
തിരുവനന്തപുരം: ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന് അമേരിക്കയിലെ പ്രശസ്തമായ ജോണ്‍സ് ഹോപ്‌കിന്‍സ് സര്‍വകലാശാലയില്‍ പ്രഭാഷണം നടത്തുന്നതിനു കേന്ദ്ര സര്‍ക്കാര്‍ അനുമതി നിഷേധിച്ചു. സര്‍വകലാശാല പ്രഭാഷണത്തിന് മന്ത്രിയെ ക്ഷണിച്ചിരുന്നുവെന്നും എന്നാല്‍ കേന്ദ്രം അനുമതി നല്‍കിയില്ലെന്നും മന്ത്രിയുടെ ഓഫീസിൽ നിന്നുള്ള വാർത്താക്കുറിപ്പിൽ പറയുന്നു. മൂന്നാഴ്‌ച മുമ്പാണ് അനുമതി തേടിയത്. എന്നാല്‍ മൂന്ന് ദിവസം മുമ്പാണ് അനുമതി നിഷേധിച്ചുകൊണ്ടുള്ള അറിയിപ്പ് വന്നത്.
മന്ത്രിയുടെ യാത്രയ്ക്കായുള്ള രാഷ്ട്രീയാനുമതിയാണ് കേന്ദ്രം നിഷേധിച്ചതെന്നും വാർത്താ കുറിപ്പിൽ വിശദീകരിക്കുന്നു. സർവകലാശാലയിൽ ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ടു നടക്കുന്ന കോൺഫറൻസിന്‍റെ ഭാഗമായിട്ടായിരുന്നു പ്രഭാഷണത്തിനുള്ള ക്ഷണം.
ജോൺസ് ഹോപ്‌കിൻസ് സർവകലാശാല
ജെ.എച്ച്.യു, ഹോപ്‌കിന്‍സ് എന്നീ പേരുകളിലും അറിയപ്പെടുന്ന അമേരിക്കൻ സ്വകാര്യ സർവകലാശാലയാണ് ജോൺസ് ഹോപ്‌കിൻസ് സർവകലാശാല. 1876ല്‍ മെരിലാന്‍റ് ബാള്‍ട്ടിമോറിലാണ് സർവകലാശാല സ്ഥാപിക്കപ്പെട്ടത്. ഗവേഷണവും പഠനവും ഒരുമിച്ചു കൊണ്ടുപോവുകയെന്ന ലക്ഷ്യത്തിനായി സ്ഥാപിച്ച സര്‍വകലാശാല അമേരിക്കയില്‍ ഉന്നത വിദ്യാഭ്യാസരംഗത്ത് വലിയ മാറ്റമാണ് ഉണ്ടാക്കിയത്.
Be the first to comment