‘അതിന് പകരം വീട്ടാനൊന്നും ഞാനില്ല’; ആത്മകഥ വിവാദത്തില്‍ ഡിസി ബുക്‌സിനെതിരെ തുടര്‍ നടപടികള്‍ സ്വീകരിക്കില്ലെന്ന് ഇ പി ജയരാജന്‍

ആത്മകഥ വിവാദത്തില്‍ ഡിസി ബുക്‌സിനെതിരെ തുടര്‍ നടപടികള്‍ സ്വീകരിക്കില്ലെന്ന് ഇ പി ജയരാജന്‍. ആത്മകഥ പ്രസിദ്ധീകരിക്കാന്‍ ഡി സി ബുക്‌സുമായി കരാറുണ്ടാക്കിയിരുന്നില്ലെന്നും അവരുടെ തെറ്റ് അവര്‍ അംഗീകരിച്ച പശ്ചാത്തലത്തിലാണ് നടപടികള്‍ സ്വീകരിക്കാത്തതെന്നും ഇ പി ജയരാജന്‍ വ്യക്തമാക്കി. താനയച്ച വക്കീല്‍ നോട്ടീസിന് ഡി സി ബുക്‌സ് തെറ്റ് അംഗീകരിച്ചുകൊണ്ട് മറുപടി നല്‍കിയിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഡിസി നല്‍കിയ വിശദീകരണം അംഗീകരിച്ച പശ്ചാത്തലത്തില്‍ വീണ്ടും താന്‍ കോടതിയ്ക്ക് മുന്നിലോ മൂന്നാമതൊരു കക്ഷിയ്ക്ക് മുന്നിലോ വിഷയത്തെ കൊണ്ടുപോകുന്നത് അനാവശ്യവാശി കാണിക്കുന്നതിന് തുല്യമാകുമെന്നാണ് ഇ പി ജയരാജന്റെ നിലപാട്. രാഷ്ട്രീയ ലക്ഷ്യം വച്ചുണ്ടാക്കിയ ആ വിവാദത്തിന് പിന്നില്‍ ചില രാഷ്ട്രീയ താത്പര്യമുള്ളവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. തന്നെ വ്യക്തിഹത്യ നടത്താനുറച്ച ഒരു കൂട്ടരാണ് അതിന് പിന്നില്‍. അതിന് പകരം വീട്ടാനൊന്നും ഇപ്പോള്‍ താന്‍ നില്‍ക്കുന്നില്ലെന്നും ഇ പി ജയരാജന്‍ വ്യക്തമാക്കി. അടുത്ത മാസത്തോടെ തന്റെ ആത്മകഥയുടെ പ്രസാധനം നടക്കുമെന്ന് ഇ പി ജയരാജന്‍ അറിയിച്ചു. മാതൃഭൂമിയാകും ആത്മകഥ പ്രസിദ്ധീകരിക്കുകയെന്ന് ഇ പി ജയരാജന്‍ അറിയിച്ചു.

സിപിഐഎമ്മിനേയും എല്‍ഡിഎഫിനേയും ഉള്‍പ്പെടെ വിമര്‍ശിക്കുന്ന പരാമര്‍ശങ്ങള്‍ ഇ പിയുടെ ആത്മകഥയില്‍ ഉണ്ടെന്നായിരുന്നു പുറത്തുവന്ന വാര്‍ത്തകള്‍. ഇതുമായി ബന്ധപ്പെട്ട് പുറത്തുവന്ന വിവരങ്ങളില്‍ അന്വേഷണം വേണമെന്നാണ് ഇ പി ജയരാജന്‍ ഡിജിപിക്ക് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടിരുന്നത്. ആത്മകഥയുടെ മറവില്‍ വ്യാജ രേഖകള്‍ ഉണ്ടാക്കിയെന്നും തെറ്റായ പ്രചരണം നടത്തിയെന്നുമായിരുന്നു ഇപിയുടെ പരാതി.

Be the first to comment

Leave a Reply

Your email address will not be published.


*