
ന്യൂഡല്‍ഹി: പാകിസ്ഥാനിലെ ഭീകരക്യാംപുകള്‍ തകര്‍ത്ത ഓപ്പറേഷന് സിന്ദൂറിന് പിന്നാലെ രാജ്യം കനത്ത ജാഗ്രതയില്‍. പാകിസ്ഥാന് പ്രത്യാക്രമണമുണ്ടായേക്കാനുള്ള സാധ്യത കണക്കിലെടുത്ത് അതിര്‍ത്തികള്‍ അടച്ചു. മിസൈലുകള്‍ വിക്ഷേപണ സജ്ജമാക്കി. അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. അതിര്‍ത്തികളില്‍ ആന്റി ഡ്രോണ്‍ സംവിധാനവും പ്രവര്‍ത്തന സജ്ജമാക്കിയിട്ടുണ്ട്.
കശ്മീരിന് പുറമെ, പഞ്ചാബ്, രാജസ്ഥാന് അതിര്‍ത്തികളിലും കനത്ത ജാഗ്രതയാണ്. പൊലീസ് ഉദ്യോഗസ്ഥരുടെ അവധി റദ്ദാക്കി. അതിര്‍ത്തി മേഖലകളില്‍ ആളുകള്‍ ഒത്തുകൂടുന്ന പരിപാടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനും പ്രാദേശിക അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതിര്‍ത്തി ഗ്രാമങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കുകയും, അടിയന്തരഘട്ടമുണ്ടായാല്‍ ഗ്രാമീണരെ ഒഴിപ്പിക്കാനായി വിമാനങ്ങളും സജ്ജമാക്കിയിട്ടുണ്ട്.
രാജസ്ഥാനില്‍ 1,037 കിലോമീറ്ററാണ് പാകിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്നത്. ഇവിടെ അതീവ ജാഗ്രത പ്രഖ്യാപിക്കുകയും, അതിര്‍ത്തിയില്‍ സംശയകരമായ പ്രവര്‍ത്തനം ശ്രദ്ധയില്‍പ്പെട്ടാല്‍ വെടിവെക്കാനുള്ള അനുമതിയും ബിഎസ്എഫിന് നല്‍കിയിട്ടുണ്ട്. മിസൈല്‍ പ്രതിരോധസംവിധാനവും സജ്ജമാക്കി. ജോധ്പൂര്‍, കിഷന്‍ഗഞ്ച്, ബികാനീര്‍ വിമാനത്താവളങ്ങള്‍ നാളെ വരെ അടച്ചു. സുഖോയ് ഫൈറ്റര്‍ ജെറ്റുകള്‍ പടിഞ്ഞാറന്‍ മേഖലയില്‍ നിരീക്ഷണപ്പറക്കലുകള്‍ നടത്തുന്നുണ്ട്.
രാജസ്ഥാനിലെ ബികാനീര്‍, ശ്രീഗംഗാനഗര്‍, ജയ്സാല്‍മീര്‍, ബാര്‍മര്‍ ജില്ലകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. സേനാ വിഭാഗങ്ങള്‍, റെയില്‍വേ ജീവനക്കാര്‍ തുടങ്ങിയവരുടെ അവധി റദ്ദാക്കി. ജയ്സാല്‍മീറിലും ജോധ്പൂരിലും അര്‍ദ്ധരാത്രി മുതല്‍ പുലര്‍ച്ചെ വരെ വൈദ്യുതി ഓഫാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പഞ്ചാബില്‍ എല്ലാ പൊലീസ് ഉദ്യോഗസ്ഥരുടെയും അവധികള്‍ റദ്ദാക്കുകയും പൊതുസമ്മേളനങ്ങള്‍ നിയന്ത്രിക്കുകയും ചെയ്തിട്ടുണ്ട്. അതിര്‍ത്തിയിലെ സംഘര്‍ഷം കാരണം എല്ലാ സര്‍ക്കാര്‍ പരിപാടികളും മുഖ്യമന്ത്രി ഭഗവന്ത് മന് റദ്ദാക്കിയിട്ടുണ്ട്. പഞ്ചാബിലെ ആറ് അതിര്‍ത്തി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
സുരക്ഷ മുന്‍നിര്‍ത്തി രാജ്യത്തെ 27 വിമാനത്താവളങ്ങള്‍ ശനിയാഴ്ച രാവിലെ അടച്ചിരിക്കുകയാണ്. 430 ലേറെ വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്. ശ്രീനഗര്‍ വിമാനത്താവളത്തിന്റെ നിയന്ത്രണം വ്യോമസേന ഏറ്റെടുത്തു. കശ്മീരില്‍ സ്കൂളുകള്‍ക്ക് ഇന്നും അവധി പ്രഖ്യാപിച്ചു. ഓപ്പറേഷന് സിന്ദൂര്‍ ആക്രമണം വിശദീകരിക്കാനായി ഡല്‍ഹിയില്‍ സര്‍വകക്ഷിയോഗം ചേര്‍ന്നു. പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ഇന്ത്യന്‍ സൈന്യം സ്വീകരിച്ച നടപടികള്‍ വിശദീകരിച്ചു. കേന്ദ്രമന്ത്രി അമിത് ഷാ, കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ തുടങ്ങിയവര്‍ സര്‍വകക്ഷിയോഗത്തില്‍ സംബന്ധിച്ചു.
Be the first to comment