കോട്ടയം ഷൂട്ടിങ് പരിശീലകന്‍ ദ്രോണാചാര്യ പൊഫ്ര സണ്ണി തോമസ് അന്തരിച്ചു

കോട്ടയം: ഷൂട്ടിങ് പരിശീലകന്‍ ദ്രോണാചാര്യ പൊഫ്ര സണ്ണി തോമസ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് 85ആം വയസില്‍ കോട്ടയം ഉഴവൂരിലെ വീട്ടിലായിരുന്നു അന്ത്യം. ഒളിമ്പിക്‌സ് സ്വര്‍ണമടക്കം അന്താരാഷ്ട്ര വേദികളില്‍ ഇന്ത്യ നൂറിലധികം മെഡലുകള്‍ വെടിവെച്ചിട്ടത് സണ്ണി തോമസിന്റെ ശിക്ഷണത്തിലായിരുന്നു.

അഭിനവ് ബിന്ദ്ര, ജസ്പാല്‍ റാണ, രാജ്യവര്‍ധന്‍ സിങ് റാത്തോര്‍, അഞ്ജലി ഭാഗവത്, ഗഗന്‍ നാരംഗ് തുടങ്ങിയ പ്രമുഖരായ ശിഷ്യന്‍മാരുടെ നിര തന്നെ സണ്ണി തോമസിനുണ്ട്. ഇതിഹാസങ്ങളായ ഈ ശിഷ്യഗണങ്ങളുടെ പേരുകള്‍ മതി സണ്ണി തോമസിന്റെ തലപ്പൊക്കം മനസിലാകാന്‍.

പത്താം വയസില്‍ നാടന്‍ തോക്കിലായിരുന്നു സണ്ണി തോമസിന്റെ ആദ്യ പരീക്ഷണം. കോട്ടയം റൈഫിള്‍ ക്ലബില്‍ ചേര്‍ന്നതോടെ അത് ശാസ്ത്രീയമായി. പിന്നീട് ഇംഗ്ലീഷ് അധ്യാപകനായപ്പോഴും തോക്കിനോടുള്ള കമ്പം വിട്ടില്ല. അഞ്ച് തവണ സംസ്ഥാന ചാമ്പ്യനും 1976ല്‍ ദേശീയ ചാമ്പ്യനുമായി. 1993ലാണ് ദേശീയ ഷൂട്ടിങ് പരിശീലകനായി സണ്ണി തോമസ് അവരോധിക്കപ്പെടുന്നത്. ലക്ഷ്യമില്ലാതെ വെടിയുതിര്‍ത്ത് നടന്നിരുന്ന ഇന്ത്യന്‍ ഷൂട്ടിങിന് അദ്ദേഹം നേര്‍വഴി കണിച്ചു. ചൈനീസ് ആധിപത്യത്തിന് വെല്ലുവിളി ഉയര്‍ത്തി ഇന്ത്യ വെടിയുതിര്‍ത്തു. മെഡലുകള്‍ വരിവരിയായെത്തി.

2004ല്‍ രാജ്യവര്‍ധന്‍ സിങ് റാത്തോറിലൂടെ ആദ്യ ആദ്യ ഒളിമ്പിക്‌സ് വ്യക്തഗത വെള്ളി. 2008ല്‍ അഭിനവ് ബിന്ദ്രയിലൂടെ രാജ്യത്തിന്റെ ആദ്യ ഒളിമ്പിക്‌സ് സ്വര്‍ണം. 2012ല്‍ രണ്ട് മെഡലുകള്‍ കൂടി… ഇങ്ങനെ അന്താരാഷ്ട്ര വേദിയില്‍ നൂറിലധികം മെഡലുകളാണ് സണ്ണി തോമസിന്റെ ശിക്ഷണത്തില്‍ ഇന്ത്യ വെടിവച്ചിട്ടത്. ഒടുവില്‍ 2014ല്‍ 19 വര്‍ഷം നീണ്ട പരിശീലക ജീവിതത്തിന് അവസാനമിട്ട് തോക്കുതാഴെവച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*