരളിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. വ്യായാമം ഇല്ലാതെ വരുമ്പോള്‍ കൊഴുപ്പ് ഉപയോഗിക്കാനോ വിഘടിക്കാനോ സാധിക്കാതെ ശരീരത്തില്‍ അടിഞ്ഞുകൂടുകയും ഇത് ഫാറ്റി ലിവറിന് കാരണമാകുകയും ചെയ്യുന്നു.

ചില മരുന്നുകളുടെ ഉപയോഗം

ചില ആന്റിബയോട്ടിക്കുകള്‍, പാരസെറ്റാമോള്‍ ഉള്‍പ്പെടെയുള്ള ചില മരുന്നുകള്‍ അമിതമായി ഉപയോഗിക്കുന്നത് കരളിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു.

ചില പോഷകങ്ങളുടെ അപര്യാപ്തത

ശരീരത്തിന് അവശ്യം വേണ്ട പോഷകങ്ങളായ കോളിന്‍, ഒമേഗ ത്രി ഫാറ്റി ആസിഡ്, ചില ആന്റിഓക്‌സിഡന്റ്‌സ് മുതലായവരുടെ അപര്യാപ്തത കരളിന് കൂടുതലായി ഓക്‌സിഡേറ്റീവ് ഡാമേജ് വരാന്‍ കാരണമാകുന്നു.

ഉറക്കമില്ലായ്മ

ആവശ്യത്തിന് ഉറക്കമില്ലാത്തതും സിര്‍കാഡിയന്‍ റിഥം തടസപ്പെടുന്നതും ശരീരത്തിന്റെ മെറ്റബോളിസവും വിഷപദാര്‍ഥങ്ങള്‍ നീക്കം ചെയ്യാനുള്ള കഴിവും തകരാറിലാക്കുന്നു. ഇത് കരളിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു.

നിര്‍ജലീകരണം

ധാരാളം വെള്ളം കുടിക്കുന്നത് ശരീരത്തില്‍ നിന്ന് വിഷപദാര്‍ത്ഥങ്ങള്‍ പുറന്തള്ളുന്നതിന് അത്യാവശ്യമാണ്. ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുന്നത് ശരീരത്തിലെ വിഷപദാര്‍ത്ഥങ്ങള്‍ കെട്ടിക്കിടക്കാന്‍ കാരണമാകുകയും ഇത് കരളിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യും.

Be the first to comment

Leave a Reply

Your email address will not be published.


*