‘കത്തില്‍ എവിടേക്കാണ് വരേണ്ടത് എന്നു പോലുമില്ല; വിഴിഞ്ഞം കമ്മിഷനിങില്‍ പങ്കെടുക്കുന്ന കാര്യം പാര്‍ട്ടിയുമായി ആലോചിച്ചു തീരുമാനിക്കും’ ; വി ഡി സതീശന്‍

വിഴിഞ്ഞം കമ്മിഷനിങ് പരിപാടിയില്‍ പങ്കെടുക്കുന്ന കാര്യം പാര്‍ട്ടിയുമായി ആലോചിച്ചു തീരുമാനിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. തനിക്ക് കിട്ടിയ കത്തില്‍ എവിടേക്കാണ് വരേണ്ടത് എന്നു പോലുമില്ലെന്നും തലേ ദിവസത്തെ തിയതിയിലാണ് കത്ത്, അന്ന് ക്ഷണിക്കുന്നില്ല എന്നായിരുന്നല്ലോ തീരുമാനമെന്നും വി ഡി സതീശന്‍ പറഞ്ഞു.

വിഴിഞ്ഞം തുറമുഖം യാഥാര്‍ത്ഥ്യമാകാന്‍ കാരണം ഉമ്മന്‍ചാണ്ടിയുടേയും അന്നത്തെ സര്‍ക്കാരിന്റെയും ഇച്ഛാശക്തിയാണ്. അത് ജനങ്ങള്‍ക്ക് നന്നായിട്ടറിയാം. വല്ലവരും ചെയ്യുന്നതിന്റെ പിതൃത്വം ഏറ്റെടുക്കുകയാണ് മുഖ്യമന്ത്രിയുടെ സ്ഥിരം പരിപാടി. നാലാമത്തെ വാര്‍ഷികവും വിഴിഞ്ഞം ഉദ്ഘാടനവും രണ്ട് പരിപാടിയാണ്. വിഴിഞ്ഞത്ത് നടക്കുന്നത് കടല്‍കൊള്ള എന്ന് പറഞ്ഞവരാണ് സിപിഐഎം. സംസ്ഥാന സര്‍ക്കാര്‍ ചെയ്യേണ്ടത് ഒന്നും ചെയ്തിട്ടില്ല. വാര്‍ഷികം സാധാരണക്കാരന്റെ പണം ഉപയോഗിച്ച് ആണ് നടത്തുന്നത്. എന്റെ കേരളം പരിപാടിക്ക് 15 കോടിയുടെ ഹോര്‍ഡിങ് ആണ് വച്ചിരിക്കുന്നത് . കുട്ടികള്‍ക്ക് മുഖ്യമന്ത്രിയുടെ ഫോട്ടോ വച്ച് ചുവന്ന ടീഷര്‍ട്ട് കൊടുക്കുകയാണ്. ലഹരി വിരുദ്ധ പരിപാടിയും മാര്‍ക്‌സിസ്റ്റ് വല്‍ക്കരിക്കുകയാണോ. നാണമുണ്ടോ സര്‍ക്കാരേ – പ്രതിപക്ഷ നേതാവ് ചോദിച്ചു.

ഗവണ്‍മെന്റ് ചെയ്യുന്നതെല്ലാം അപകടത്തിലാവുകയാണെന്ന് അദ്ദേഹം പറഞ്ഞു. ലോകബാങ്കിന്റെ 140 കോടി രൂപ വകമാറ്റി ചെലവഴിച്ചിരിക്കുകയാണ്. പണമില്ലാത്തതുകൊണ്ടാണ്. പണമില്ലാത്ത ഈ സര്‍ക്കാരാണ് 100 കോടി രൂപയിലധികം ചിലവാക്കി വാര്‍ഷികാഘോഷം നടത്തുന്നത്. ഈ വാര്‍ഷികാഘോഷം ജനങ്ങളുടെ പണമെടുത്ത് നടത്തുന്ന ആര്‍ഭാടമാണ്. ഈ നാലാം വാര്‍ഷികത്തില്‍ അഭിമാനിക്കാവുന്ന ഒന്നും സര്‍ക്കാരിനില്ല. എന്നിട്ടും മുഖ്യമന്ത്രിയുടെ 15 കോടിയുടെ ഹോര്‍ഡിംഗ് വച്ചിരിക്കുകയാണ്. നാണംകെട്ട സര്‍ക്കാരാണിത്. സ്‌കൂളിലെ പാചകതൊഴിലാളികള്‍ക്ക് കൊടുക്കാന്‍ പോലും പണമില്ല. ജനങ്ങളുടെ പണമാണെടുക്കുന്നത് – വി ഡി സതീശന്‍ പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*