ഗവര്‍ണര്‍ക്കെതിരായ ഹര്‍ജി പിന്‍വലിക്കാനൊരുങ്ങി കേരളം; ഹര്‍ജി അപ്രസക്തമെന്ന് വിശദീകരണം; പിന്‍വലിക്കുന്നതിനെ എതിര്‍ത്ത് കേന്ദ്രം

ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ വൈകുന്നതില്‍ ഗവര്‍ണര്‍ക്കെതിരെ നല്‍കിയ ഹര്‍ജി പിന്‍വലിക്കാനൊരുങ്ങി കേരളം. ഹര്‍ജികള്‍ ഫലപ്രദമല്ലെന്ന് വിലയിരുത്തിയാണ് തീരുമാനം. ഹര്‍ജി പിന്‍വലിക്കുന്നതിനെ കേന്ദ്രം എതിര്‍ത്തു. വിഷയം കോടതി വരുന്ന ചൊവ്വാഴ്ച പരിഗണിക്കാനായി മാറ്റി. 

ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ ഗവര്‍ണര്‍മാര്‍ക്ക് സമയപരിധി നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് കേരളം സുപ്രിംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. നിലവില്‍ ഗവര്‍ണര്‍ക്ക് മുന്നില്‍ ബില്ലുകളില്ലെന്നും ഹര്‍ജി അപ്രസക്തമാണെന്നും വിലയിരുത്തിയാണ് ഹര്‍ജി പിന്‍വലിക്കാന്‍ സര്‍ക്കാരിന്റെ നീക്കം. ഇങ്ങനെ നിസാരമായി ഹര്‍ജികള്‍ ഫയല്‍ ചെയ്യാനും പിന്‍വലിക്കാനും സാധിക്കില്ലെന്നും ഇത് ഭരണഘടനാപരമായ പ്രശ്‌നമാണെന്നും സോളിസിറ്റര്‍ ജനറല്‍ എതിര്‍പ്പറിയിച്ചു.

കേരളം ഗവര്‍ണര്‍ക്കെതിരെ സമര്‍പ്പിച്ച ഹര്‍ജി പിന്‍വലിക്കുന്നതില്‍ കേന്ദ്രം എതിര്‍പ്പറിയിച്ചത് വിചിത്രമെന്നാണ് സംസ്ഥാനത്തിന്റെ നിലപാട്. മുതിര്‍ന്ന അഭിഭാഷകനായ കെ കെ വേണുഗോപാലാണ് സംസ്ഥാനത്തിനായി കോടതിയില്‍ ഹാജരായത്. ബില്ലുകളില്‍ തീരുമാനമെടുക്കുന്നതിന്റെ സമയപരിധി സംബന്ധിച്ച തമിഴ്‌നാടിന്റെ ഹര്‍ജിയിലെ വിധി കേരളത്തിന്റെ കാര്യത്തിലും ബാധകമാണെന്നാണ് മുന്‍പ് സംസ്ഥാനം വാദിച്ചത്. ജസ്റ്റിസുമാരായ പി എസ് നരസിംഹയുടേയും ജോയ്മാല്യ ബാഗ്ചിയുടേയും ബെഞ്ചിന് മുന്നിലാണ് കേരളം ഹര്‍ജി പിന്‍വലിക്കണമെന്ന ആവശ്യമുന്നയിച്ചത്.

Be the first to comment

Leave a Reply

Your email address will not be published.


*