തെരുവു നായ്ക്കളുടെ വന്ധ്യംകരണമാണ് ഏകപരിഹാരം; കേന്ദ്ര നിയമങ്ങള്‍ മാറ്റണം: എം ബി രാജേഷ്

പാലക്കാട്: തെരുവുനായ്ക്കളെ വന്ധ്യംകരിക്കുന്നതിനുള്ള വ്യവസ്ഥകള്‍ ലഘൂകരിക്കണമെന്നും കേന്ദ്ര നിയമങ്ങളില്‍ മാറ്റം വരണമെന്നും തദ്ദേശ വകുപ്പ് മന്ത്രി എം ബി രാജേഷ്. തെരുവുനായ ആക്രമണത്തില്‍ ഒരു മാസത്തിനിടെ സംസ്ഥാനത്തെ മൂന്ന് കുട്ടികള്‍ മരിച്ച സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാന സര്‍ക്കാരിന് ഇക്കാര്യത്തില്‍ പരിമിതിയുണ്ട്. മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ഒറ്റയടിക്ക് പൂട്ടേണ്ടി വന്നു. വന്ധ്യംകരണം മാത്രമാണ് തെരുവുനായ ആക്രമണത്തിന് ഏക പരിഹാരമെന്നും എംബി രാജേഷ് പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിന്റെ എബിസി ചട്ടങ്ങളില്‍ മാറ്റം വരുത്തണം. തെരുവുനായ്ക്കളെ പിടിച്ചുകൊണ്ടുപോയി പ്രത്യേകം സജ്ജീകരിച്ച എബിസി കേന്ദ്രങ്ങളിലെ ഓപ്പറേഷന്‍ തീയേറ്ററുകളില്‍ വന്ധ്യംകരണം നടത്തണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വ്യവസ്ഥ. എയര്‍ കണ്ടീഷന്‍ ചെയ്ത ഓപ്പറേഷന്‍ തീയേറ്ററായിരിക്കണം. ഏഴ് വര്‍ഷത്തെ എക്‌സ്പീരിയന്‍സുള്ള ഡോക്ടര്‍ മാത്രമേ സര്‍ജറി ചെയ്യാന്‍ പാടുള്ളു. റഫ്രിജറേറ്റര്‍ വേണം എന്നൊക്കെ വ്യവസ്ഥയുണ്ട്.

ഒരാഴ്ച ശുശ്രൂഷിച്ച്, മുറിവുണങ്ങി, ഇന്‍ഫെക്ഷന്‍ വരില്ലെന്നുറപ്പാക്കി എവിടെ നിന്നാണോ പിടിച്ചത് അവിടെ തന്നെ തുറന്ന് വിടണമെന്നൊക്കെയാണ് വ്യവസ്ഥകള്‍. ഈ വ്യവസ്ഥയൊക്കെ പാലിച്ച് ലക്ഷക്കണക്കിന് തെരുവുനായ്ക്കളെ വന്ധ്യംകരണം നടത്തുക എളുപ്പമുള്ള കാര്യമാണോ? വ്യവസ്ഥകള്‍ ഏതെങ്കിലും ലംഘിച്ചാല്‍ അത് കുറ്റകൃത്യമാകും. കേസടക്കം ഉണ്ടാകും. ഫണ്ടുണ്ടെങ്കിലും കേരളത്തില്‍ എബിസി കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ വലിയ എതിര്‍പ്പുകള്‍ ഉയരുന്നുണ്ട്. ഈ എതിര്‍പ്പുകളെയെല്ലാം മറികടന്നാണ് കേരളത്തില്‍ ഏതാണ്ട് 30 എബിസി കേന്ദ്രങ്ങള്‍ സ്ഥാപിച്ചിട്ടുള്ളത്. നേരത്തെ കേരളത്തില്‍ തൊള്ളായിരത്തോളം എബിസി കേന്ദ്രങ്ങള്‍ ഉണ്ടായിരുന്നു. എല്ലാം ഒറ്റയടിക്ക് പൂട്ടിച്ചതാണ് ‘, എംബി രാജേഷ് പറഞ്ഞു.

 

Be the first to comment

Leave a Reply

Your email address will not be published.


*