യുകെ വിസ ലഭിക്കാന്‍ വിദേശ ജോലിക്കാര്‍ അറിഞ്ഞിരിക്കേണ്ട ഭാഷാപ്രാവീണ്യം ഉയര്‍ത്താന്‍ ലേബര്‍ ഗവണ്‍മെന്റ്

എല്ലാ കുടിയേറ്റക്കാര്‍ക്കും ഇനി ഇംഗ്ലീഷ് ‘പച്ചവെള്ളം’ പോലെ സംസാരിക്കാന്‍ അറിഞ്ഞിരിക്കണമെന്ന് നിബന്ധന വരുന്നു. കുടിയേറ്റക്കാരെ നിയന്ത്രിക്കാനുള്ള നിയമങ്ങള്‍ കടുപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നിബന്ധനയും. ബ്രിട്ടനില്‍ താമസിച്ച് ജോലി ചെയ്യാന്‍ വിസ വേണ്ടവരെല്ലാം മെച്ചപ്പെട്ട രീതിയില്‍ ഇംഗ്ലീഷ് സംസാരിച്ചിരിക്കണമെന്ന നിബന്ധനയാണ് കീര്‍ സ്റ്റാര്‍മര്‍ ഗവണ്‍മെന്റ് നടപ്പാക്കാന്‍ ഒരുങ്ങുന്നത്.

ഇമിഗ്രേഷന്‍ സിസ്റ്റം പൊളിച്ചെഴുതുന്നതിന്റെ ഭാഗമായി അടുത്ത ആഴ്ച ഇറക്കുന്ന ധവളപത്രത്തില്‍ ഇതുള്‍പ്പെടെ സുപ്രധാന നിബന്ധനകള്‍ ഉള്‍പ്പെടുമെന്നാണ് കരുതുന്നത്. യുകെ വിസ നല്‍കുന്നതിന് മുന്നോടിയായി കൂടുതല്‍ ഉയര്‍ന്ന നിലവാരമുള്ള ഇംഗ്ലീഷ് സംസാരിക്കണമെന്ന് വിദേശ ജോലിക്കാരോട് ആവശ്യപ്പെടും.

നിലവില്‍ ജിസിഎസ്ഇ നിലവാരത്തിന് തുല്യമായ ഭാഷാ പ്രാവീണ്യമാണ് കുടിയേറ്റക്കാര്‍ തെളിയിക്കേണ്ടത്. എന്നാല്‍ ബ്രിട്ടീഷ് സമൂഹത്തിന്റെ ഭാഗമായി മാറാന്‍ ഈ പ്രാവീണ്യം പോരെന്നാണ് കരുതുന്നത്. പുതിയ നിബന്ധനകള്‍ പ്രകാരം ഈ അടിസ്ഥാന യോഗ്യത കൂടുതല്‍ ഉയര്‍ന്ന നിലവാരത്തിലേക്ക് ഉയര്‍ത്തും. എ-ലെവലിന് തുല്യമായ നിലയില്‍ എത്തുന്നതോടെ അപേക്ഷകര്‍ക്ക് നല്ല രീതിയില്‍ സംസാരിക്കാനും, സങ്കീര്‍ണ്ണമായ വിഷയങ്ങളില്‍ പോലും ആത്മവിശ്വാസത്തോടെ എഴുതാനും കഴിയണം.

ബ്രിട്ടന്റെ റെക്കോര്‍ഡ് കയറിയ നെറ്റ് മൈഗ്രേഷന്‍ കുറയ്ക്കാനുള്ള ദൗത്യമാണ് ലേബറിന് മുന്നിലുള്ളത്. കൂടാതെ നിലവില്‍ യുകെയില്‍ ജോലി ഇല്ലാതെ ഇരിക്കുന്ന 9 മില്ല്യണിലേറെ ആളുകളെ ജോലിയില്‍ കയറ്റാനും ഗവണ്‍മെന്റ് പാടുപെടുകയാണ്. ഈ സാഹചര്യത്തിലാണ് ബ്രിട്ടനിലേക്ക് വരാന്‍ ആഗ്രഹിക്കുന്നവര്‍ ഭാഷ പഠിക്കുകയും, ബ്രിട്ടീഷ് മൂല്യങ്ങള്‍ സ്വീകരിക്കാന്‍ തയ്യാറാകുകയും വേണമെന്ന് നിബന്ധന വരുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*