എടിഎം ഇടപാട്; ഇന്നുമുതല്‍ ഫീസ് വര്‍ധന, വിശദാംശങ്ങള്‍

ന്യൂഡല്‍ഹി: എടിഎം ഇടപാടുമായി ബന്ധപ്പെട്ട് ആര്‍ബിഐ വര്‍ധിപ്പിച്ച ഫീസ് ഇന്നുമുതല്‍ (വ്യാഴാഴ്ച) പ്രാബല്യത്തില്‍. ബാങ്ക് എടിഎമ്മില്‍ സൗജന്യ ഇടപാടിനുള്ള പ്രതിമാസപരിധി കഴിഞ്ഞുള്ള ഓരോ ഇടപാടിനും ഇന്നുമുതല്‍ 23 രൂപയും ജിഎസ്ടിയും നല്‍കണം. നിലവിലെ 21 രൂപയില്‍ നിന്നു രണ്ടു രൂപയാണ് വര്‍ധന.

സൗജന്യ പരിധിക്കുശേഷമുള്ള പണം പിന്‍വലിക്കല്‍, നിക്ഷേപിക്കല്‍, ബാലന്‍സ് പരിശോധന, മിനി സ്റ്റേറ്റ്‌മെന്റ് തുടങ്ങിയ ഇടപാടുകള്‍ക്കുള്ള ഇന്റര്‍ചേഞ്ച് ഫീസാണ് വര്‍ധിപ്പിച്ചത്. ഓരോ മാസവും സ്വന്തം ബാങ്ക് എടിഎമ്മുകളില്‍ അഞ്ചു ഇടപാടുകളാണു സൗജന്യം. ഇതിനു പുറമേ, ഇതര ബാങ്ക് എടിഎമ്മുകളില്‍ മെട്രോ നഗരങ്ങളില്‍ മൂന്നും മറ്റു സ്ഥലങ്ങളില്‍ അഞ്ചും ഇടപാടുകള്‍ സൗജന്യമാണ്. ഇതിനുശേഷമുള്ള ഇടപാടുകള്‍ക്കാണു നിരക്കു കൂടുന്നത്. എടിഎം കൗണ്ടറുകളുടെ നടത്തിപ്പിനും സെക്യൂരിറ്റി സംവിധാനങ്ങള്‍ നടപ്പാക്കുന്നതിനും വലിയ ചെലവ് വരുന്നുണ്ടെന്ന ബാങ്കുകളുടെ അഭ്യര്‍ഥന മാനിച്ചാണ് ആര്‍ബിഐ നിരക്ക് വര്‍ധനയ്ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചത്.

പുതിയ പരിഷ്‌കാരം എടിഎം കൗണ്ടര്‍ വഴി പണം പിന്‍വലിക്കുന്നവര്‍ക്ക് ചെലവ് വര്‍ദ്ധിപ്പിക്കാനിടയാക്കും. യുപിഐ പോലുള്ള ഡിജിറ്റല്‍ പണമിടപാടുകള്‍ ഉപയോഗിക്കുന്നത് വ്യാപകമാക്കുകയും എടിഎം കൗണ്ടറുകള്‍ വഴിയുള്ള ഇടപാടുകള്‍ ആവശ്യത്തിന് മാത്രം ഉപയോഗിക്കുന്ന രീതിയിലേക്ക് മാറുകയും ചെയ്യും. മറ്റ് ബാങ്കുകളുടെ എടിഎം ഉപയോഗത്തില്‍ സൗജന്യ പരിധിക്കുശേഷം ഈടാക്കുന്ന തുകയാണ് ഇന്റര്‍ചേഞ്ച് ഫീസ്. ഈ തുക ബാങ്കുകള്‍ തമ്മില്‍ കൈമാറുകയാണ് പതിവ്. ഇതാണ് വര്‍ധിപ്പിച്ചത്.

Be the first to comment

Leave a Reply

Your email address will not be published.


*