
മെയ് 9 ന് മോസ്കോയിൽ നടക്കാനിരിക്കുന്ന റഷ്യയുടെ വിജയദിനാഘോഷത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കില്ല. റഷ്യൻ വിദേശകാര്യ വക്താവ് വാർത്താ ഏജൻസിയായ റോയിട്ടേഴ്സിനോടാണ് ഇക്കാര്യം വ്യക്തമാക്കിയത്. പഹൽഗാമിലെ ഭീകരാക്രമണത്തെത്തുടർന്ന് നിലവിലുള്ള സുരക്ഷാ സാഹചര്യം കണക്കിലെടുത്താണ് പ്രധാനമന്ത്രി വിദേശയാത്ര മാറ്റിവച്ചതെന്നാണ് നിഗമനം.
പ്രധാനമന്ത്രിയുടെ തീരുമാനത്തിന് പിന്നിലെ കാരണം റഷ്യൻ ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടില്ല. രണ്ടാം ലോകമഹായുദ്ധത്തിൽ നാസി ജർമ്മനിക്കെതിരായ വിജയത്തിന്റെ 80-ാം വാർഷികത്തോടനുബന്ധിച്ചാണ് റഷ്യയിലെ പരിപാടി. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് ഉൾപ്പെടെ നിരവധി അന്താരാഷ്ട്ര നേതാക്കൾ റഷ്യയിലെത്തുമെന്ന് അറിയിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും യാത്ര നിശ്ചയിച്ചിരുന്നെങ്കിലും പരിപാടിയിൽ നിന്ന് അവസാന നിമിഷം പിന്മാറുകയായിരുന്നു.
ഏപ്രിൽ 22 ന് ജമ്മു കശ്മീരിലെ പഹൽഗാമിലെ ബൈസരൺവാലി താഴ്വരയിൽ നടന്ന ഭീകരാക്രമണത്തിൽ 26 പേരാണ് കൊല്ലപ്പെട്ടത്. ഇവരിൽ കൂടുതലും വിനോദസഞ്ചാരികളായിരുന്നു. ആക്രമണം നടന്ന സമയത്ത് സൗദി അറേബ്യയിൽ ഔദ്യോഗിക സന്ദർശനത്തിലായിരുന്ന പ്രധാനമന്ത്രി മോദി യാത്ര വെട്ടിച്ചുരുക്കി നാട്ടിലേക്ക് മടങ്ങിയിരുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഡൽഹിയിൽ നിർണായകമായ പല കൂടിക്കാഴ്ചകളും പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്നിരുന്നു. പഹൽഗാം ആക്രമണത്തിന് തിരിച്ചടിക്കാൻ സൈനിക വിഭാഗങ്ങൾക്ക് പൂർണ സ്വാതന്ത്ര്യം നൽകിയെന്നാണ് ഇന്നലെ പ്രധാനമന്ത്രി വ്യക്തമാക്കിയത്.
Be the first to comment