‘ഒരു കുറ്റവാളി പോലും ഒരു സ്ഥാനവും വഹിക്കില്ല’; തമിഴ്‌നാട്ടില്‍ അഴിമതി രഹിത സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് വിജയ്‌

കോയമ്പത്തൂർ: തമിഴക വെട്രി കഴകം (ടിവികെ) അധികാരത്തിൽ വന്നുകഴിഞ്ഞാൽ ഒരു കുറ്റവാളി പോലും ഒരു സ്ഥാനവും വഹിക്കാത്ത അഴിമതി രഹിത സർക്കാരായിരിക്കുമതെന്ന് പാര്‍ട്ടി പ്രസിഡന്‍റും നടനുമായ വിജയ്. കോയമ്പത്തൂരിലെ കുറുമ്പപാളയം പ്രദേശത്തുള്ള ഒരു സ്വകാര്യ എഞ്ചിനീയറിങ്‌ കോളജിൽ നടന്ന ബൂത്ത് കമ്മിറ്റികളുടെ യോഗത്തിൽ പാർട്ടി അംഗങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

“നമ്മള്‍ അഴിമതി രഹിത സർക്കാർ രൂപീകരിക്കും. ഇതിനായി ബൂത്ത് കമ്മിറ്റി അംഗങ്ങളും പാർട്ടി കേഡർമാരും വോട്ടർമാരെ നേരിട്ട് കാണണം. സത്യസന്ധവും സുതാര്യവുമായ ഒരു സർക്കാർ ടിവികെ രൂപീകരിക്കും. ജനങ്ങളിലേക്ക് എത്തിക്കേണ്ട സന്ദേശമാണിത്” – വിജയ്‌ പറഞ്ഞു.

“നിങ്ങൾ ഇത് മനസിലാക്കുകയും അതിനനുസരിച്ച് പ്രവർത്തിക്കുകയും ചെയ്‌താൽ, നിങ്ങളുടെ നഗരം ശിരുവാണിയിലെ വെള്ളം പോലെ ശുദ്ധമായ ഒരു സർക്കാരായി മാറും. ടിവികെ സർക്കാർ വ്യക്തവും സത്യവും സുതാര്യവുമായി ഭരണം നടത്തും. എല്ലാവരും ഇത് ജനങ്ങളിലേക്ക് എത്തിക്കണം” അദ്ദേഹം കൂട്ടിച്ചേർത്തു.

പോളിങ്‌ ബൂത്തിലേക്ക് വോട്ടുചെയ്യാനെത്തുന്ന എല്ലാവരേയും സഹായിക്കണമെന്ന് പാർട്ടി അംഗങ്ങളോട് വിജയ്‌ ആഹ്വാനം ചെയ്‌തു. മുൻ മുഖ്യമന്ത്രി സി എൻ അണ്ണാദുരൈയുടെ വാക്കുകള്‍ ഓർമ്മിപ്പിച്ചുകൊണ്ട്, ‘ജനങ്ങളുടെ അടുത്തേക്ക് പോകുക, അവർക്കിടയിൽ ജീവിക്കുക, അവരിൽ നിന്ന് പഠിക്കുക, അവരെ സേവിക്കുക, അവരോടൊപ്പം ആസൂത്രണം ചെയ്യുക, അവർക്കറിയാവുന്നതിൽ നിന്ന് ആരംഭിക്കുക, അവർക്കുള്ളത് കൊണ്ട് നിർമ്മിക്കുക’ എന്ന് വിജയ് അംഗങ്ങളോട് പറഞ്ഞു. ടിവികെ ജനറൽ സെക്രട്ടറി ബുസി ആനന്ദ്, ഡെപ്യൂട്ടി അധവ് അർജുന എന്നിവരും സമ്മേളനത്തെ അഭിസംബോധന ചെയ്‌തു.

വൈകുന്നേരം മൂന്നരയ്‌ക്ക് യോഗം ആരംഭിച്ചെങ്കിലും വിജയ് നാലരയ്‌ക്കാണ് വേദിയിലെത്തിയത്. ആയിരക്കണക്കിന് ആരാധകരും പാർട്ടി അംഗങ്ങളും വിജയ്‌ക്ക് ഊഷ്‌മളമായ സ്വീകരണം നൽകി. ടിവികെ പ്രസിഡന്‍റ് വേദിയിലേക്ക് അടുക്കുമ്പോൾ ജനക്കൂട്ടത്തിനിടയിൽ നിന്നിരുന്ന ഒരു യുവതി ബോധരഹിതയായിയിരുന്നു. അന്നൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്‌ടർ സെൽവൻ ഉടൻ തന്നെ ഇവരെ അടുത്തുള്ള ഒരു സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചു.

 

Be the first to comment

Leave a Reply

Your email address will not be published.


*