ഓപ്പറേഷന്‍ സിന്ദൂര്‍: കൊല്ലപ്പെട്ടത് 100 ഭീകരര്‍; രാജ്‌നാഥ് സിങ് സര്‍വകക്ഷിയോഗത്തില്‍

ന്യൂഡല്‍ഹി: ‘ഓപ്പറേഷന്‍ സിന്ദൂര്‍’ എന്ന പേരില്‍ പാകിസ്ഥാനിലെ ഭീകര ക്യാംപുകളില്‍ നടത്തിയ ഇന്ത്യ സൈനിക ആക്രമണത്തില്‍ 100 ഭീകരര്‍ കൊല്ലപ്പെട്ടതായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. ഡല്‍ഹിയില്‍ നടന്ന സര്‍വകക്ഷിയോഗത്തിലാണ് പ്രതിരോധമന്ത്രി ഇക്കാര്യം അറിയിച്ചത്. ഓപ്പറേഷന്‍ സിന്ദൂര്‍ ആക്രമണത്തില്‍ സായുധസേനകളെ രാഷ്ട്രീയനേതാക്കള്‍ ഒറ്റക്കെട്ടായി അഭിനന്ദിച്ചുവെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു പറഞ്ഞു.

ജമ്മു കശ്മീരിലെ നിയന്ത്രണരേഖയില്‍ പാകിസ്ഥാന്‍ നടത്തുന്ന തുടര്‍ച്ചയായ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം മൂലം 13 സിവിലിയന്മാര്‍ കൊല്ലപ്പെട്ടതായി വിദേശകാര്യമന്ത്രാലയം. പൂഞ്ച് സെക്ടറിലാണ് 13 പേര്‍ മരിച്ചത്. 59 പേര്‍ക്ക് പാക് സൈന്യത്തിന്റെ വെടിവെപ്പില്‍ പരിക്കേറ്റു. ഇതില്‍ 44 പേരും പൂഞ്ചില്‍ നിന്നുള്ളവരാണെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.

ബുധനാഴ്ച പുലര്‍ച്ചെ പാകിസ്ഥാന്‍, പാക് അധിനിവേശ കശ്മീര്‍ എന്നിവിടങ്ങളിലെ ഒമ്പത് ഭീകര കേന്ദ്രങ്ങളില്‍ ഇന്ത്യ നടത്തിയ സൈനിക ആക്രമണത്തെത്തുടര്‍ന്ന് പാകിസ്ഥാന്‍ ഷെല്ലാക്രമണത്തിന്റെ തീവ്രത വര്‍ദ്ധിച്ചു. കശ്മീരിലെ നിയന്ത്രണ രേഖയിലെ നിരവധി മേഖലകളില്‍ പാകിസ്ഥാന്‍ സൈന്യം കനത്ത ഷെല്ലാക്രമണം നടത്തി. ഇന്ത്യന്‍ സൈന്യം ഇതിനെ പ്രതിരോധിച്ചുവെന്നും സൈനിക ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കഴിഞ്ഞ രാത്രിയിലും ജമ്മു കശ്മീരിലെ കുപ്‌വാര, ബാരാമുള്ള, ഉറി, അഖ്‌നൂര്‍ മേഖലകളിലെ ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേര്‍ക്ക് പാക് സൈന്യം പീരങ്കി തോക്കുകളും മറ്റും ഉപയോഗിച്ച് പ്രകോപനമില്ലാതെ വെടിയുതിര്‍ത്തുവെന്ന് സൈന്യം വ്യക്തമാക്കി. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിക്കുകയും ചെയ്തു. അതിര്‍ത്തിയിലെ സംഘര്‍ഷം കണക്കിലെടുത്ത് ജമ്മു മേഖലയിലെ അഞ്ച് അതിര്‍ത്തി ജില്ലകളിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു.

 

Be the first to comment

Leave a Reply

Your email address will not be published.


*