ഇന്ത്യക്കാര്‍ക്ക് കൂടുതല്‍ വിസ അനുവദിക്കുന്നതില്‍ നിയന്ത്രണം; അധിക വിസ 100 എണ്ണം മാത്രം

ലണ്ടന്‍: ഇന്ത്യക്കാര്‍ക്ക് കൂടുതല്‍ വിസ അനുവദിക്കുന്നതില്‍ കര്‍ശന നിയന്ത്രണവുമായി യു.കെ സര്‍ക്കാര്‍. ഇന്ത്യന്‍ ഐടി, ഹെല്‍ത്ത് പ്രൊഫഷണലുകള്‍ക്കുള്ള അധിക വിസയുടെ എണ്ണം കൂട്ടണമെന്ന ഇന്ത്യയുടെ ആവശ്യം പരിഗണിക്കപ്പെട്ടില്ല. വര്‍ഷത്തില്‍ 100 അധിക വിസകള്‍ മാത്രമേ നല്‍കൂ എന്നാണ് യുകെയുടെ നിലപാട്. ലണ്ടനില്‍ ഇരു രാജ്യങ്ങളുടെയും വാണിജ്യകാര്യ മന്ത്രിമാര്‍ തമ്മില്‍ നടന്ന ചര്‍ച്ചയില്‍ ഇന്ത്യ കൂടുതല്‍ വീസയെന്ന ആവശ്യം ആവര്‍ത്തിച്ചെങ്കിലും ഫലമില്ല. ഇന്ത്യന്‍ വാണിജ്യ, വ്യവസായകാര്യ മന്ത്രി പിയൂഷ് ഗോയലുമായി യുകെ വാണിജ്യമന്ത്രി ജോനാഥന്‍ റെയ്നോള്‍ഡ്സ് നടത്തിയ ചര്‍ച്ചയില്‍, യുകെ നേരിടുന്ന കുടിയേറ്റ പ്രശ്നമാണ് വിസയുടെ എണ്ണം പരിമിതപ്പെടുത്താന്‍ പ്രാധാന കാരണമായി ചൂണ്ടിക്കാണിച്ചത്.

കടുത്ത രാഷ്ട്രീയ സമ്മര്‍ദ്ദം ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ക്കുള്ള പ്രൊഫഷണല്‍വിസ നിയന്ത്രിക്കുന്നതിന് ബ്രിട്ടീഷ് സര്‍ക്കാരിന് മേല്‍ കടുത്ത രാഷ്ട്രീയ സമ്മര്‍ദ്ദമാണുള്ളത്. ഐടി, ഹെല്‍ത്ത് കെയര്‍ മേഖലകളില്‍ യുകെയില്‍ പ്രൊഫഷണലുകളെ ആവശ്യമാണെങ്കിലും വര്‍ധിച്ചു വരുന്ന കുടിയേറ്റം, വീസ നിയന്ത്രണത്തിന് സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നതായി ബ്രിട്ടീഷ് പത്രമായ പൊളിട്ടിക്കോ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യക്കാര്‍ക്കുള്ള വീസയില്‍ ഗണ്യമായ വര്‍ധന വേണമെന്ന് ചര്‍ച്ചയില്‍ മന്ത്രി പിയൂഷ് ഗോയല്‍ ആവശ്യപ്പെട്ടെങ്കിലും അംഗീകരിക്കപ്പെട്ടില്ല.

Be the first to comment

Leave a Reply

Your email address will not be published.


*