നായകനായി ലോകേഷ് കനകരാജ്, സംവിധാനം അരുൺ മാതേശ്വരൻ; ചിത്രം ഉടൻ

കോളിവുഡിലെ സക്സസ് സംവിധായകരുടെ ലിസ്റ്റിൽ ആദ്യ സ്ഥാനത്ത് തന്നെയുണ്ടാകും ലോകേഷ് കനകരാജിന്റെ പേര്. രജനികാന്തിനെ നായകനാക്കി ഒരുക്കുന്ന കൂലിയുടെ തിരക്കുകളിലാണിപ്പോൾ ലോകേഷ്. തന്റെ ചില സിനിമകളിൽ അദ്ദേഹം മുഖം കാണിച്ചിട്ടുമുണ്ട്. ഇപ്പോൾ ലോകേഷ് കനകരാജ് നായകനായി അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്നു എന്ന റിപ്പോർട്ടുകളാണ് വരുന്നത്. ക്യാപ്റ്റൻ മില്ലർ ഒരുക്കിയ അരുൺ മാതേശ്വരൻ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിൽ ലോകേഷ് നായകനാകുമെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.

ധനുഷിനെ നായകനാക്കി ഇളയരാജയുടെ ബയോപിക്കായിരുന്നു അരുൺ ചെയ്യാനിരുന്നത്. എന്നാൽ ആ പ്രൊജക്റ്റ് നീണ്ടുപോയ സാഹചര്യത്തിൽ ലോകേഷിനെ നായകനാക്കി അരുൺ അടുത്ത ചിത്രം സംവിധാനം ചെയ്യാൻ ഒരുങ്ങുന്നത്. മുൻപ് ഇനിമേൽ എന്ന മ്യൂസിക് വിഡിയോയിൽ ലോകേഷ് കനകരാജ് പ്രധാന വേഷത്തിലെത്തിയിരുന്നു.

ശ്രുതി ഹാസൻ ആയിരുന്നു ലോകേഷിന്റെ നായികയായെത്തിയത്. വിഡിയോയ്ക്ക് സംഗീതം പകരുന്നതും ശ്രുതി തന്നെയാണ്. കമല്‍ ഹാസനായിരുന്നു ഗാനത്തിന് വരികൾ ഒരുക്കിയത്. അതേസമയം ഓഗസ്റ്റ് 14 നാണ് കൂലി തിയറ്ററുകളിലെത്തുന്നത്. രജനികാന്തും ലോകേഷ് കനകരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് കൂലി.

സൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരനാണ് കൂലിയുടെ നിർമാണം. നാഗാർജുന അക്കിനേനി, ഉപേന്ദ്ര, സത്യരാജ്, സൗബിൻ ഷാഹിര്‍, ശ്രുതി ഹാസൻ, റെബ മോണിക്ക ജോൺ എന്നിവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനിരുദ്ധ് രവിചന്ദർ ആണ് കൂലിയുടെ സംഗീത സംവിധാനം. ഗിരീഷ് ഗംഗാധരന്‍ ആണ് കാമറ കൈകാര്യം ചെയ്യുന്നത്.

 

Be the first to comment

Leave a Reply

Your email address will not be published.


*