
കോണ്‍ഗ്രസിലെ നേതൃമാറ്റവുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശത്തില്‍ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്തുണയുമായി വടകര എംപി ഷാഫി പറമ്പില്‍. യൂത്ത് കോണ്‍ഗ്രസ് എല്ലാകാലത്തും സ്വതന്ത്ര അഭിപ്രായം പറയാറുണ്ടെന്നും അത് പാര്‍ട്ടിക്ക് നല്ലത് എന്ന സ്പിരിറ്റില്‍ കോണ്‍ഗ്രസ് എടുക്കുമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. അധ്യക്ഷ പദവി പാര്‍ട്ടി ഉചിതമായ രീതിയില്‍ ഉചിതമായ സമയത്ത് കൈക്കൊള്ളുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ പ്രവര്‍ത്തകരുടെ വികാരം മനസിലാക്കുമെന്ന് വിശ്വസിക്കുന്നുവെന്ന് പറഞ്ഞ അദ്ദേഹം സഭ ഇടപെട്ടു എന്ന പ്രചാരണം തെറ്റെന്നും വ്യക്തമാക്കി.
വരാന്‍ പോകുന്നത് അങ്കണവാടി തെരഞ്ഞടുപ്പ് അല്ല, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പക്വത കാണിക്കണമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ കഴിഞ്ഞ ദിവസമാണ് പ്രതികരിച്ചത്. തങ്ങള്‍ മിണ്ടാതെയിരിക്കുന്നത് അത് താങ്ങാനുള്ള കെല്‍പ്പ് പാര്‍ട്ടിക്കില്ലാത്തത് കൊണ്ടാണെന്നും യുവാക്കള്‍ കാണിക്കുന്ന പക്വതയും പാകതയും മുതിര്‍ന്ന നേതാക്കള്‍ കാണിക്കണമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പത്തനംതിട്ടയില്‍ പറഞ്ഞു.
സാധാരണ പ്രവര്‍ത്തകന്റെ ആത്മവിശ്വാസം തകര്‍ക്കരുത്. നേതൃത്വം ഇടപെട്ട് അനിശ്ചിതത്വം മാറ്റണം. നേതൃത്വം തുടരുകയാണോ തുടരില്ലേയോ എന്നതില്‍ വ്യക്തത വരുത്തണം. യുവ നേതാക്കള്‍ കാണിക്കുന്ന അച്ചടക്കം മുതിര്‍ന്ന നേതാക്കളും കാണിക്കണം. മുതിര്‍ന്ന നേതാക്കള്‍ ഉത്തരവാദിത്വം കാട്ടണം. കോണ്‍ഗ്രസ് അധികാരത്തില്‍ വരാന്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. അത് നടക്കാതെ പോകുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ് – രാഹുല്‍ വ്യക്തമാക്കി.
Be the first to comment