സിയുഇടി- യുജി പരീക്ഷ മെയ് 13 മുതല്‍, സിറ്റി ഇന്റിമേഷന്‍ സ്ലിപ്പ് ഡൗണ്‍ലോഡ് ചെയ്യാം; അറിയേണ്ടതെല്ലാം

ന്യൂഡല്‍ഹി: കേന്ദ്ര സര്‍വകലാശാലകള്‍, മറ്റു സര്‍വകലാശാലകള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ബിരുദ പ്രവേശനത്തിന് ദേശീയ തലത്തില്‍ നടത്തുന്ന സിയുഇടി- യുജി 2025 പരീക്ഷ മെയ് 13 മുതല്‍ ആരംഭിക്കുമെന്ന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി. നേരത്തെ എട്ടാം തീയതി മുതലാണ് പരീക്ഷ നിശ്ചയിച്ചിരുന്നത്. സിറ്റി ഇന്റിമേഷന്‍ സ്ലിപ്പ് cuet.nta.nic.in ല്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാമെന്നും നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി അറിയിച്ചു.

കമ്പ്യൂട്ടര്‍ അധിഷ്ഠിതമായാണ് പരീക്ഷ. രാജ്യത്തുടനീളമുള്ള വിവിധ പരീക്ഷാ കേന്ദ്രങ്ങളിലും വിദേശത്തുള്ള 15 നഗരങ്ങളിലുമാണ് പരീക്ഷ നടത്തുന്നത്. ജെഎന്‍യു, അലിഗഢ് മുസ്ലീം, ബനാറസ് ഹിന്ദു അടക്കമുള്ള കേന്ദ്രസര്‍വകലാശാലകളിലെ ബിരുദ പ്രവേശനമാണ് സിയുഇടി വഴി നടത്തുന്നത്. സര്‍വകലാശാലകളുടെ/സ്ഥാപനങ്ങളുടെ പട്ടിക, പ്രോഗ്രാമുകള്‍, പ്രവേശനയോഗ്യത തുടങ്ങിയവ cuet.nta.nic.in ല്‍ ലഭിക്കും. കൂടുതല്‍ സ്ഥാപനങ്ങള്‍ പ്രക്രിയയിലേക്ക് വരുന്ന മുറയ്ക്ക് പട്ടിക വിപുലമാക്കും. അതിനാല്‍ അപേക്ഷകര്‍ വെബ്സൈറ്റ് നിരന്തരം സന്ദര്‍ശിച്ചുകൊണ്ടിരിക്കണം.

അഡ്മിറ്റ് കാര്‍ഡിലാണ് പരീക്ഷാ കേന്ദ്രത്തിന്റെ പേര്, പരീക്ഷാ തീയതി, ഷിഫ്റ്റ് സമയം, നിര്‍ദ്ദേശങ്ങള്‍, മറ്റ് വിശദാംശങ്ങള്‍ എന്നിവ ഉണ്ടാവുക. അഡ്മിറ്റ് കാര്‍ഡ് പരീക്ഷയ്ക്ക് നാലുദിവസം മുന്‍പ് പ്രസിദ്ധീകരിക്കും. പരീക്ഷാ ദിവസം വിദ്യാര്‍ഥികള്‍ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡിനൊപ്പം അഡ്മിറ്റ് കാര്‍ഡും കൊണ്ടുവരണം. ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡുകളുടെ പട്ടിക അഡ്മിറ്റ് കാര്‍ഡില്‍ സൂചിപ്പിക്കും.

വിഷയങ്ങള്‍: മൂന്നുഭാഗങ്ങളിലായി മൊത്തം 37 വിഷയങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത് -13 ഭാഷകള്‍, 23 ഡൊമൈന്‍ സ്പെസിഫിക് വിഷയങ്ങള്‍, ഒരു ജനറല്‍ ആപ്റ്റിസ്റ്റിസ് ടെസ്റ്റ്. എല്ലാത്തിലും ചോദ്യങ്ങള്‍ ഒബ്ജക്ടീവ് ടൈപ്പ് മള്‍ട്ടിപ്പിള്‍ ചോയ്സ് രീതിയിലായിരിക്കും.

ചോദ്യങ്ങള്‍: ഓരോ ടെസ്റ്റ്‌പേപ്പറിലും 50 ചോദ്യങ്ങള്‍ വീതം ഉണ്ടാകും. എല്ലാം നിര്‍ബന്ധമാണ്. ഓരോ ടെസ്റ്റിന്റെയും സമയം 60 മിനിറ്റ് ആയിരിക്കും.

മാര്‍ക്ക് : ശരിയുത്തരത്തിന് അഞ്ചുമാര്‍ക്ക് വീതം ലഭിക്കും. ഉത്തരം തെറ്റിയാല്‍ ഒരുമാര്‍ക്ക് വീതം നഷ്ടപ്പെടും.

മലയാളത്തിലും ചോദ്യക്കടലാസ് : ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഉള്‍പ്പെടെ മൊത്തം 13 ഭാഷകളില്‍ ചോദ്യക്കടലാസ് ലഭ്യമാക്കും.

കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങള്‍: ഇടുക്കി, കണ്ണൂര്‍, കാസര്‍കോട്, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, പത്തനംതിട്ട, തിരുവനന്തപുരം, തൃശ്ശൂര്‍, വയനാട്, പയ്യന്നൂര്‍, ആലപ്പുഴ, ചെങ്ങന്നൂര്‍, എറണാകുളം, മൂവാറ്റുപുഴ.

 

Be the first to comment

Leave a Reply

Your email address will not be published.


*