ഉണ്ണി മുകുന്ദൻ സംവിധായകനാവുന്നു; നിർമാണം ശ്രീ ഗോകുലം മൂവീസ്

ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലൻ നിർമിക്കുന്ന ചിത്രത്തിലൂടെ നടൻ ഉണ്ണി മുകുന്ദൻ സംവിധായകനാവുന്നു. പ്രശസ്ത രചയിതാവും സംവിധായകനുമായ മിഥുൻ മാനുവൽ തോമസ് ആണ് ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത്. ചിത്രത്തിന്റെ കഥ ഉണ്ണി മുകുന്ദന്റേതാണ്. ചിത്രത്തിലെ നായകനും ഉണ്ണി മുകുന്ദനാണ്. ഉണ്ണി മുകുന്ദൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അദ്ദേഹത്തോടൊപ്പം ഇന്ത്യൻ സിനിമയിൽ നിന്നുള്ള വമ്പൻ താരനിരയാണ് അണിനിരക്കുക. കഴിഞ്ഞ ദിവസം ശ്രീ ഗോകുലം മൂവീസ്- ഉണ്ണി മുകുന്ദൻ- മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്നു എന്ന വാർത്ത ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. വി സി പ്രവീൺ, ബൈജു ഗോപാലൻ എന്നിവരാണ് കോ പ്രൊഡ്യൂസർസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- കൃഷ്ണമൂർത്തി.

ഐതിഹ്യങ്ങളിൽ വിശ്വസിച്ചും അറിഞ്ഞും അവയുടെ ചരിത്രവും അതിലെ ത്യാഗങ്ങളും ധീരതയും മാന്ത്രികതയും കേട്ട് വളർന്ന താൻ എന്ന കുട്ടി ഒരു നായകനെ കണ്ടെത്തിയത് പുസ്തകങ്ങൾ, സിനിമകൾ, നാടോടി കഥകൾ, ചെറിയ ആക്ഷൻ രൂപങ്ങൾ എന്നിവയിൽ നിന്ന് മാത്രമല്ല, തന്റെ സ്വപ്നങ്ങളിൽ നിന്ന് കൂടിയാണെന്ന് ഉണ്ണി മുകുന്ദൻ സോഷ്യൽ മീഡിയയിൽ കുറിച്ചു. സൂപ്പർഹീറോകളുടെ കാലഘട്ടത്തിൽ, അവരെ കുറിച്ചു സ്വപ്നം കണ്ടു വളർന്ന തന്നിലെ കുട്ടി ഒരിക്കലും സ്വപ്നം കാണുന്നത് അവസാനിപ്പിച്ചില്ല എന്നും, അതിന്റെ ഫലമായി, ആ കുട്ടിയുടെ ഹൃദയത്തിലുണ്ടായിരുന്ന ഒരു കഥയാണ് തന്റെ ആദ്യ സംവിധാന സംരംഭത്തിലൂടെ പറയാൻ പോകുന്നതെന്നും സ്വന്തമായ ഒരു സൂപ്പർ ഹീറോ കഥയാണ് ഇതിലൂടെ

മെഗാ ബഡ്ജറ്റിൽ ബ്രഹ്മാണ്ഡ കാൻവാസിൽ ആണ് ചിത്രം ഒരുക്കുന്നതെന്നാണ് സൂചന. ഒരു ഫാന്റസി സൂപ്പർ ഹീറോ ചിത്രമാണിത്. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചു കഴിഞ്ഞു. അടുത്ത വർഷമാണ് ചിത്രീകരണം ആരംഭിക്കുക. ചിത്രത്തിലെ മറ്റു താരങ്ങളുടെയും അണിയറ പ്രവർത്തകരുടെയും പേരുകൾ വൈകാതെ തന്നെ പുറത്തു വിടും. ഇന്ത്യൻ സിനിമയിലെ പ്രഗത്ഭരായ സാങ്കേതിക പ്രവർത്തകരാണ് ചിത്രത്തിൽ അണിനിരക്കുക എന്നാണ് സൂചന. ഈ വർഷം ഒരു വമ്പൻ തെലുങ്ക് ചിത്രത്തിലാണ് ഉണ്ണി മുകുന്ദൻ അഭിനയിക്കുക.

കുട്ടികൾക്കും യുവാക്കൾക്കും കുടുംബ പ്രേക്ഷകർക്കും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്ന ഒരു മെഗാ മാസ്സ് ആക്ഷൻ ഫാന്റസി എന്റെർറ്റൈനെർ ആയിരിക്കും ഉണ്ണി മുകുന്ദൻ സംവിധാനം ചെയ്യുന്ന ചിത്രം . മലയാളം കൂടാതെ ഇന്ത്യയിലെ മറ്റു പ്രമുഖ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.

Be the first to comment

Leave a Reply

Your email address will not be published.


*