
ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾ ഉൾപ്പെടെ 26 പേർ കൊല്ലപ്പെട്ട ഭീകരാക്രമണത്തെക്കുറിച്ച് ന്യൂയോർക്ക് ടൈംസിൻ്റെ റിപ്പോർട്ടിനെ നിശിതമായി വിമർശിച്ച് അമേരിക്കയിലെ ട്രംപ് ഭരണകൂടം. “ഭീകരർ” എന്നതിന് പകരം “വിഘടനവാദികൾ”, “തോക്കുധാരികൾ” തുടങ്ങിയ പദങ്ങൾ ഉപയോഗിച്ച് പ്രസിദ്ധീകരിച്ച വാർത്ത ഭീകരാക്രമണത്തിൻ്റെ ഗൗരവം കുറച്ചുകാണുന്നുവെന്ന് യുഎസ് ഹൗസ് വിദേശകാര്യ കമ്മിറ്റി കുറ്റപ്പെടുത്തി.
ന്യൂയോർക് ടൈംസ് വാർത്തയുടെ സ്ക്രീൻഷോട്ട് എക്സിൽ പങ്കുവെച്ച കമ്മിറ്റി, ഈ വാർത്തയിൽ വിഘടനവാദികൾ (militants) എന്ന ഇംഗ്ലീഷ് വാക്ക് വെട്ടി ഭീകരർ എന്നർത്ഥം വരുന്ന Terrorists എന്ന ഇംഗ്ലീഷ് വാക്ക് ചുവന്ന അക്ഷരത്തിൽ എഴുതിച്ചേർത്തു. ഇന്ത്യയിലും ഇസ്രയേലിലുമെല്ലാം നടക്കുന്ന ഭീകരാക്രമണങ്ങളോടുള്ള ന്യൂയോർക് ടൈംസിൻ്റെ നിലപാടിതാണെന്നും ഭീകരവാദത്തെ അങ്ങനെ തന്നെ പറയണമെന്നും കമ്മിറ്റി നിർദ്ദേശിക്കുന്നു.
പാകിസ്ഥാൻ ആസ്ഥാനമായുള്ള നിരോധിത ഭീകര സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബ കശ്മീരിലെ ദി റെസിസ്റ്റൻസ് ഫ്രണ്ട് എന്ന പ്രാദേശിക സംഘടനയുമായി ചേർന്നാണ് പഹൽഗാമിൽ ആക്രമണം നടത്തിയത്. ഇതിന് ശക്തമായ ഭാഷയിൽ തിരിച്ചടിക്കുമെന്നാണ് മോദി സർക്കാർ വ്യക്തമാക്കിയത്. അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഫോണിൽ പ്രധാനമന്ത്രി മോദിയോട് സംസാരിക്കുകയും സംഭവത്തെ അപലപിക്കുകയും അനുശോചനം രേഖപ്പെടുത്തുകയും ചെയ്തിരുന്നു. യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസും പ്രധാനമന്ത്രി മോദിയെ വിളിച്ച് ആക്രമണത്തെ അപലപിച്ചു ഭീകരാക്രമണം നടന്ന സമയത്ത് വാൻസും കുടുംബവും ഇന്ത്യയിലായിരുന്നു.
Be the first to comment