‘വിവാഹത്തിന് കിട്ടുന്ന സ്വര്‍ണവും പണവും വധുവിന്റേത് മാത്രം’; തെളിവ് ആവശ്യപ്പെടരുതെന്ന് ഹൈക്കോടതി

കൊച്ചി: വിവാഹത്തിന് വധുവിന് കിട്ടുന്ന സ്വര്‍ണവും പണവും വധുവിന്റെ മാത്രം സ്വത്താണെന്ന് ഹൈക്കോടതി. ഗാര്‍ഹിക പീഡന, സ്ത്രീധന പീഡന പരാതികളുടെയും വിവാഹമോചനത്തിന്റെയും ഘട്ടത്തില്‍ ഉടമസ്ഥത തെളിയിക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ട് മനസ്സിലാക്കി കോടതികള്‍ നീതി നടപ്പാക്കണമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, ജസ്റ്റിസ് ബി.സ്‌നേഹലത എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു.

വിവാഹത്തിന് വധുവിനു കിട്ടിയ സാധനങ്ങള്‍ക്കു ലിസ്റ്റോ രേഖയോ ഇല്ലാത്തതിനാല്‍ ഇത്തരം കേസുകളില്‍ നീതി നിഷേധിക്കപ്പെടുന്നുവെന്നും കോടതി പറഞ്ഞു. വിവാഹ ബന്ധം വേര്‍പിരിഞ്ഞിട്ടും സ്വര്‍ണവും വീട്ടുസാമഗ്രികളും തിരികെ ആവശ്യപ്പെട്ടെങ്കിലും എറണാകുളം കുടുംബക്കോടതി നിരസിച്ച സാഹചര്യത്തിലാണു കളമശേരി സ്വദേശി രശ്മി ഹൈക്കോടതിയിലെത്തിയത്. കേസില്‍ ഹര്‍ജിക്കാരിക്ക് 59.5 പവന്‍ സ്വര്‍ണമോ ഇതിന്റെ വിപണിവിലയോ നല്‍കാന്‍ കോടതി ഭര്‍ത്താവിനോടു നിര്‍ദേശിച്ചു.

2010ല്‍ കല്യാണ സമയത്ത് വീട്ടുകാര്‍ തനിക്ക് 63 പവന്‍ സ്വര്‍ണവും ഭര്‍ത്താവിനു 2 പവന്റെ മാലയും ബന്ധുക്കള്‍ സമ്മാനമായി 6 പവനും നല്‍കിയതായി ഹര്‍ജിക്കാരി പറയുന്നു. താലിമാലയും ഒരു വളയും രണ്ടു മോതിരവും ഒഴിച്ചുള്ളവ സൂക്ഷിക്കാനെന്നു പറഞ്ഞ് ഭര്‍തൃമാതാപിതാക്കളുടെ മുറിയിലേക്കു മാറ്റി. പിന്നീട് 5 ലക്ഷം രൂപ കൂടി നല്‍കാത്തതിന്റെ പേരില്‍ വിവാഹ ബന്ധത്തില്‍ വിള്ളലുണ്ടാകുകയായിരുന്നു. വിവാഹവേളയില്‍ സ്വര്‍ണവും പണവും സ്വകാര്യമായും അനൗദ്യോഗികമായും കൈമാറുന്നതു മൂലം രേഖയുണ്ടാകാറില്ലെന്നും ഈ സാഹചര്യം മുതലാക്കി ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും അതു കൈക്കലാക്കുന്ന പല കേസുകളുമുണ്ടെന്നും കോടതി പറഞ്ഞു.

‘സുരക്ഷയെക്കരുതി സ്വര്‍ണവും പണവും ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും സൂക്ഷിക്കുന്ന രീതിയുണ്ട്. ഇതോടെ, സ്വന്തം ആഭരണങ്ങളില്‍ തൊടാനുള്ള അവകാശം പോലും സ്ത്രീക്കു നിഷേധിക്കപ്പെടുന്നു. നിലവിലെ സാമൂഹിക, കുടുംബ സാഹചര്യങ്ങളില്‍ പെണ്‍കുട്ടികള്‍ക്കു തെളിവു ഹാജരാക്കാന്‍ കഴിയാറില്ല. അതിനാല്‍ ക്രിമിനല്‍ കേസിലെന്ന പോലെ കര്‍ശനമായ തെളിവ് ആവശ്യപ്പെടരുത്. നീതി എന്നതു കര്‍ശന നടപടിക്രമങ്ങള്‍ക്ക് അപ്പുറം സത്യത്തെയും അതിന്റെ യഥാര്‍ഥ പശ്ചാത്തലത്തെയും അംഗീകരിക്കുന്നതാണ്’ കോടതി വിധിന്യായത്തില്‍ പറഞ്ഞു.

 

 

Be the first to comment

Leave a Reply

Your email address will not be published.


*