വഖഫ് നിയമ ഭേദഗതിയെ എതിര്‍ക്കുന്നത് മുസ്ലിങ്ങളിലെ പ്രബല വിഭാഗം; അവരെ കാര്യമാക്കുന്നില്ലെന്ന് കേന്ദ്ര മന്ത്രി കിരണ്‍ റിജിജു

വഖഫ് നിയമ ഭേദഗതിയെ എതിര്‍ക്കുന്നത് മുസ്ലിം സമുദായത്തിലെ പ്രബലരായ ചില നേതാക്കളും രാഷ്ട്രീയ പാര്‍ട്ടികളും മാത്രമാണെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരണ്‍ റിജിജു. മറുവശത്ത്, സ്ത്രീകളും അരികുവത്കരിക്കപ്പെട്ടവരുമായ പിന്നാക്കക്കാരാണ്. പാവപ്പെട്ടവര്‍ക്ക് ഒന്നും ചെയ്യാതെ നേതാക്കള്‍ ചമയുന്നവരുടെ എതിര്‍പ്പ് കാര്യമാക്കുന്നില്ലെന്നും കിരണ്‍ റിജിജു പറഞ്ഞു. ദ ഇന്ത്യന്‍ എക്സ്പ്രസ് സംഘടിപ്പിച്ച ഐഡിയ എക്സ്ചേഞ്ച് പരിപാടിയിലാണ് കേന്ദ്ര മന്ത്രി നിലപാട് വ്യക്തമാക്കിയത്.

മുസ്ലിം സംഘടനകളില്‍ നിന്നും പ്രതിപക്ഷ അംഗങ്ങളില്‍ നിന്നും ശക്തമായ എതിര്‍പ്പ് ഉയര്‍ന്നിട്ടും ഭൂരിപക്ഷമുള്ളതുകൊണ്ട് മാത്രം ബില്‍ പാസാക്കുകയായിരുന്നില്ലേ എന്നതായിരുന്നു ചോദ്യം. മന്ത്രിയുടെ മറുപടി ഇങ്ങനെ: ‘പാര്‍ലമെന്ററി ജനാധിപത്യത്തില്‍ ഒരു വിഷയത്തിലും ഏക സ്വരം ഉണ്ടാകില്ല. നവോത്ഥാനമുണ്ടാകുമ്പോള്‍ അതിനെ അനുകൂലിക്കുന്നവരേക്കാള്‍ കൂടുതലായിരിക്കും എതിര്‍ക്കുന്നവര്‍. ദയാനന്ദ സരസ്വതിയും യേശു ക്രിസ്തുവും സാമൂഹിക പരിഷ്‌കരണത്തിന് ശ്രമിച്ചപ്പോഴുണ്ടായ അനുഭവം നോക്കൂ. രാജ്യത്ത് 9.7 ലക്ഷം വഖഫ് സ്വത്തുക്കളുണ്ട്. അവയൊന്നും ഭൂരിപക്ഷം വരുന്ന പാവപ്പെട്ട മുസ്ലിങ്ങള്‍ക്ക് ഉപകരിക്കുന്നില്ല. ചുരുക്കം ചില ആളുകള്‍ ആണ് ഈ സ്വത്തുക്കള്‍ കൈയാളുന്നത്.

ചില രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും മത നേതാക്കള്‍ക്കും വഖഫ് സ്വത്തുക്കളുടെ കാര്യത്തില്‍ വലിയ താത്പര്യമാണ്. അവര്‍ കാര്യങ്ങള്‍ ശാന്തമായി പോകാന്‍ സമ്മതിക്കുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? തീര്‍ച്ചയായും അവര്‍ എതിര്‍ക്കും. പക്ഷേ ഞങ്ങള്‍ മാറ്റം കൊണ്ടുവരാന്‍ പ്രതിജ്ഞാബദ്ധരാണ്. ഒരുവശത്ത് മുസ്ലിങ്ങളെ വോട്ട് ബാങ്കായി മാത്രം കാണുന്ന രാഷ്ട്രീയ പാര്‍ട്ടികളും പ്രബല നേതാക്കളും. മറുവശത്ത്, ശബ്ദിക്കാന്‍ കഴിയാത്ത മുസ്ലിം സ്ത്രീകളും പാവപ്പെട്ടവരും പിന്നാക്കക്കാരും. സമുദായത്തിന് വേണ്ടി ഒന്നും ചെയ്യാതെ നേതാവ് ചമയുന്ന പ്രബലരെ ഞങ്ങള്‍ കാര്യമാക്കുന്നില്ല. മാറ്റം കൊണ്ടുവരാന്‍ പ്രധാനമന്ത്രി ആഗ്രഹിക്കുന്നു. അത് പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ രീതിയിലൂടെ തന്നെ നിര്‍വഹിച്ചു’.

വഖഫ് നിയമ ഭേദഗതിയിലൂടെ പള്ളികളും മറ്റും സര്‍ക്കാര്‍ പിടിച്ചെടുക്കുമെന്ന പ്രചാരണം വസ്തുതാവിരുദ്ധ മാണെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു. പൗരത്വ നിയമ ഭേദഗതിയുടെ കാര്യത്തിലും തെറ്റിദ്ധാരണ പരത്താന്‍ പ്രതിപക്ഷം ശ്രമിച്ചെന്ന് കിരണ്‍ റിജിജു കുറ്റപ്പെടുത്തി.

Be the first to comment

Leave a Reply

Your email address will not be published.


*