ഇന്ത്യ-പാക് സംഘര്‍ഷം: സൗദി വിദേശകാര്യ സഹമന്ത്രി തിടുക്കപ്പെട്ട് ഡല്‍ഹിയില്‍, ഇറാന്‍ മന്ത്രിയും തലസ്ഥാനത്ത്

ന്യൂഡല്‍ഹി: ഇന്ത്യ – പാക് ബന്ധം സംഘര്‍ഷത്തിലേക്ക് നീങ്ങുന്നതിനിടെ ഇടപെടല്‍ ശക്തമാക്കി അറബ് രാഷ്ട്രങ്ങള്‍. സൗദി അറേബ്യന്‍ വിദേശകാര്യ സഹമന്ത്രി ആദേല്‍ അല്‍ജുബൈര്‍, ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി എന്നിവര്‍ തിടുക്കപ്പെട്ട് ഇന്ത്യയിലെത്തി. പഹല്‍ഗാം ആക്രമണത്തിനും ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തിന്റെയും പശ്ചാത്തലത്തില്‍ ആണ് സൗദി അറേബ്യ, ഇറാന്‍ വിദേശകാര്യ മന്ത്രിമാര്‍ ഇന്ത്യയിലെത്തുന്നത്.

അപ്രതീക്ഷിതമായാണ് സൗദി വിദേശകാര്യ സഹമന്ത്രി ഇന്ത്യയില്‍ എത്തിയത്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നതുമായി ബന്ധപ്പെട്ടാണ് സന്ദര്‍ശനം എന്നാണ് റിപ്പോര്‍ട്ടുകള്‍. വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറുമായി ആദേല്‍ അല്‍ജുബൈര്‍ ചര്‍ച്ച നടത്തി. വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ തന്നെയാണ് കൂടിക്കാഴ്ച സംബന്ധിച്ച വിവരം പങ്കുവച്ചത്. സൗദി അറേബ്യയുടെ വിദേശകാര്യ സഹമന്ത്രി ആദേല്‍ അല്‍ജുബൈറുമായി കൂടിക്കാഴ്ച നടത്തി എന്ന് വ്യക്തമാക്കുന്ന പോസ്റ്റാണ് എസ് ജയശങ്കര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ഭീകരതയെ ശക്തമായി നേരിടുമെന്നതില്‍ ഇന്ത്യയുടെ കാഴ്ചപ്പാടുകള്‍ സൗദി അറേബ്യയുടെ വിദേശകാര്യ സഹമന്ത്രിയുമായി ചര്‍ച്ച ചെയ്‌തെന്നും അദ്ദേഹം അറിയിച്ചു.

ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ സംഘര്‍ഷം വര്‍ദ്ധിച്ചുവരുന്നതിനിടിയില്‍ ഇറാനിയന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും ഇന്ത്യയിലെത്തി. ഇന്നലെ രാത്രി അര്‍ദ്ധരാത്രിയോടെയാണ് ഇറാന്‍ വിദേശകാര്യ മന്ത്രി ന്യൂഡല്‍ഹിയില്‍ എത്തിയത്. ഇന്ത്യ-ഇറാന്‍ സൗഹൃദ ഉടമ്പടിയുടെ 75-ാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് അരാഗ്ചിയുടെ സന്ദര്‍ശനം. ഇന്ത്യ-ഇറാന്‍ സംയുക്ത യോഗത്തില്‍ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറിനൊപ്പം ഇറാന്‍ വിദേശകാര്യ മന്ത്രി സെയ്ദ് അബ്ബാസ് അരാഗ്ചി സഹ-അധ്യക്ഷത വഹിക്കും.

 

Be the first to comment

Leave a Reply

Your email address will not be published.


*