
അനധികൃത വിദേശ പൗരന്മാരാണെന്ന് സംശയിക്കുന്ന വ്യക്തികളിൽ നിന്ന് പൗരത്വത്തിന്റെ തെളിവായി ഡൽഹി പോലീസ് ഇനി വോട്ടർ ഐഡി കാർഡുകളോ ഇന്ത്യൻ പാസ്പോർട്ടുകളോ മാത്രമേ സ്വീകരിക്കൂ. ആധാർ, പാൻ, റേഷൻ കാർഡുകൾ എന്നിവ ഇനി മതിയാകില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് പറയുന്നു.
നിരവധി അനധികൃത കുടിയേറ്റക്കാരുടെ പക്കൽ നിന്നും ആധാറും ഇന്ത്യ നൽകിയ മറ്റ് രേഖകളും കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ സുരക്ഷ കർശനമാക്കിയതോടെയാണ് ഈ നടപടിയും. എല്ലാ പോലീസ് ഡെപ്യൂട്ടി കമ്മീഷണർമാരോടും അവരവരുടെ ജില്ലകൾ നിരീക്ഷിക്കാനും അനധികൃത കുടിയേറ്റക്കാർക്കെതിരെ കർശന നടപടികൾ തുടരാനും നിർദ്ദേശം നൽകിയിട്ടുണ്ട്.
ഡൽഹിയിൽ ഏകദേശം 3,500 പാകിസ്ഥാൻ പൗരന്മാരുണ്ടെന്നാണ് വിവരം. ഇവരെയെല്ലാം പരിശോധിക്കും. 400-ലധികം പേർ ഇതിനകം പാകിസ്ഥാനിലേക്ക് മടങ്ങി. ഇവരുടെയെല്ലാം കൈവശം ഹ്രസ്വകാല വിസകളാണ് ഉണ്ടായിരുന്നത്. നയതന്ത്ര, ദീർഘകാല വിസകൾ കൈവശമുള്ളവർക്ക് രാജ്യത്ത് തുടരാനാവും. അതേസമയം ഇന്ത്യ – പാക് ബന്ധം കൂടുതൽ വഷളായിരിക്കെ ഇന്ത്യയുടെ ഭാഗത്ത് നിന്ന് പാകിസ്ഥാനെതിരെ ആക്രമണം ഉണ്ടാകുമോയെന്ന് ഉറ്റുനോക്കുകയാണ് രാജ്യം. പല രാജ്യങ്ങളും സംഘർഷം ഒഴിവാക്കണമെന്ന നിലപാടുകാരാണ്. അതേസമയം ഇന്ത്യയുട് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
Be the first to comment