ചിറ്റഗോങ് തുറമുഖം ആക്രമിച്ച സീ ഹോക്ക്; തിരുവനന്തപുരത്തുണ്ട്, പാകിസ്ഥാനെ വിറപ്പിച്ച ആ പോര്‍ വിമാനം

തിരുവനന്തപുരം: ഫ്രാന്‍സില്‍ നിന്നും ഇന്ത്യ സ്വന്തമാക്കിയ റാഫേല്‍ വിമാനങ്ങള്‍ ഉപയോഗിച്ചായിരുന്നു ഓപ്പറേഷന്‍ സിന്ദൂറിലൂടെ പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും ഭീകര കേന്ദ്രങ്ങള്‍ ഇന്ത്യ തകര്‍ത്തത്. ഇന്ത്യന്‍ സേനയുടെ മികവ് ഒരിക്കല്‍ കൂടി വ്യക്തമാക്കിയ ഓപ്പറേഷന്‍ സിന്ദൂർ ചര്‍ച്ചകളില്‍ നിറയുമ്പോള്‍ വീണ്ടും ഓര്‍മ്മയില്‍ നിറയുകയാണ് തിരുവനന്തപുരത്ത് വിശ്രമിക്കുന്ന നാവിക സേനയുടെ ഭാഗമായിരുന്ന സീ ഹോക്ക് ഐഎന്‍ – 174 എന്ന പോര്‍ വിമാനം. 1971-ലെ ഇന്ത്യ-പാക് യുദ്ധത്തില്‍ ഉപയോഗിച്ച സീ ഹോക്ക് ഐഎന്‍ – 174 അതിന്റെ ഗതകാല പ്രതാപം നിലനിര്‍ത്തിക്കൊണ്ട് തിരക്കേറിയ പാളയം-വെള്ളയമ്പലം റോഡിന് സമീപത്ത് ജവഹര്‍ ബാല ഭവന് അടുത്ത് സ്ഥാപിച്ചിരിക്കുകയാണ്.

ഇന്ത്യന്‍ നേവി സീഹോക്ക് വിമാനങ്ങള്‍ ഡീ കമ്മീഷന്‍ ചെയ്തതിന് പിന്നാലെയാണ് ഇവയില്‍ ഒന്ന് തിരുവനന്തപുരത്ത് പ്രദര്‍ശനത്തിന് എത്തിച്ചത്. 1980ല്‍ തിരുവനന്തപുരത്ത് ബാലഭവന്‍ തുടങ്ങിയപ്പോള്‍ ഇന്ത്യന്‍ നേവിയുടെ സതേണ്‍ കമാന്‍ഡന്റ് ഈ ചെറുപോര്‍ വിമാനം ബാലഭവന് സംഭാവന നല്‍കുകയായിരുന്നു. എയ്റോ മോഡലിങ്ങ് കോഴ്സ് വാഗ്ദാനം ചെയ്തിരുന്ന ബാലഭവന്‍ എന്ന നിലയ്ക്കായിരുന്നു നേവി ഈ വിമാനം ബാലഭവന് സമ്മാനിച്ചത്. പിന്നീട് സംസ്ഥാന സര്‍ക്കാരും ബാലഭവന്‍ അധികൃതരും ചേര്‍ന്ന് മ്യൂസിയം റോഡിന് സമീപത്ത് വിമാനം പ്രദര്‍ശിപ്പിക്കുകയായിരുന്നു.

പിന്നീട്, വെയിലും മഴയുമേറ്റ് നാശത്തിലേക്ക് നീങ്ങിയ വിമാനത്തിന്റെ സംരക്ഷണത്തിനായി രാഷ്ട്രപതി ഭവന്‍ തന്നെ ഇടപെടേണ്ടി വന്നതും മറ്റൊരു ചരിത്രം. വിമാനം നശിച്ച് പോകാതിരിക്കാന്‍ ഇടപെടണം എന്നാവശ്യപ്പെട്ട് തിരുവല്ല സ്വദേശി ബ്ലെസെന്‍ സിബി 2006 ല്‍ അന്നത്തെ രാഷ്ട്രപതി എ പിജെ അബ്ദുള്‍ കലാമിന് കത്തയക്കുകയായിരുന്നു. വിഷയത്തില്‍ ഇടപെട്ട രാഷ്ട്രപതി ഭവന്‍ വിമാനത്തിന്റെ സംരക്ഷണം ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു. എന്നിട്ടും പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു വിമാനത്തിന് മേല്‍ക്കൂര പണിത് സംരക്ഷിക്കാന്‍ നടപടി ഉണ്ടായത്.

2016-ല്‍, സംസ്ഥാന സര്‍ക്കാരും ഇന്ത്യന്‍ നാവികസേനയും സംയുക്തമായി അറ്റകുറ്റപ്പണികള്‍ നടത്തി. പെയിന്റ് ചെയ്യ്ത് വിമാനത്തിന്റെ വിശദാംശങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നബോര്‍ഡ് സ്ഥാപിക്കുകയും ചെയ്തു.

 

Be the first to comment

Leave a Reply

Your email address will not be published.


*