
തൃശൂര്‍: ദേവസ്വത്തിനോ സർക്കാരിനോ ഗുരുവായൂർ ക്ഷേത്ര ആചാരങ്ങളിൽ ഇടപെടാൻ അധികാരമില്ലെന്ന് ഹൈക്കോടതി. ക്ഷേത്രത്തില്‍ പ്രതിദിനം അഞ്ച് പേർക്ക് ഉദയാസ്‌തമന പൂജ വഴിപാട് നടത്താമെന്ന ദേവസ്വം ഭരണസമിതി തീരുമാനം റദ്ദാക്കിയതിനിടെയാണ് കോടതിയുടെ പരാമര്‍ശം. തമിഴ്‌നാട് സ്വദേശി നൽകിയ ഹർജിയിലായിലാണ് ഹൈക്കോടതി ഉത്തരവ്.
പ്രതിദിനം അഞ്ച് പേർക്ക് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഉദയാസ്‌തമന പൂജ നടത്താമെന്ന ദേവസ്വം ഭരണ സമിതി തീരുമാനം ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ അധ്യക്ഷനായ ഹൈക്കോടതി ദേവസ്വം ബെഞ്ച് റദ്ദാക്കുകയായിരുന്നു.
ദവഹിതത്തിന്‍റെ പേരിൽ പ്രതിദിന ഉദയാസ്‌തമന പൂജയുടെ എണ്ണം അഞ്ചാക്കുന്നതിൽ അന്നത്തെ തന്ത്രിയ്ക്ക് എതിർപ്പുണ്ടായിരുന്നെങ്കിലും ഭരണ സമിതിയുടെ തീരുമാനത്തില്‍ മാറ്റമുണ്ടായില്ല. ഗുരുവായൂർ ദേവസ്വത്തിന്‍റെ നിയമപ്രകാരം ഉദയാസ്‌തമന പൂജയിലടക്കം മാറ്റം വരുത്തേണ്ടത് തന്ത്രിയുടെ ഉപദേശപ്രകാരമാകണമെന്നു ചൂണ്ടിക്കാട്ടിയ ഹൈക്കോടതി ഭരണ സമിതി തീരുമാനം റദ്ദാക്കുകയായിരുന്നു.
ക്ഷേത്രം തന്ത്രിയ്ക്ക് ഉചിതമായ തീരുമാനമെടുക്കാമെന്നും രണ്ട് മാസത്തിനുള്ളിൽ തീരുമാനം കൈക്കൊള്ളുമെന്ന തന്ത്രിയുടെ നിലപാട് കോടതി രേഖപ്പെടുത്തി. അതുവരെ പൂജാ വഴിപാട് നടത്തിപ്പിൽ നിലവിലെ രീതി തുടരാമെന്നും ഉത്തരവിട്ടു. ദേവസ്വം ഭരണ സമിതിയ്‌ക്കോ, സർക്കാരിനോ, ദേവസ്വം കമ്മിഷണർക്കോ ഗുരുവായൂർ ക്ഷേത്ര സംബന്ധമായ കാര്യങ്ങളിൽ ഇടപെടാൻ ദേവസ്വം നിയമം അധികാരം നൽകിയിട്ടില്ലെന്നും ഹൈക്കോടതി പറഞ്ഞു. തന്ത്രിയുടെ തീരുമാനം അന്തിമമാണെന്നും ഹൈക്കോടതി ഉത്തരവിൽ പുറപ്പെടുവിച്ചു.
Be the first to comment